Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബലേനൊ’ നിർമാണം ഗുജറാത്തിലേക്ക്

suzuki-baleno

പുതിയ മോഡലുകൾക്കുള്ള വർധിച്ച ആവശ്യം നിറവേറ്റാൻ ജാപ്പനീസ് നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ഗുജറാത്ത് ശാലയെ ആശ്രയിക്കാനൊരുങ്ങുന്നു. അടുത്ത വർഷം ആദ്യ പാദം മുതൽ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ ഉൽപ്പാദനം ഹൻസാൽപൂരിലെ പുതിയ ശാലയിലേക്കു മാറ്റാനാണു കമ്പനിയുടെ തയാറെടുപ്പ്. ‘ബലേനൊ’യും പിന്നാലെ കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യും കൊയ്ത വിജയമാണ് മാരുതി സുസുക്കിയുടെ കാർ നിർമാണ പദ്ധതിയാകെ താളം തെറ്റിച്ചത്. ഇരുമോഡലുകളും പ്രതീക്ഷകൾക്കപ്പുറമുള്ള ബുക്കിങ് സ്വന്തമാക്കിയതോടെ വിപണിയുടെ ആവശ്യത്തിനൊത്ത് ‘ബലേനൊ’യും ‘വിറ്റാര ബ്രേസ’യും നിർമിക്കാനാവാതെ വലയുകയാണു മാരുതി സുസുക്കി.

ഹരിയാനയിലെ മനേസാറിലും ഗുരുഗ്രാമിലും(പഴയ ഗുഡ്ഗാവ്) ആണു നിലവിൽ മാരുതി സുസുക്കി നിർമാണശാലകൾ പ്രവർത്തിക്കുന്നത്. മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷൻ അഹമ്മദബാദിനടുത്ത് ഹൻസാൽപൂരിൽ സ്ഥാപിക്കുന്ന പുതിയ ശാലയുടെ നിർമാണ പ്രവർത്തനങ്ങളാവട്ടെ നിലവിൽ അന്തിമഘട്ടത്തോടടുക്കുകയാണ്. അടുത്ത വർഷത്തോടെ ഗുജറാത്ത് ശാല പ്രവർത്തനക്ഷമമാവുമ്പോൾ ‘ബലേനൊ’, ‘വിറ്റാര ബ്രേസ’ ഉൽപ്പാദനം പൂർണമായി തന്നെ ഈ പ്ലാന്റിലേക്കു മാറ്റാനാണു മാരുതി സുസുക്കിയുടെ ആലോചന. വിപണിക്കു പ്രിയങ്കരമായ കാറുകൾക്കായി ഹൻസാൽപൂരിന്റെ ഉൽപ്പാദനശേഷി പൂർണമായും വിനിയോഗിക്കുന്നതോടെ ഇരുമോഡലുകൾക്കുമുള്ള കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

പോരെങ്കിൽ ‘ബലേനൊ ആർ എസ്’, പുതിയ ‘ഇഗ്നിസ്’, മൂന്നാം തലമുറ ‘സ്വിഫ്റ്റ്’ എന്നിവയുടെ അവതരണത്തിനും മാരുതി സുസുക്കി വരുംവർഷം തയാറെടുക്കുന്നുണ്ട്. ഉൽപ്പാദനത്തിനുള്ള സൗകര്യം ഉറപ്പാക്കാതെ പുതിയ മോഡൽ അവതരണങ്ങളുമായി മുന്നോട്ടു പോകുന്നതു ഗുണത്തിലേറെ ദോഷം ചെയ്യുമെന്ന് മാരുതി സുസുക്കിക്കു വ്യക്തമായ ബോധ്യമുണ്ട്. അതിനാൽ ‘ബലേനൊ’ ഉൽപ്പാദനം ഹൻസാൽപൂരിലേക്കു മാറ്റുന്നതോടെ ഹരിയാനയിലെ ശാലകളിൽ ലഭ്യമാവുന്ന ഉൽപ്പാദനശേഷി പുതിയ മോഡൽ അവതരണങ്ങൾക്കു വിനിയോഗിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. തുറമുഖങ്ങളോടുള്ള സാമീപ്യം പരിഗണിച്ച് ഗുജറാത്ത് ശാലയെ കാർ കയറ്റുമതിക്കുള്ള കേന്ദ്രമായി വികസിപ്പിക്കാനും മാരുതി സുസുക്കിക്കു പദ്ധതിയുണ്ട്.

പുതിയ ശാല പ്രവർത്തനക്ഷമമാവും വരെ നിലവിലുള്ള അസംബ്ലി ലൈനുകളിലെ കുരുക്കഴിച്ച് അധിക ഉൽപ്പാദനം സാധ്യമാക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നു മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി വെളിപ്പെടുത്തിയിരുന്നു. പുതിയ കാർ ലഭിക്കാൻ അനന്തമായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം നാണക്കേടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ ഉൽപ്പാദനശേഷി ഉയർത്തുകയല്ലാതെ മറ്റു മാർഗമില്ലെന്നും കാൽസി അംഗീകരിച്ചിരുന്നു. തുടക്കത്തിൽ പ്രതിമാസം 8,000 ‘ബലേനൊ’യാണു മാരുതി ഉൽപ്പാദിപ്പിച്ചിരുന്നത്; എന്നാൽ വിപണിയുടെ ആവശ്യം ഉയർന്നതോടെ ഉൽപ്പാദനം 12,000 യൂണിറ്റോളമാക്കാൻ കമ്പനി നിർബന്ധിതരായി.