വെള്ളത്തിലോടുന്ന സ്കൂട്ടർ

വാട്ടർ സ്കൂട്ടറുകള്‍ ധാരാളം കണ്ടിട്ടുണ്ട്, അവ കരയിൽ കൂടി സഞ്ചരിക്കാൻ പാകത്തിന് നിർമിച്ചതായിരുന്നെങ്കിലോ? അല്ലെങ്കിൽ കരയിലോടുന്ന സ്കൂട്ടറുകള്‍ വെള്ളത്തിൽ കൂടെ സഞ്ചരിക്കാൻ പറ്റുന്നതായിരുന്നെങ്കിലോ..! നല്ല ആശയം അല്ലേ, പ്രത്യേകിച്ച് റോഡ് ഏത് തോടേത് എന്നു തിരിച്ചറിയാനാവാത്ത നമ്മുടെ നാട്ടിൽ വളരെ അധികം ഉപയോഗപ്രദമായേനെ ആ വാഹനം. എന്നാൽ കേട്ടോളു റോ‍ഡിലും വെള്ളത്തിലും ഒരുപോലെ ഓടുന്നൊരു സ്കൂട്ടറുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ഡിട്രോയിൽ ആസ്ഥാനമായുള്ള ഗിബ്സ് സ്പോർട്ട്സ് ആംഫീബിയൻ എന്ന കമ്പനി.

ബിസ്കി എന്ന പേരിട്ടിരിക്കുന്ന ഈ സ്കൂട്ടർ ഈ വർഷം ഒക്ടോബറിലാണ് കമ്പനി പ്രദർശിപ്പിച്ചത്. വാഹനത്തിന്റെ വർക്കിംഗ് മോഡൽ വെള്ളത്തിലും കരയിലും ഒാടുന്ന വിഡിയോ പുറത്തിറക്കിയിട്ടുണ്ടെങ്കിലും കമ്പനി ഇതുവരെ പ്രൊഡക്ഷൻ മോഡലുകൾ പുറത്തിറക്കിയിട്ടില്ല. വെള്ളത്തിലെയും കരയിലെ യാത്രകൾക്കും ഒരുപോലെ ഇണങ്ങുന്ന വിധത്തിൽ ഡിസൈൻ ചെയ്ത വാഹനത്തിന് ഏകദേശം 228 കിലോഗ്രാം ഭാരമാണുള്ളത്. കരയിലൂടെ മണിക്കൂറിൽ പരമാവധി 128 കിലോമീറ്റർ വേഗതയിലും വെള്ളത്തിലൂടെ 60 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കാനാവും. 150 എംഎമ്മാണ് ബിസ്കിയുടെ ഗ്രൗണ്ട് ക്ലിയറൻസ്. പെട്രോൾ ഇന്ധനമായി ഉപയോഗിക്കുന്ന സ്കൂട്ടറിന്റെ പരമാവധി കരുത്ത് 55 ബിഎച്ച്പിയാണ്.

ബിഎംഡബ്ല്യുവിന്റെ കെ 1300 എഞ്ചിനുപയോഗ്കികുന്ന ബിസ്കി 5 സെക്കന്റിൽ താഴെ സമയം കൊണ്ട് രൂപമാറ്റം സംഭവിക്കും. വെള്ളത്തിലും കരയിലും ഓടുന്ന നിരവധി വാഹനങ്ങൾ നിർമ്മിച്ച ഗിബ്സ് ആദ്യമാണൊരു ഇരുചക്രവാഹനം നിർമ്മിക്കുന്നത്. വാഹനം ഉടൻ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.