Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആംഫിബിയൻ ബസ്: മാറ്റമില്ലാതെ തീരുവ തർക്കം

london-duck-bus Representatiove Image, London Duck Bus

കരയിലും വെള്ളത്തിലും ഓടുന്ന വാഹനം ബസ്സാണോ ജലയാനമാണോ? നികുതി നിർണയത്തിനിടിയിലെ ഈ തർക്കമാണ് ജവഹർലാൽ നെഹൃ പോർട്ട് ട്രസ്റ്റ് ഇറക്കുമതി  ചെയ്ത ആംഫിബിയൻ ബസ്സിനു വിനയായതെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഢ്കരി. ആംഫിബിയൻ ബസിനെ ഉൾപ്പെടുത്തേണ്ട വിഭാഗം സംബന്ധിച്ച കസ്റ്റംസ് അധികൃതർക്കുള്ള അവ്യക്തത തുടുരകയാണെന്നും അദ്ദേഹം ലോക്സഭയിൽ വെളിപ്പെടുത്തി.  വെള്ളത്തിലും ഓടാൻ കഴിവുണ്ടെങ്കിലും ഈ വാഹനം ‘ബസ്’ ആണെന്നാണു ഗതാഗത മന്ത്രാലയത്തിന്റെ പക്ഷം; അതുകൊണ്ടുതന്നെ ആംഫിബിയൻ ബസ്സിന് ബാധകമാവുന്ന ഇറക്കുമതി ചുങ്കം 45% ആണെന്നും അവർ വാദിക്കുന്നു. എന്നാൽ ജലയാനമായതിനാൽ ആംഫിബിയൻ ബസ്സിനെ ഉൾപ്പെടുത്തേണ്ടത് കപ്പലുകളുടെ വിഭാഗത്തിലാണെന്നും അതുകൊണ്ടുതന്നെ ഇതിന് 225% ഇറക്കുമതി ചുങ്കമാണ് ഈടാക്കേണ്ടതെന്നുമുള്ള നിലപാടിലാണ് കസ്റ്റംസ് അധികൃതർ.

തർക്കം തുടരുമ്പോഴും ഗതാഗത മേഖലയിൽ വൻമാറ്റത്തിനാവും ആംഫിബിയൻ ബസ് തുടക്കമിടുകയെന്ന് ഗഢ്കരി വിലിയരുത്തുന്നു. റോഡിലും ജലപാതയിലും ഓടി കഴിവു തെളിയിക്കാനാണ് കേന്ദ്രം ഈ ആംഫിബിയൻ ബസ് വാങ്ങിയത്. എന്നാൽ ഇറക്കുമതി ചുങ്കം സംബന്ധിച്ച തർക്കത്തെ തുടർന്ന് ബസ് കസ്റ്റംസിൽ കുരുങ്ങിയെന്നും 2016ലെ മോട്ടോർ വാഹന(ഭേദഗതി) ബില്ലിന്റെ മറുപടിക്കിടെ ഗഢ്കരി വിശദീകരിച്ചു.  കപ്പൽ എന്നു നിർവചിച്ചാണു കസ്റ്റംസ് ഈ ബസ്സിന് 225% ഇറക്കുമതി തീരുവ ആവശ്യപ്പെടുന്നത്; എന്നാൽ ഇതു ബസ്സാണെന്നും അതിനാൽ 45% ചുങ്കം ബാധകമായ വിഭാഗത്തിലാണു പെടുകയെന്നുമാണു തങ്ങളുടെ പക്ഷമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കരയിലും വെള്ളത്തിലും ഓടുന്ന ബസ് പഞ്ചാബ് വാങ്ങിക്കഴിഞ്ഞു; തെലങ്കാനയും ഇത്തരം ബസ് വാങ്ങാനുള്ള തയാറെടുപ്പിലാണെന്നു ഗഢ്കരി അറിയിച്ചു. ജലഗതാഗത മേഖലയുടെ വികസനത്തിനുള്ള വിപുല പദ്ധതികളാണു പ്രധാനമന്ത്രിയുടെ മനസ്സിലുള്ളതെന്നും അവ യാഥാർഥ്യമാക്കാൻ തന്റെ മന്ത്രാലയം ശ്രമിക്കുമെന്നും ഗഢ്കരി വ്യക്തമാക്കി. 

Your Rating: