എത്തുന്നു അപ്രീലിയുടെ ചെറു സ്കൂട്ടർ

ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാൻ ഇറ്റലിയിൽ നിന്നുള്ള പിയാജിയൊ ഗ്രൂപ് ‘ഏപ്രിലിയ’ ശ്രേണി അവതരിപ്പിക്കുന്നു. ബൈക്കിന്റെ സവിശേഷതകളുള്ള സ്കൂട്ടർ എന്ന വിശേഷണം പേറുന്ന ‘എസ് ആർ 150’ അടുത്ത മാസം വിൽപ്പനയ്ക്കെത്തും. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 65,000 രൂപയ്ക്കാവും ‘ഏപ്രിലിയ എസ് ആർ 150’ വിൽപ്പനയ്ക്കെത്തുക. ആഗോളതലത്തിൽ തന്നെ സ്കൂട്ടറിനുള്ള വമ്പൻ വിപണികളിൽ ഒന്നാണ് ഇന്ത്യ; 2015ൽ 50 ലക്ഷത്തോളം സ്കൂട്ടറുകളാണ് ഇന്ത്യയിൽ വിറ്റത്. പോരെങ്കിൽ കഴിഞ്ഞ ജനുവരി — ജൂൺ കാലത്തെ സ്കൂട്ടർ വിൽപ്പന, 2015ന്റെ ആദ്യ ആറു മാസക്കാലത്തെ അപേക്ഷിച്ച് 20% വളർച്ചയും രേഖപ്പെടുത്തിയിരുന്നു. സ്കൂട്ടറിന്റെ അനായാസതയ്ക്കൊപ്പം സ്പോർട്സ് ബൈക്കിന്റെ പ്രതീതി സൃഷ്ടിക്കുന്ന ക്രോസോവറായ ‘എസ് ആർ 150’ പ്രതിഫലിപ്പിക്കുക ഏപ്രിലിയയുടെ പ്രൗഢപാരമ്പര്യമാണ്. രൂപകൽപ്പനയും എൻജിനീയറിങ്ങുമൊക്കെ ഇറ്റലിയിൽ നിർവഹിച്ച സ്കൂട്ടറിന്റെ നിർമാണം മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയൊ ഇന്ത്യ ശാലയിലാവും.

വാണിജ്യവാഹന വിഭാഗത്തിൽ ‘ആപെ’ വിജയം കൊയ്യുകയും പ്രമീയം വിഭാഗത്തിൽ ‘വെസ്പ’ വിജയകരമായി ഇടംപിടിക്കുകും ചെയ്ത സാഹചര്യത്തിലാണ് ‘ഏപ്രിലിയ എസ് ആർ 150’ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതെന്ന് പിയാജിയൊ ഗ്രൂപ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോബർട്ടൊ കൊളാനിന്നൊ അറിയിച്ചു. ഇതുവരെ രാജ്യത്ത് അവതരിപ്പിച്ച മോഡലുകൾക്കെല്ലാം മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് പിയാജിയൊ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് (പി വി പി എൽ) മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സ്റ്റെഫാനൊ പെല്ലി അഭിപ്രായപ്പെട്ടു. രാജ്യമെങ്ങും സാന്നിധ്യം ശക്തമാക്കുകയാണ് ‘ഏപ്രിലിയ എസ് ആർ 150’ അവതരണത്തിലൂടെ പിയാജിയൊ ലക്ഷ്യമിടുന്നത്. ഏപ്രിലിയയുടെ സ്പോർടി സ്വഭാവവും ആകർഷക രൂപകൽപ്പനയുമൊക്കെ സമന്വയിക്കുന്ന ‘എസ് ആർ 150’ ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ പുതിയ വിഭാഗത്തിനു തന്നെ തുടക്കമിടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മോട്ടോ ജി പി ചാംപ്യൻഷിപ്പുകളിൽ മത്സരിക്കുന്ന ഏപ്രിലിയ റേസിങ് ബൈക്കുകളിൽ കാണുന്നതു പോലുള്ള അഞ്ചു സ്പോക്ക്, 14 ഇഞ്ച് വീലുകളാണ് ‘എസ് ആർ 150’ സ്കൂട്ടറിലെ പ്രധാന സവിശേഷത. 150 സി സി, സിംഗിൾ സിലിണ്ടർ, നാലു സ്ട്രോക്ക് എൻജിനാവും സ്കൂട്ടറിനു കരുത്തേകുക. സ്കൂട്ടറിനുള്ള ബുക്കിങ്ങുകൾ വൈകാതെ പിയാജിയൊ ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങുമെന്നാണു സൂചന. പിയാജിയൊ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ പി വി പി എൽ 1999ലാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. ത്രിചക്ര വാഹന ബ്രാൻഡായ ‘ആപെ’യാണു കമ്പനി ആദ്യം അവതരിപ്പിച്ചത്. തുടർന്നു 2012 ഏപ്രിലോടെ ‘വെസ്പ’സ്കൂട്ടറും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള ശാലയിലാണു പിയാജിയൊ ത്രിചക്ര, നാലു ചക്ര വാണിജ്യ വാഹനങ്ങൾക്കൊപ്പം ‘വെസ്പ’ ശ്രേണിയിലെ സ്കൂട്ടറുകളും ഉൽപ്പാദിപ്പിക്കുന്നത്. ‘ഏപ്രിലിയ’യ്ക്കു പുറമെ മോട്ടോ ഗുജി ബ്രാൻഡിലെ മോഡലുകളും കമ്പനി വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.