രാജ്യത്ത് ഭാരത് സ്റ്റേജ് ആറ് ഇന്ധനവിൽപ്പന 2020 മുതൽ

പരിസ്ഥിതി മലിനീകരണം കുറയ്ക്കാനായി 2020 മുതൽ രാജ്യത്ത് ഭാരത് സ്റ്റേജ് ആറ് (ബി എസ് ആറ്) നിലവാരമുള്ള പെട്രോളും ഡീസലും ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. നിലവിൽ മലിനീകരണ നിയന്ത്രണത്തിൽ യൂറോ മൂന്ന് നിലവാരം പുലർത്തുന്ന ഭാരത് സ്റ്റേജ് മൂന്ന് അഥവാ ബി എസ് മൂന്ന് ഇന്ധനങ്ങളാണു രാജ്യമെങ്ങും വിൽക്കുന്നത്. പ്രധാന നഗരങ്ങളിലാവട്ടെ ഇതിലും നിലവാരമുള്ള ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. വൈകാതെ രാജ്യവ്യാപകമായി തന്നെ ഭാരത് സ്റ്റേജ് നാല് ഇന്ധനങ്ങൾ ലഭ്യമാക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. വൈകാതെ 2020ൽ ഭാരത് സ്റ്റേജ് ആറ് ഇന്ധനം വ്യാപകമാക്കുന്ന രീതിയിലുള്ള, പരിഷ്കരിച്ച വാഹന ഇന്ധന നയവും പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

മലിനീകരണ സാധ്യത കുറഞ്ഞ, ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള പെട്രോളും ഡീസലും 2020നകം ലഭ്യമാക്കാൻ രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾ 80,000 കോടിയോളം രൂപ നിക്ഷേപിക്കേണ്ടി വരും. 2017 ഏപ്രിലോടെ ഭാരത് സ്റ്റേജ് നാല് ഇന്ധനങ്ങൾ രാജ്യവ്യാപമായി ലഭ്യമാക്കാനും 2020 ഏപ്രിൽ ഒന്നിനകം ഭാരത് സ്റ്റേജ് അഞ്ച്(അഥവാ യൂറോ അഞ്ച്) നിലവാരമുള്ള ഇന്ധനം വിൽപ്പനയ്ക്കെത്തിക്കാനുമായിരുന്നു മുൻ പദ്ധതി. എന്നാൽ ഇതിനു പകരം യൂറോ അഞ്ച് ഒഴിവാക്കി, 2020 ഏപ്രിൽ ഒന്നിനു ഭാരത് സ്റ്റേജ് നാലിൽ നിന്ന് നേരിട്ട് ഭാരത് സ്റ്റേജ് ആറിലേക്കു മുന്നേറാനാണ് ശ്രമമെന്നു പ്രധാൻ വിശദീകരിച്ചു.

നിലവിൽ വിപണിയിലുള്ള ഭാരത് സ്റ്റേജ് നാല് ഇന്ധനത്തിൽ സൾഫറിന്റെ അളവ് 50 പാർട്സ് പെർ മില്യൻ(പി പി എം) ആണ്. എന്നാൽ ഭാരത് സ്റ്റേജ് അഞ്ചും ആറും നിലവാരമുള്ള ഇന്ധനത്തിൽ സൾഫറിന്റെ വിഹിതം വെറും 10 പി പി എമ്മായിട്ടാണു കുറയുക. ഭാരത് സ്റ്റേജ് മൂന്നും നാലും നിലവാരമുള്ള ഇന്ധനങ്ങൾ ഉൽപ്പാദിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾ 55,000 കോടിയോളം രൂപ നിക്ഷേപിച്ചിരുന്നു. ഇതിനു പുറമെയാണ് ഭാരത് സ്റ്റേജ് ആറിലേക്കുള്ള മാറ്റത്തിനായി 80,000 കോടി രൂപ മുടക്കേണ്ടി വരിക.

നിലവിൽ പ്രധാന നഗരങ്ങൾക്കു പുറമെ ജമ്മു ആൻഡ് കശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിലും രാജസ്ഥാന്റെയും പടിഞ്ഞാറൻ ഉത്തർ പ്രദേശിന്റെയും ചില ഭാഗങ്ങളിലുമാണ് ബി എസ് നാല് ഇന്ധനം ലഭിക്കുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഭാരത് സ്റ്റേജ് മൂന്ന് ഇന്ധനമാണു വിൽപ്പന. എന്നാൽ അടുത്ത ഏപ്രിൽ ഒന്നു മുതൽ ഗോവ, കേരള, കർണാടകം, തെലങ്കാന, ഒഡീഷ, ദാമൻ — ദിയു,ദാദ്ര നഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ എന്നിവിടങ്ങളിലെല്ലാം ബി എസ് നാല് ഇന്ധനം വിൽപ്പനയ്ക്കെത്തും. 2017 ഏപ്രിൽ ഒന്നു മുതൽ രാജ്യമാകെ തന്നെ ഭാരത് സ്റ്റേജ് നാല് ഇന്ധനത്തിലേക്കുമാറുമെന്നാണു പ്രതീക്ഷ.