എയർബാഗും എബിഎസും നിർ‌ബന്ധമാക്കുന്നു

Representative Image

കാറുകളിൽ എയർബാഗും, എബിഎസും സ്പീഡ് വാണിങ് സിസ്റ്റവും നിർബന്ധമാക്കുന്നു. രാജ്യത്തു വർധിച്ചു വരുന്ന റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാകും ഇതു നടപ്പിലാക്കുക. 2018 ഓക്ടോബർ മുതൽ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കാണ് ഈ സുരക്ഷ മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം അപകടനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കാറുകളിൽ എയർബാഗും എബിഎസും ഇല്ലാത്തതാണു മരണസംഖ്യ കൂട്ടുന്നത്. അതുകൊണ്ടു തന്നെ അപകടങ്ങളിൽ പെട്ട് മരിക്കുന്നവരുടേയും ഗുരുതരമായി പരിക്കേൽക്കുന്നവരുടേയും എണ്ണം ഇവ നിർബന്ധമാക്കുന്നതിലൂടെ കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.

ഇതു സംബന്ധിച്ച ഉത്തരവ് റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവേ മന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നാണ് അറിയുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നതോടെ വാഹനങ്ങളുടെ വില 10 മുതൽ 15 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കണക്കാക്കപ്പെടുന്നു. നേരത്തെ ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ വാഹനങ്ങൾ മിക്കതും സുരക്ഷിതമല്ലെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നു സർക്കാരിനും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാന്യുഫാക്ചറേഴ്സിനും എൻസിഎപി കത്തയച്ചിരുന്നു.

നിലവിൽ‌ ഫോക്സ‌്‌വാഗൻ, ടൊയോട്ട തുടങ്ങിയ നിർമാതാക്കൾ തങ്ങളുടെ വാഹനങ്ങളുടെ എല്ലാ മോഡലുകൾക്കും എയർബാഗും എബിഎസും നൽകുന്നുണ്ട്. കൂടാതെ ഗ്ലോബൽ എൻസിഎപിയുടെ മാതൃകയിൽ ഇന്ത്യയിലും വാഹനങ്ങൾക്കു ക്രാഷ് ടെസ്റ്റ് ഏർപ്പെടുത്താനും സർ‌ക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.

ക്രാഷ് ടെസ്റ്റിലേയ്ക്കു മാത്രം ഒതുക്കാതെ വാഹനത്തിന്റെ സമഗ്ര സുരക്ഷ പരിശോധിക്കാൻ ഉതകുന്നതായിരിക്കും ഭാരത് എൻസിഎപി സുരക്ഷാ നിലവാരം എന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഇരുചക്രവാഹനങ്ങളും മുചക്രവാഹനങ്ങളും ഉപയോഗിക്കുന്നവർ ധാരാളമുള്ളതുകൊണ്ട് ഇവയെയും പ്രോഗ്രാമിന്റെ കീഴിൽ കൊണ്ടുവരും എന്നാണ് അറിയുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളിലെ എൻസിഎപികൾ ക്രാഷ് ടെസ്റ്റുകൾ നടത്തുന്നത് 64 കിലോമീറ്റർ വേഗതയിലാണെങ്കിൽ ഇന്ത്യയിലെ ക്രാഷ് ടെസ്റ്റ് 56 കിലോമീറ്റർ വേഗതയിലായിരിക്കും നടത്തുക.