മഹീന്ദ്ര ‘ഗസ്റ്റോ 125’ വിൽപ്പന 8 സംസ്ഥാനങ്ങളിലേക്കു കൂടി

Gusto 125

ഇരുചക്രവാഹന നിർമാതാക്കളായ മഹീന്ദ്ര ടു വീലേഴ്സ് ‘ഗസ്റ്റോ 125’ എട്ടു സംസ്ഥാനങ്ങളിൽ കൂടി വിൽപ്പനയ്ക്കെത്തിച്ചു. ഗുജറാത്തും ഡൽഹിയുമടക്കമുള്ള വിപണികളിൽ ലഭ്യമാവുന്ന ഗീയർരഹിത സ്കൂട്ടറായ ‘ഗസ്റ്റോ’യ്ക്ക് 48,410 മുതൽ 55,110 രൂപ വരെയാണു വില.

മഹീന്ദ്ര ഗ്രൂപ്പിൽപെട്ട മഹീന്ദ്ര ടു വീലേഴ്സിന്റെ ‘ഗസ്റ്റോ 125’ തുടക്കത്തിൽ ദക്ഷിണേന്ത്യയിലാണു വിൽപ്പനയ്ക്കെത്തിയത്. രാജ്യവ്യാപകമായി വിപണനം ആരംഭിക്കുന്നതിന്റെ ഭാഗമായാണു സ്കൂട്ടറിന്റെ വിൽപ്പന എട്ടു സംസ്ഥാനങ്ങളിൽ കൂടി തുടങ്ങിയതെന്നു മുംബൈ ആസ്ഥാനമായ മഹീന്ദ്ര ടു വീലേഴ്സ് വെളിപ്പെടുത്തി. ഗുജറാത്തിനും ഡൽഹിക്കും പുറമെ മഹാരാഷ്ട്ര, ഗോവ, ഉത്തർ പ്രദേശ്, പഞ്ചാബ്, ചണ്ഡീഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണു ‘ഗസ്റ്റോ 125’ വിൽപ്പനയ്ക്കെത്തിയത്.
നിരത്തിലെത്തിയതു മുതൽ സ്ഥിരമായ വളർച്ചയാണു ‘ഗസ്റ്റോ’ കൈവരിച്ചതെന്നു മഹീന്ദ്ര ടു വീലേഴ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വിനോദ് സഹായ് വെളിപ്പെടുത്തി. കൂടുതൽ സംസ്ഥാനങ്ങളിലേക്കു ‘ഗസ്റ്റോ’ വിൽപ്പന ആരംഭിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മഹീന്ദ്ര ടു വീലേഴ്സിന്റെ പുണെയിലെ ഗവേഷണ, വികസന കേന്ദ്രത്തിൽ ആഭ്യന്തരമായി രൂപകൽപ്പന ചെയ്ത ‘ഗസ്റ്റോ’യ്ക്കു കരുത്തേകുന്നത് എം സി ഡി ഐ സാങ്കേതിക വിദ്യയുടെ പിൻബലമുള്ള 125 സി സി, എം ടെക് എൻജിനാണ്. എൻജിനുള്ള ഭാരം തിരിച്ചറിഞ്ഞ് ഇഗ്‌നീഷൻ ടൈമിങ് ക്രമീകരിക്കുമെന്നതാണ് എം സി ഡി ഐ സാങ്കേതികവിദ്യയുടെ സവിശേഷത. ഈ 124.6 സി സി, സിംഗിൾ സിലിണ്ടർ എൻജിന് 7,000 ആർ പി എമ്മിൽ പരമാവധി 8.6 ബി എച്ച് പി കരുത്തും 5,500 ആർ പി എമ്മിൽ 10 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും.

വേരിയബിൾ റോളർ ട്രാക്ക് സി വി ടി ട്രാൻസ്മിഷനാണു സ്കൂട്ടറിലുള്ളത്. 12 ഇഞ്ച് വീൽ, ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, റിമോട്ട് ഫ്ളിപ് കീ, എൽ ഇ ഡിയുടെ സാന്നിധ്യമുള്ള ഹാലജൻ ഹെഡ്‌ലാംപ്, സീറ്റിനടിയിലെ വിശാലമായ സംഭരണ സ്ഥലം തുടങ്ങിയവയാണു ‘ഗസ്റ്റോ’ ശ്രേണിയുടെ സവിശേഷത. ഇരട്ട വർണ സങ്കലനമായ ഓറഞ്ച് റഷ്, ബോൾട്ട് വൈറ്റ്, ഒറ്റ നിറങ്ങളായ മൊണാർക്ക് ബ്ലാക്ക്, റീഗൽ റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാവുന്ന ‘ഗസ്റ്റോ 125’ വിപണിയിൽ ഹോണ്ട ‘ആക്ടീവ 125’, സുസുക്കി ‘അക്സസ്’ എന്നിവയോടാണു മത്സരിക്കുന്നത്.