വൈദ്യുത ‘ക്യു ഫൈവ്’ അവതരിപ്പിക്കാനൊരുങ്ങി ഔഡി

Audi Q 5

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ക്യു ഫൈവി’ന്റെ വൈദ്യുത വകഭേദം അവതരിപ്പിക്കാൻ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഒരുങ്ങുന്നു. മെക്സിക്കോയിലെ പുതിയ ശാലയിൽ നിന്നാവും ബാറ്ററിയിൽ ഓടുന്ന ‘ക്യു ഫൈവ്’ പുറത്തിറങ്ങുകയെന്നാണു സൂചന.

മെക്സിക്കോയിൽ 130 കോടി ഡോളർ(ഏകദേശം 8740.55 കോടി രൂപ) ചെലവിൽ സ്ഥാപിച്ച പുതിയ ഫാക്ടറിയുടെ ഉദ്ഘാടനം സെപ്റ്റംബർ 30നാണു നിശ്ചയിച്ചിരിക്കുന്നത്. മെക്സിക്കോയിലെ ഈ ശാലയെ ഭാവിയിൽ ആഗോളതലത്തിൽതന്നെ ‘ക്യു ഫൈവി’ന്റെ പ്രധാന ഉൽപ്പാദകേന്ദ്രമാക്കി മാറ്റാനാണു നീക്കം.

മധ്യ മെക്സിക്കോയിലെ സാൻജോസ് ചിയാപയിലെ ശാല തുടക്കത്തിൽ പെട്രോൾ(ഗ്യാസൊലിൻ) എൻജിനുള്ള ‘ക്യു ഫൈവ്’ ആണ് ഉൽപ്പാദിപ്പിക്കുക. തുടർന്ന് എസ് യു വിയുടെ വൈദ്യുത വകഭേദവും പുറത്തിറക്കാനാണു പദ്ധതി. ബാറ്ററിയിൽ ഓടുന്ന ‘ക്യു ഫൈവ്’ ഉൽപ്പാദനത്തിനുള്ള പരിശീലനത്തിനും ഔഡി തുടക്കമിട്ടിട്ടുണ്ടെന്നാണു സൂചന. എന്നാൽ എപ്പോഴാവും വൈദ്യുത ‘ക്യു ഫൈവ്’ നിരത്തിലിറങ്ങുകയെന്നു വ്യക്തമല്ല.

ആഗോളതലത്തിൽ തന്നെ ഔഡിക്ക് ഏറ്റവുമധികം വിൽപ്പന നേടിക്കൊടുക്കുന്ന മോഡലുകളിൽ ഒന്നാണു ‘ക്യു ഫൈവ്’. മെക്സിക്കോയിലെ പുതിയ നിർമാണശാലയ്ക്കാവട്ടെ പ്രതിവർഷം 1.50 ലക്ഷം കാറുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാവും.