എ ആർ എ ഐ പരിശോധന: ‘ക്യു ഫൈവ്’ തോറ്റു

ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാതെ പോയതോടെ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ലക്ഷ്വറി കാർ നിർമാതാക്കളായ ഔഡി എ ജി ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ക്യു ഫൈവി’ന്റെ വിൽപ്പന താൽക്കാലികമായി നിർത്തി. ഡീസൽ എൻജിനുള്ള ‘ക്യു ഫൈവി’ൽ നിന്നുള്ള പുകയിൽ നൈട്രജൻ ഓക്സൈഡി(എൻ ഒ എക്സ്)ന്റെ അളവ് അനുവദനീയ പരിധിയിൽ കൂടുതലാണെന്നാണ് ഓട്ടമൊബീൽ റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യുടെ കണ്ടെത്തൽ. കൂളന്റ് സംവിധാനത്തിൽ വായു കുടുങ്ങുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നാണു വിലയിരുത്തൽ. ഇതോടെ രാജ്യത്തെ ഡീലർഷിപ്പുകളിൽ നിന്ന് ‘ക്യു ഫൈവ്’ താൽക്കാലികമായി പിൻവലിക്കാൻ ഔഡി നിർബന്ധിതരാവുകയായിരുന്നു.

‘ക്യു ഫൈവി’ൽ നിന്നു കൂടുതൽ നൈട്രജൻ ഓക്സൈഡ് മലിനീകരണമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് ഔഡി ഇന്ത്യ അറിയിച്ചു. പരിഹാര നിർദേശങ്ങൾ എ ആർ എ ഐയുടെ പരിഗണനയിലാണെന്നും കമ്പനി വെളിപ്പെടുത്തി. ആവശ്യമായ പരിഹാര നടപടികൾ സ്വീകരിച്ച ശേഷമുള്ള പരിശോധനയിൽ കാറിൽ നിന്നുള്ളനൈട്രൻ ഓക്സൈഡ് മലിനീകരണം അനുവദനീയ പരിധിയിലാണെന്നും കമ്പനി അവകാശപ്പെട്ടു. നവരാത്രി — ദീപാവലി ആഘോഷത്തിനു തയാറെടുക്കുന്ന ഇന്ത്യൻ വിപണിയിൽ എസ് യു വിയായ ‘ക്യു ഫൈവ്’ താൽക്കാലികമായി പിൻവലിക്കേണ്ടി വന്നത് ഔഡിക്കു കനത്ത തിരിച്ചടിയാണ്. എതിരാളികളായ മെഴ്സീഡിസ് ബെൻസും മറ്റും പുതിയ എസ് യു വി അവതരിപ്പിച്ച സാഹചര്യത്തിലാണ് ‘ക്യു ഫൈവി’ന്റെ അസാന്നിധ്യം എന്നതും ഔഡിക്കു കൂടുതൽ തലവേദന സൃഷ്ടിക്കും. 

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലിനെ തുടർന്നു ഫോക്സ്‌വാഗൻ ഗ്രൂപ് കടുത്ത പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു ഡീസൽ എൻജിനുകളിൽ ‘പുകമറ സോഫ്റ്റ്വെയർ’ പ്രയോഗിച്ച കാര്യം കമ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലും ഔഡി, സ്കോഡ, ഫോക്സ്‌വാഗൻ ബ്രാൻഡുകളിലായി 3,23,700 വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള നടപടികളും നിലവിൽ പുരോഗതിയിലാണ്. ‘ഡീസൽഗേറ്റ്’ വിവാദത്തെ തുടർന്ന് ആഗോളതലത്തിൽ 1.10 കോടിയോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. വിവിധ രാജ്യങ്ങളിൽ തുടരുന്ന നിയമയുദ്ധങ്ങൾക്കൊടുവിൽ നേരിടാവുന്ന ശതകോടിക്കണക്കിന്റെ നഷ്ടപരിഹാര ബാധ്യതയും കമ്പനിക്കു കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.