Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിച്ചാൽ കിട്ടില്ല മക്കളേ... 3 ലക്ഷം പിന്നിട്ട് പുത്തൻ ഡിസയർ വിൽപ്പന

maruti-suzuki-swift-dezire-2017

കോംപാക്ട് സെഡാനായ ഡിസയറിന്റെ പുത്തൻ പതിപ്പിന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന മൂന്നു ലക്ഷത്തിലെത്തിയതായി നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2017 മേയിൽ നിരത്തിലെത്തിയ ഡിസയർ 17 മാസത്തിനകമാണ് ഈ നേട്ടം കൈവരിച്ചതെന്നും കമ്പനി അറിയിച്ചു. 

മൊത്തം വിൽപ്പനയിൽ 25 ശതമാനത്തോളം മുന്തിയ വകഭേദങ്ങളുടെ സംഭാവനയാണെന്നും മാരുതി സുസുക്കി വെളിപ്പെടുത്തി; 20 ശതമാനത്തിലേറെ ഉടമകൾ ഓട്ടമാറ്റിക് വകഭേദമാണു തിരഞ്ഞെടുത്തത്. യഥാർഥ സെഡാൻ ശൈലിയിലുള്ള രൂപകൽപ്പനയും കാഴ്ചപ്പകിട്ടും ഡ്രൈവിങ് സുഖവും മികച്ച സീറ്റുകളുമൊക്കെയാണു ‘ഡിസയറി’നു മികച്ച വിൽപ്പന നേടിക്കൊടുക്കുന്നതെന്നും മാരുതി സുസുക്കി വിലയിരുത്തുന്നു.

സെഡാനു യോജിച്ച രൂപകൽപ്പനയും സ്ഥലസൗകര്യമുള്ള അകത്തളവും മികച്ച യാത്രാസുഖവും ആധുനിക സുരക്ഷാ സംവിധാനങ്ങളുമൊക്കെയായാണു പുത്തൻ ‘ഡിസയറി’നെ പടയ്ക്കിറക്കിയതെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. ഉപയോക്താക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചതോടെ മുൻതലമുറയെ അപേക്ഷിച്ച് വിൽപ്പനയിൽ 28% വർധന കൈവരിക്കാനും പുതിയ ‘ഡിസയറി’നു സാധിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പ്ൾ കാർ പ്ലേയ്ക്കും സഹിതമുള്ള സ്മാർട്പ്ലേ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവും പുതിയ ‘ഡിസയറി’ലുണ്ട്.