നാനോ വരുന്നു, ഓട്ടമാറ്റിക്കായി

നാനോ മാറ്റങ്ങളുടെ പൂർണതയിലെത്തി. ഓട്ടമാറ്റിക് ഗീയർ ബോക്സ്, തുറക്കാവുന്ന ഡിക്കി. പിന്നെ കുറെയധികം കാലികമായ മാറ്റങ്ങളും. നാനോ ഇറങ്ങും മുമ്പേ കട്ടേതാണ് ഓട്ടമാറ്റിക് ഗീയർ ബോക്സിനെപ്പറ്റി. തെല്ലു വൈകിയെങ്കിലും ഇപ്പോഴിതാ ഏറ്റവും ആധുനികവും ഇന്ധനക്ഷമതയുമുള്ള ഓട്ടമാറ്റിക് മാനുവൽ ഗീയർബോക്സുമായാണ് നാനോയുടെ വരവ്.

സ്വാഗതാർഹമായ മാറ്റങ്ങൾ അകത്തും പുറത്തും ധാരാളമുണ്ട്. മുന്നിൽ വന്ന മാറ്റം പുതിയ ബമ്പർ, ഹെഡ്ലാംപ്, ഗ്രില്ലെന്നു സൂചിപ്പിക്കാവുന്ന ചെറിയൊരു പ്ലാസ്റ്റിക് സ്ട്രിപ്. ഫോഗ് ലാംപും സ്മോക്ക്ഡ് ഹെഡ്ലാംപുകളും നാനോയ്ക്കു മുൻകാഴ്ചയിൽ നല്ലൊരു പുതുമ നൽകുന്നു. പിന്നിലെ മുഖ്യമാറ്റം തുറക്കാവുന്ന ഡിക്കി തന്നെ. ഡിക്കി തുറന്നാൽ അത്യാവശ്യം നല്ല ഇടവുമുണ്ട്. പണ്ടേ ചെയ്യാമായിരുന്ന ഈ മാറ്റം ടാറ്റ ഇത്രനാൾ അടച്ചു വച്ചതെന്തിനോ?

പിൻ ബംപറുകൾ, പിന്നിലേക്കുമെത്തിയ ഫോഗ് ലാംപ്, ഇൻഫിനിറ്റി ഗ്രിൽ എന്നു വിശേഷിപ്പിക്കുന്ന എൻജിൻ ഗ്രിൽ എന്നിവയൊക്കെ പ്രത്യേകതകൾ. പുതിയ ഗ്രിൽ നാനോയ്ക്ക് തെല്ലൊരു അപ് മാർക്കറ്റ് രൂപം നൽകുന്നു. പഴയ പിൻഗ്രില്ലിനു തീരെ സ്റ്റൈലിങ് പോരാ എന്നു കരുതിയവർക്കുള്ള മറുപടി. ഉള്ളിലെ ഫിനിഷിങ് നന്നായി മെച്ചപ്പെട്ടു.

പ്ലാസ്റ്റിക് നിലവാരം മെച്ചപ്പെട്ടതിനു പുറമെ ഒന്നാന്തരം ഫിനിഷുള്ള ഈസി ഷിഫ്റ്റ് ഗിയർനോബും സെസ്റ്റിലും മറ്റും ഇതുവരെ കാണപ്പെട്ടിരുന്ന മേൽത്തരം സ്റ്റീയറിങ് വീലും കാരണങ്ങളാണ്. ഫാബ്രിക് നിലവാരവും സീറ്റുകളുടെ രൂപകൽപയും പരിഷ്കാരങ്ങൾക്കു വിധേയമായി. ബൂട്ട് പരിഷ്കരിച്ചതോടെ എ എം ടി ട്രാൻസ്മിഷനുള്ള കാറിന്റെ സംഭരണ ശേഷി 94 ലീറ്ററാവും; മാനുവൽ ട്രാൻസ്മിഷനുള്ള മോഡലുകളിൽ സംഭരണ ശേഷി110 ലീറ്ററാവും.

‍ എൻജിനു പക്ഷേ മാറ്റമില്ല;പരമാവധി 38 ബി എച്ച് പി കരുത്ത്സൃഷ്ടിക്കുന്ന, 624 സി സി, രണ്ടു സിലിണ്ടർ പെട്രോൾ എൻജിനൊപ്പമുള്ളത് നാലു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്. എന്നാൽ ട്യൂണിങ് പരിഷ്കാരം വഴി പുതിയ കാർ ലീറ്ററിന് 21.90 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്. ഓട്ടമാറ്റിക് മോഡലുകളിൽ മാരുതി സെലേറിയോ, ഓൾട്ടൊ, ടാറ്റ സെസ്റ്റ് എന്നീ കാറുകളിൽ ഇതിനകം കഴിവു തെളിയിച്ചു കഴിഞ്ഞ അതേ മാഗ്നറ്റി മരേല്ലി മാനുവൽ ഓട്ടമാറ്റിക് സംവിധാനം തന്നെ.

മുൻ മോഡലുകളിൽ പെട്രോൾ ടാങ്കിന്റെ സംഭരണശേഷി 15 ലീറ്ററായിരുന്നത് ജെൻ എക്സ് നാനോയിൽ 24 ലീറ്ററായായി. പവർ സ്റ്റീയറിങ്, എയർകണ്ടീഷനർ, സെൻട്രൽ ഓട്ടമാറ്റിക് ലോക്കിങ്, ഹീറ്റർ, ബ്ലൂടൂത്ത്, ഓക്സിലറി, യു എസ് ബി കണക്ടിവിറ്റിയുള്ള മ്യൂസിക് സിസ്റ്റം തുടങ്ങിയവയും ലഭ്യമാക്കുന്നുണ്ട്. ചെറുകാറായ നാനോയുടെ ജാതകം തിരുത്താൻ ടാറ്റമോട്ടോഴ്സ് അവതരിപ്പിക്കുന്ന പുതുതലമുറ മോഡലായ ജെൻഎക്സ് നാനോയുടെ അരങ്ങേറ്റം19ന്.

നിലവിൽ 5,000 രൂപ അഡ്വാൻസ് ഈടാക്കി ടാറ്റ ഡീലർഷിപ്പുകൾ ജെൻ എക്സ് നാനോയ്ക്കുള്ള ബുക്കിങ്ങുകൾ സ്വീകരിക്കുന്നുണ്ട്.കൂടാതെ നിലവിലുള്ള നാനോ ഉടമകൾക്കായി പവർഓഫ് വൺ പ്ലസ് വൺ എന്നു പേരിട്ട പ്രത്യേക എക്സ്ചേഞ്ച് പദ്ധതിയും പ്രാബല്യത്തിലുണ്ട്.നിലവിലുള്ള നാനോ ഉടമകൾ പഴയ കാർ നൽകി ജെൻ എക്സ് നാനോ വാങ്ങുമ്പോൾ എക്സ്ചേഞ്ച് ബോണസായി 20,000 രൂപയാണു ടാറ്റമോട്ടോഴ്സിന്റെ വാഗ്ദാനം.

കൂടാതെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പരിചയപ്പെടുത്തി നാനോ ഉടമകളാക്കി മാറ്റിയാൽ 5,000 രൂപ വീതം നേടാനും ടാറ്റ മോട്ടോഴ്സ് അവസരമൊരുക്കുന്നു. നാലു വകഭേദങ്ങളിലാവും ലഭ്യമാവുക: എക്സ് ഇ, എക്സ് എം, എക്സ് ടി, എക്സ് ടി എ(എ എം ടി). വില പ്രഖ്യാപനം അടുത്ത വാരം ഉണ്ടായേക്കും.