പുതുമകൾക്കൊപ്പം ആകർഷക വിലക്കിഴിവുമായി ഡാറ്റ്സൻ

നവരാത്രി, ദീപാവലി ആഘോഷത്തിന് ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഒരുങ്ങി. ‘ഗോ’യിലും ‘ഗോ പ്ലസി’ലും കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തിയതിനൊപ്പം ആകർഷക വിലക്കിഴിവും ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉത്സവകാലം പ്രമാണിച്ച് ‘ഗോ’, ‘ഗോ പ്ലസ്’ വകഭേദങ്ങളുടെ പുതുക്കിയ ഷോറും വില(ലക്ഷം രൂപയിൽ) ഇപ്രകാരമാണ്:

‘ഗോ’: ഡി — 3.23, എ — 3.49, എ ഇ പി എസ് — 3.64, എൻ എക്സ് ടി — 3.89, ടി — 3.84, ടി (ഒ) — 4.04.

‘ഗോ പ്ലസ്’: ഡി — 3.79, എ — 3.99, എ ഇ പി എസ് — 4.25, ടി — 4.56, ടി (ഒ) — 4.76.

ആദ്യ വർഷം സൗജന്യ ഇൻഷുറൻസിനൊപ്പം പ്രതിവർഷം 8.99% പലിശ നിരക്കിൽ വാഹന വായ്പയും ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാസം 31നകം ‘ഗോ പ്ലസ്’ ബുക്ക് ചെയ്യുന്നവർക്ക് മൊത്തം കാൽ ലക്ഷത്തോളം രൂപയുടെ ഇളവുകളാണു കമ്പനി ലഭ്യമാക്കുക; ‘ഗോ’യിലെ ഇളവുകളാവട്ടെ 22,000 രൂപയുടേതാണ്. കൂടാതെ ‘ഗോ’യുടെ ‘എ’ വകഭേദത്തിൽ പവർ സ്റ്റീയറിങ്ങും ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

യുവത്വത്തിന്റെ ആവേശം തുളുമ്പുന്നവരെയാണു ഡാറ്റ്സൻ ലക്ഷ്യമിടുന്നതെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അറിയിച്ചു. കാഴ്ചപ്പകിട്ടിനൊപ്പം പ്രായോഗികതയും പണത്തിനൊത്ത മൂല്യവുമാണു ഡാറ്റ്സന്റെ വാഗ്ദാനം. ‘ഇതാണു പുതിയ തലമുറ’ എന്ന പരസ്യങ്ങളിലൂടെ തികഞ്ഞ പാരമ്പര്യവാദികളെ പോലും ‘ഡാറ്റ്സണി’ലേക്ക് ആകർഷിക്കാനാവുമെന്നും അദ്ദേഹം കരുതുന്നു. വിലയിലെ ഇളവുകളും പുത്തൻ ഓഫറുകളുമൊക്കെ ചേരുന്നതോടെ ഈ ഉത്സവകാലത്ത് ഡാറ്റ്സൻ കാറുകൾ അത്യാകർഷകമാവുമെന്നും മൽഹോത്ര വിലയിരുത്തുന്നു.