എയർബാഗ്: തകാത്ത ബന്ധം ഉപേക്ഷിക്കാൻ ഫോഡും

ജാപ്പനീസ് കമ്പനികൾക്കു പിന്നാലെ എയർബാഗ് നിർമാതാക്കളായ തകാത്ത കോർപറേഷനുമായുള്ള ബന്ധം വിച്ഛേദിക്കാൻ യു എസിൽ നിന്നുള്ള ഫോഡ് മോട്ടോർ കമ്പനിയും തീരുമാനിച്ചു. നാട്ടുകാരായ ടൊയോട്ട മോട്ടോർ കോർപറേഷനും ഹോണ്ട മോട്ടോർ കമ്പനിക്കും മിറ്റ്സുബിഷിക്കും നിസ്സാനുമൊക്കെ പിന്നാലെ വിദേശ നിർമാതാക്കളായ ഫോഡും ഈ പ്രതിസന്ധി ഘട്ടത്തിൽ കമ്പനിയെ കൈവിട്ടത് ജപ്പാനിൽ നിന്നുള്ള തകാത്തയ്ക്കു കനത്ത ആഘാതമായിട്ടുണ്ട്. എതിരാളികളുടെ പാത പിന്തുടർന്ന്, ഭാവി മോഡലുകളിൽ തകാത്ത കോർപറേഷന്റെ എയർബാഗുകൾ ഉപയോഗിക്കില്ലെന്നാണു ഫോഡിന്റെയും തീരുമാനം.

തകാത്ത കോർപറേഷൻ നിർമിച്ചു നൽകുന്ന, അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമുള്ള ഇൻഫ്ളേറ്റർ ഘടിപ്പിച്ച എയർബാഗുകൾ മേലിൽ ഉപയോഗിക്കില്ലെന്നായിരുന്നു ജപ്പാനിലെ വിവിധ വാഹന നിർമാതാക്കളുടെ പ്രഖ്യാപനം. യു എസിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ(എൻ എച്ച് ടി എസ് എ) തകാത്തയ്ക്ക് 20 കോടി ഡോളർ (ഏകദേശം 1328.80 കോടി രൂപ) പിഴ ചുമത്തിയതോടെയാണു ജപ്പാനിലെ മുൻനിര കാർ നിർമാതാക്കൾ തകാത്തയ്ക്കെതിരെ നിലപാട് കടുപ്പിച്ചത്. സുരക്ഷ ഉറപ്പാക്കേണ്ട എയർബാഗുകളുടെ നിർമാണത്തിൽ സംഭവിച്ച വീഴ്ച വർഷങ്ങളോളം മറച്ചുവച്ചതിനാണ് തകാത്ത കോർപറേഷന് എൻ എച്ച് ടി എസ് എ പിഴശിക്ഷ വിധിച്ചത്.

അടിയന്തര സാഹചര്യത്തിൽ എയർബാഗ് വിന്യസിക്കാൻ സഹായിക്കുന്ന ഇൻഫ്ളേറ്ററിൽ ഉപയോഗിച്ച രാസവസ്തുവായ അമോണിയം നൈട്രേറ്റാണ് തകാത്ത കോർപറേഷനെ പ്രതിക്കൂട്ടിലാക്കിയതെന്നാണു വിലയിരുത്തൽ. അമിത മർദത്തോടെ ഇത്തരം എയർബാഗുകൾ വിന്യസിക്കപ്പെടുമ്പോൾ മൂർച്ചയേറിയ ലോഹഭാഗങ്ങളും മറ്റും ചിതറിത്തെറിച്ചാണു കാർ യാത്രികർക്ക് അപകടഭീഷണി നേരിടുന്നത്. ഇപ്രകാരം എയർബാഗുകൾ പൊട്ടിത്തെറിച്ച് എട്ടു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണു കണക്ക്; ധാരാളം പേർക്കു പരുക്കുമേറ്റു. എയർബാഗുകൾ സുരക്ഷാ ഭീഷണിയായതോടെ ലോകവ്യാപകമായി അഞ്ചു കോടിയോളം വാഹനങ്ങളാണ് പതിനൊന്നോളം നിർമാതാക്കൾ ചേർന്നു തിരിച്ചുവിളിച്ചു പരിശോധിച്ചത്. ടൊയോട്ടയും നിസ്സാനും മാത്രമല്ല ജാപ്പനീസ് വാഹന നിർമാതാക്കളായ മസ്ദയും തകാത്ത കോർപറേഷനിൽ നിന്നുള്ള അപകടകാരികളായ എയർബാഗുകൾ ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. തകാത്ത കോർപറേഷനിൽ 1.2% ഓഹരി പങ്കാളിത്തമുണ്ടായിട്ടും കമ്പനിയോടുള്ള നിലപാടിൽ ഹോണ്ട വിട്ടുവീഴ്ച ചെയ്യാത്തതും ശ്രദ്ധേയമാണ്.

ഇതിനു പുറമെ ‘സുബാരു’വിന്റെ നിർമാതാക്കളായ ഫ്യുജി ഹെവി ഇൻഡസ്ട്രീസും തകാത്തയോട് അകലം പാലിക്കാൻ തീരുമാനിച്ചിരുന്നു. നിർമാണ പിഴവുള്ള തകാത്ത എയർബാഗുകളുടെ സാന്നിധ്യം മൂലം യു എസിൽ തന്നെ 1.92 കോടി വാഹനങ്ങളാണു വിവിധ നിർമാതാക്കൾ തിരിച്ചുവിളിച്ചു പരിശോധിച്ചത്. ഫോഡാവട്ടെ പഴയ ‘മസ്താങ്ങും’ ‘ജി ടി’യും ‘റേഞ്ചർ’ പിക് അപ്പുമൊക്കെയായി 15 ലക്ഷത്തോളം വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. ആഗോളതലത്തിൽ നേരിട്ട തിരിച്ചടിയെ തുടർന്ന് ഇൻഫ്ളേറ്ററിൽ നിന്ന് അമോണിയം നൈട്രേറ്റ് ഒഴിവാക്കാൻ തകാത്ത കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ തകാത്തയുടെ വീഴ്ച മുതലെടുക്കാൻ എതിരാളികളായ ഓട്ടോലിവ് ഇൻകോർപറേറ്റഡും ഡൈസെൽ കോർപറേഷനും സെഡ് എഫ് ടി ആർ ഡബ്ല്യു ഓട്ടമോട്ടീവ് ഹോൾഡിങ്സ് കോർപറേഷനുമൊക്കെ അരയും തലയും മുറുക്കി രംഗത്തുണ്ട്.