‘അസ്പയറി’നു മികച്ച സ്വീകരണമെന്നു ഫോഡ് ഇന്ത്യ

പുതിയ കോംപാക്ട് സെഡാനായ ‘ഫിഗൊ അസ്പയറി’ന് ഇന്ത്യയിൽ മികച്ച വരവേൽപ് ലഭിച്ചതായി യു എസ് നിർമാതാക്കളായ ഫോഡ്. ഓഗസ്റ്റിൽ നിരത്തിലെത്തിയ കാറിന്റെ ഇതുവരെയുള്ള വിൽപ്പന 15,000 യൂണിറ്റ് പിന്നിട്ടെന്നും ഫോഡ് ഇന്ത്യ വെളിപ്പെടുത്തുന്നു. ഗുജറാത്തിലെ സാനന്ദിൽ ഫോഡ് സ്ഥാപിച്ച പുതിയ നിർമാണശാലയിൽ നിന്നാണു ‘ഫിഗൊ അസ്പയറി’ന്റെ വരവ്. കഴിഞ്ഞ ഓഗസ്റ്റ് — സെപ്റ്റംബർ കാലത്തു തന്നെ ‘അസ്പയർ’ വിൽപ്പന 15,000 യൂണിറ്റിലെത്തിയെന്നു ഫോഡ് ഇന്ത്യ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) രാഹുൽ ഗൗതം അറിയിച്ചു. ഉത്സവകാലമെത്തിയതോടെ ഒക്ടോബറിലെ വിൽപ്പനയിലും ഗണ്യമായ വർധനയുണ്ട്. 2014 ഒക്ടോബറിൽ വിറ്റ 6,723 യൂണിറ്റിനെ അപേക്ഷിച്ച് 49% വളർച്ചയോടെ 10,008 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ മൊത്തം വിൽപ്പനയെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിൽ 30 ശതമാനമാണ് ‘അസ്പയറി’ന്റെ വിഹിതം; 33 ശതമാനത്തോളം ‘ഇകോസ്പോർട്ടി’ന്റെ സംഭാവനയാണ്.

തുടക്കമെന്ന നിലയിൽ ഒറ്റ ഷിഫ്റ്റിലാണു സാനന്ദ് ശാലയുടെ പ്രവർത്തനം. ക്രമേണ മൂന്നു ഷിഫ്റ്റ് വരെയായി സാനന്ദിനെ ഉൽപ്പാദനം വർധിപ്പിക്കാനാവുമെന്നും ഗൗതം അറിയിച്ചു. സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘എൻഡേവറി’ന്റെ പുതുതലമുറയെ ഫോഡ് പുതുവർഷത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയിൽ മെച്ചപ്പെട്ട വളർച്ച കൈവരിക്കാനായി ഫോഡ് രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. റോഡ് സൗകര്യങ്ങൾ മെച്ചപ്പെട്ടതും വരുമാന നിലവാരം ഉയർന്നതുമൊക്കെയാണു ചെറുകിട, ഇടത്തരം പട്ടണങ്ങളെ ആകർഷകമാക്കുന്നത്. ഈ സാധ്യത പ്രയോജനപ്പെടുത്താൻ ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ ടച് പോയിന്റുകൾ തുറക്കാൻ കമ്പനിക്കു പദ്ധതിയുണ്ടെന്നും ഗൗതം അറിയിച്ചു. നിലവിൽ രാജ്യത്തെ 189 കേന്ദ്രങ്ങളിലായി 352 ഔട്ട്ലെറ്റുകളാണു ഫോഡ് ഇന്ത്യയ്ക്കുള്ളത്.

അടുത്ത വർഷം വരെ രാജ്യത്തെ വാഹന വിൽപ്പനയിൽ വൻമുന്നേറ്റം പ്രതീക്ഷിക്കുന്നില്ലെന്നും രാഹുൽ ഗൗതം വ്യക്തമാക്കി. എന്നാൽ അടുത്ത വർഷത്തോടെ കാര്യങ്ങളിൽ ഗണ്യമായ മുന്നേറ്റം ദൃശ്യമാവുമെന്നാണു പ്രതീക്ഷ. നടപ്പു സാമ്പത്തിക വർഷത്തെ വാഹന വിൽപ്പനയിലെ വളർച്ച 10 ശതമാനമെത്തില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.