‘മെയ്ക്ക് ഇൻ ഇന്ത്യ’യിലേക്കു ടെസ്‌ലയ്ക്കു ക്ഷണം

‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാവാൻ ആഡംബര വൈദ്യുത കാർ നിർമാതാക്കളായ ടെസ്ല മോട്ടോഴ്സിനു കേന്ദ്ര സർക്കാരിന്റെ ക്ഷണം. ഏഷ്യൻ വിപണികൾക്കുള്ള നിർമാണ കേന്ദ്രമായി ഇന്ത്യയെ പരിഗണിക്കാനാണു ടെസ്ല മോട്ടോഴ്സിനോടുള്ള അഭ്യർഥന. മികച്ച വൈദ്യുത കാറുകളുടെ നിർമാതാക്കളെന്ന നിലയിൽ ലോക ശ്രദ്ധ കവർന്ന ടെസ്ല മോട്ടോഴ്സിന് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ മുമ്പേ പദ്ധതിയുള്ളതാണ്. എന്നാൽ ഇന്ത്യൻ വാഹന വ്യവസായം പക്വതയാർജിക്കാത്ത സാഹചര്യത്തിൽ വൈദ്യുത കാറുകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു ഇതുവരെ കമ്പനിയുടെ വിലയിരുത്തൽ. എന്നാൽ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് അഥവാ ‘ഫെയിം’ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് സങ്കര ഇന്ധന, വൈദ്യുത വാഹന വിലയിൽ കാര്യമായ ഇളവ് ലഭിച്ചു തുടങ്ങി. എങ്കിലും ഇത്തരം വാഹനങ്ങൾക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യ മേഖലയിലെ അപര്യാപ്തതകൾ മാറ്റമില്ലാതെ തുടരുകയാണ്.

ന്യായ വിലയ്ക്കു ലഭിക്കുന്ന വൈദ്യുത കാറായ ‘മോഡൽ ത്രീ’ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തിക്കാൻ ടെസ്ല മോട്ടോഴ്സിനു പദ്ധതിയുണ്ട്. എന്നാൽ കാർ ഇന്ത്യയിൽ അവതരിപ്പിക്കുന്നതു സംബന്ധിച്ച സമയക്രമമൊന്നും കമ്പനി തയാറാക്കിയിട്ടില്ല. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി കൂടി സാൻഫ്രാൻസിസ്കോയിലെ ടെസ്ല മോട്ടോഴ്സിന്റെ നിർമാണശാല സന്ദർശിച്ചതോടെ കാര്യങ്ങൾക്കു വ്യക്തത കൈവരുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്. ഗഢ്കരിയാവട്ടെ ഇന്ത്യ പ്രവേശനത്തിനുള്ള പദ്ധതി തയാറാക്കി സമർപ്പിക്കാൻ ടെസ്ല മോട്ടോഴ്സിനോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയിൽ മലിനീകരണ വിമുക്തമായ ഗതാഗത സംവിധാനം വികസിപ്പിക്കാൻ ടെസ്ല മോട്ടോഴ്സിനെ പോലുള്ള കമ്പനികളും ഇന്ത്യൻ നിർമാതാക്കളുമായി സംയുക്ത സംരംഭത്തിനുള്ള സാധ്യതകൾ ആരായണമെന്നാണു ഗഢ്കരിയുടെ നിലപാട്.

കാർ പോലെ വ്യക്തിഗത ഉപയോഗത്തിനുള്ളവയ്ക്കു പകരം വാണിജ്യ, പൊതുഗതാഗത രംഗങ്ങൾക്ക് ആവശ്യമായ വൈദ്യുത വാഹനങ്ങളുടെ വികസനത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം കരുതുന്നു. ഏഷ്യയ്ക്കുള്ള ഉൽപ്പാദന ഹബ് വികസിപ്പിക്കാൻ ടെസ്ല മോട്ടോഴ്സിന് ഇന്ത്യൻ തുറമുഖങ്ങൾക്കു സമീപത്ത് ഭൂമി ലഭ്യമാക്കാമെന്നും ഗഢ്കരി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ ദക്ഷിണ, ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി സുഗമമാവുമെന്നും ഗഢ്കരി കരുതുന്നു. അതേസമയം ഇന്ത്യയുടെ വാഗ്ദാനം ഉചിതമായ സമയത്തു ക്രിയാത്മകമായി പരിഗണിക്കുമെന്നായിരുന്നു ടെസ്ല മോട്ടോഴ്സിന്റെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്.