Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ അബാർത്ത് സിനിമാ നടൻ സ്വന്തമാക്കി

punto-abarth-first-owner

കേരളത്തിലെ ആദ്യത്തെ പുന്തോ അബാർത്ത് പ്രമുഖ നടനായ ദിവ്യദർശൻ സ്വന്തമാക്കി. നടൻ മുകേഷിന്റെ സഹോദരിയുടെ മകനായ ദിവ്യദർശൻ ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി വരെയുള്ള നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു വാഹനപ്രേമി കൂടിയായ ഇദ്ദേഹം പ്രമുഖ സിനിമ‌-സീരിയൽ-നാടക നടനായ രാജേന്ദ്രന്റെ മകനാണ്.

ഹാച്ച്ബാക്കായ ‘അബാർത്ത് പുന്തൊ’യ്ക്ക് 9.95 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. കാറിലെ 1.4 ലീറ്റർ, ടി ജെറ്റ് അബാർത്ത് പെട്രോൾ എൻജിന് പരമാവധി 145 ബി എച്ച് പി കരുത്തും 210 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ കാറിനു വെറും 8.8 സെക്കൻഡ് മതി.

ഇന്ത്യയിലെ റോഡ് സാഹചര്യങ്ങൾ പരിഗണിച്ചു കടുപ്പമുള്ള സസ്പെൻഷനോടെ എത്തുന്ന ‘പുന്തൊ അബാർത്തി’ന്റെ റൈഡ് ഹൈറ്റിൽ 20 എം എമ്മിന്റെ കുറവും ഫിയറ്റ് വരുത്തിയിട്ടുണ്ട്. ബ്രേക്കിങ് കാര്യക്ഷമമാക്കാനും മെച്ചപ്പെട്ട നിയന്ത്രണത്തിനുമായി എല്ലാ വീലിലും ഡിസ്ക് ബ്രേക്ക് സഹിതം എത്തുന്ന കാറിന് വീതിയേറിയ 195/55 ആർ 16 ടയറുകളും 16 ഇഞ്ച് ‘സ്കോർപിയൊ’ അലോയ് വീലുകളുമാണ് ഫിയറ്റ് ലഭ്യമാക്കുന്നത്. അകത്തളത്തിൽ ‘പുന്തൊ ഇവൊ 90 ബി എച്ച് പി’യിലെ ബ്ലാക്ക് തീം പിന്തുടരുന്ന കാറിൽ പക്ഷേ ചുവപ്പ് — മഞ്ഞ കോൺസ്ട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ വ്യത്യസ്ത സീറ്റ് ഫാബ്രിക്കാണ് ഉപയോഗിച്ചിരിക്കുന്നത്.