ഫോഡ് മസ്താങ് പ്രദർശിപ്പിച്ചു

Ford Mustang

അടുത്ത ആഴ്ച്ച നടക്കുന്ന ഡൽഹി ഓട്ടോഎക്സ്പോയ്ക്ക് മുന്നോടിയായി ഫോഡ് തങ്ങളുടെ മസിൽ കാർ മസ്താങ് പ്രദർശിപ്പിച്ചു. ഈ വർഷം പകുതിയോടെ കാർ ഇന്ത്യൻ നിരത്തിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിദേശത്തു നിർമിച്ച മസ്താങ് ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക.

Ford Mustang

കഴിഞ്ഞ ഓഗസ്റ്റിലാണു ഫോഡ് റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള ‘മസ്താങ്’ പുറത്തിറക്കുന്നത്. നോർത്ത് അമേരിക്കയിലെ മിഷിഗനിലുള്ള ഫ്ളാറ്റ്റോക്ക് അസംബ്ലി പ്ലാന്റിൽ നിന്നായിരുന്നു ആദ്യ ആർ എച്ച് ഡി ‘മസ്താങ്’ പുറത്തെത്തിയത്. കാർ നിരത്തിലെത്തി അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണു വലതു വശത്തു സ്റ്റീയറിങ്ങുള്ള ‘മസ്താങ്’ യാഥാർഥ്യമാവുന്നതെന്ന പ്രത്യേകതയുമുണ്ട്.

5 ലീറ്റർ വി 8 എൻജിനുമായി എത്തുന്ന മത്സാങ്ങിന്റെ പരമാവധി കരുത്ത് 435 ബി എച്ച് പിയും ടോർക്ക് 542 എൻ എം ടോർക്കുമാണ്. കറുപ്പ് മൾട്ടി സ്പോക്ക് അലോയ് വീലും വൈപ്പർ ആക്ടിവേഷൻ സംവിധാനമുള്ള ഓട്ടമാറ്റിക് എച്ച് ഐ ഡി ഹെഡ്ലാംപും എൽ ഇ ഡി ടെയിൽ — ഫോഗ് ലാംപുകളും റിയർ സ്പോയ്ലറും ഹീറ്റഡ് ഡോർ മിററും ടേൺ ഇൻഡിക്കേറ്ററുമൊക്കെ സ്വാഭാവികമായും പ്രതീക്ഷിക്കാം. അകത്തളത്തിൽ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രോം സ്പർശത്തോടെ നാലു ഗേജ് ഇൻസ്ട്രമെന്റ ക്ലസ്റ്റർ, മൾട്ടി ഫംക്ഷൻ സ്റ്റീയറിങ് വീൽ എന്നിവയുണ്ടാവും.

Ford Mustang

വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു കെയിൽ 33,995 പൗണ്ട്(34.12 ലക്ഷത്തോളം രൂപ) ആണു വില. ഇറക്കുമതി ചുങ്കവും മറ്റും ചേരുന്നതോടെ ഇന്ത്യയിലെത്തുമ്പോൾ ‘മസ്താങ്’ന്റെ വില 60 മുതൽ 70 ലക്ഷം രൂപയോളമായി ഉയരുമെന്നാണു വിലയിരുത്തൽ.