വിപണിയിലെ മിന്നും താരങ്ങൾ

നിരവധി നിർമാതാക്കളും അവരുടെ വിവിധ മോഡലുകളും വാഴുന്ന ഇന്ത്യൻ വാഹന വിപണിയിലെ മിന്നും താരങ്ങൾ ആരൊക്കെയെന്ന് അറിയാമോ? കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് വിപണിയില്‍ ഏറ്റവും അധികം വിൽപ്പ നേടിയ വാഹനങ്ങള്‍ ഏതെന്ന് നോക്കാം.

. ഏറ്റവും അധികം വിൽപ്പന നേടിയ അഞ്ച് പാസഞ്ചർ കാറുകൾ

മാരുതി സുസുക്കി ആൾട്ടോ

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിൽ‌പ്പനയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കാറാണ് ആൾട്ടോ. ഇടയ്ക്ക് സ്വിഫ്റ്റ് ഡിസയർ ഒന്നാം സ്ഥാനം കൈക്കലാക്കിയെങ്കിലും ആൾട്ടോ സ്ഥാനം തിരിച്ചുപിടിച്ചു. 23017 ആൾട്ടോകളാണ് ഓഗസ്റ്റില്‍ ഇന്ത്യയിലാകെമാനം വിറ്റത്. 2014 ആഗസ്റ്റുമായി തരതമ്യം ചെയ്യുമ്പോൾ 6.8 ശതമാനം വളർച്ച.

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

കോംപാക്റ്റ് സെഡാൻ സെഗ്മെന്റിലെ കരുത്തനാണ് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഡിസയർ. ഭംഗിയും കരുത്തും യാത്രസുഖവുമെല്ലാം ഒത്തിണങ്ങിയ ഡിസയറിന്റെ 18718 യൂണിറ്റുകളാണ് ഇന്ത്യയിലാകെമാനം ഓഗസ്റ്റിൽ വിറ്റത്, 2014 ഓഗസ്റ്റിനെ അപേക്ഷിച്ച് 2.1 ശതമാനം കുറവാണ് കഴിഞ്ഞ മാസം ഡിസയറിന്.

മാരുതി സുസുക്കി സ്വിഫ്റ്റ്

പ്രീമിയം ഹാച്ചബാക്കായ സ്വിഫ്റ്റ് ഇടത്തരക്കാരുടെ ഇഷ്ടവാഹനമാണ്. സെഗ്മെന്റിലേയ്ക്ക് മറ്റ് പലവാഹനങ്ങളും കടന്നുവരുന്നുണ്ടെങ്കിലും മാരുതി സ്വിഫ്റ്റിന്റെ സ്ഥാനത്തിന് ഇതുവരെ ഇളക്കം സംഭവിച്ചിട്ടില്ല. 16811 സ്വിഫ്റ്റുകളാണ് ഇന്ത്യയിൽ ആകെമാനം ഓഗസ്റ്റിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.1 ശതമാനമാണ് വിൽപ്പന കുറഞ്ഞത്.

മാരുതി സുസുക്കി വാഗൺ ആർ

വിൽപ്പന ചാർട്ടിലെ ടോപ്പ് 5 ലെ സ്ഥിരം സാന്നിധ്യമാണ് വാഗൺ ആർ. 1999 ൽ പുറത്തിറങ്ങിയ വാഗൺ ആറിന് 2003 ലും 2006 ലും 2010 ലും കാതലായ മാറ്റങ്ങൾ സംഭവിച്ചാണ് ഇന്ന് കാണുന്ന രൂപത്തിലാകുന്നത്. 14648 വഗൺ ആറുകളാണ് കഴിഞ്ഞ മാസം മാത്രം ഇന്ത്യയിലാകെ വിറ്റത്.

ഹ്യുണ്ടായ് എലൈറ്റ് ഐ20

പ്രീമിയം ഹാച്ച് സെഗ്മെന്റിലേയ്ക്ക് ഹ്യുണ്ടായ് 2008 ൽ പുറത്തിറക്കിയ ഐ20 യുടെ പുതിയ വകഭേദമാണ് എലൈറ്റ് ഐ20. മികച്ച സ്റ്റൈലും ഫീച്ചറുകളുമായി എത്തിയ ഐ20 എലൈറ്റിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓഗസ്റ്റിൽ മാത്രം 10662 എലൈറ്റ് ഐ20 കളാണ് ഇന്ത്യയിൽ വിറ്റുപോയത്.

. ഏറ്റവും അധികം വിൽപ്പന നേടിയ ബൈക്കുകൾ

കഴിഞ്ഞ രണ്ട് വർഷങ്ങളില്‍ വാഹനലോകം തളർച്ചയിലായിരുന്നപ്പോഴും വിൽപ്പനയുടെ കാര്യത്തിൽ വളർച്ച നേടിയ സെഗ്മെന്റായിരുന്നു ഇരുചക്രവാഹന സെഗ്മെന്റ് എന്നാൽ ഇത്തവണ സ്ഥതി അൽപം പരുങ്ങലിലാണ് 2.83 ശതമാനം വിൽപ്പനക്കുറവാണ് 2014 ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തിൽ കമ്പനികൾ നേരിട്ടത്.

ഹോണ്ട ആക്ടീവ

ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള ഇരുചക്രവാഹനം എന്ന സ്ഥാനം ആക്ടീവ സ്വന്തമാക്കിയിട്ട് മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ചു മാസത്തിനിടെ 10 ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പന കൈവരിച്ച ആക്ടീവയുടെ ഓഗസ്റ്റ് മാസത്തെ മാത്രം വിൽപ്പന 217819 യൂണിറ്റുകളാണ്. 2001ൽ ഇന്ത്യയിലെ സ്കൂട്ടർ വിപണിയെ പുനഃസൃഷ്ടിച്ചതു മുതൽ തകർപ്പൻ മുന്നേറ്റമാണ് ‘ആക്ടീവ’ കൈവരിക്കുന്നത്.

ഹീറോ സ്പ്ലെന്‍ഡർ

വർഷങ്ങളോളം വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ നമ്പർ വൺ ആയിരുന്നു സ്പ്ലെൻഡർ. ആക്ടീവ ഒന്നാം സ്ഥാനം കൈയ്യടക്കിയെങ്കിലും വിൽപ്പനയിൽ അധികം പിറകിലൊന്നുമല്ല ഈ എൻട്രി ലെവൽ കമ്യൂട്ടർ. കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം 181993 സ്പ്ലെൻഡറുകളാണ് ഇന്ത്യയിൽ വിറ്റത്.

ഹീറോ പാഷൻ

ഹീറോയുടെ ജനപ്രിയ ബൈക്കാണ് പാഷൻ. പുറത്തിറങ്ങിയ കാലം തൊട്ട് ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുള്ള പാഷന്റെ 81529 യൂണിറ്റുകളാണ് ഓഗസ്റ്റിൽ മാത്രം വിറ്റത്.

ഹീറോ എച്ച് എഫ് ഡിലക്സ്

എൻട്രി ലെവൽ ക്യൂട്ടർ സെഗ്മെന്റിലെ കരുത്തുറ്റ താരമാണ് എച്ച് എഫ് ഡിലക്സ്. കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം 80871 എച്ച് എഫ് ഡിലക്സുകളാണ് ഇന്ത്യയിൽ ആകെമാനം വിറ്റത്.

ഹോണ്ട സിബി ഷൈൻ

ഏറ്റവും കൂടുതൽ വിൽപ്പനയുള്ള അഞ്ച് ഇരുചക്രവാഹനങ്ങളുടെ നിരയിലേയ്ക്കുള്ള ഹോണ്ടയുടെ ഏക ബൈക്കാണ് ഷൈൻ. 125 സിസി സെഗ്മെന്റിലേ താരമായ ഷൈനിന്റെ 63590 യൂണിറ്റുകളാണ് ഓഗസ്റ്റിൽ ഇന്ത്യയിൽ ആകെ വിറ്റത്.