ഹൈപ്പർ ലൂപ്പ്, 1220 കിലോമീറ്റർ വേഗം; ടെസ്റ്റ് ട്രാക്കിന്റെ ചിത്രങ്ങൾ പുറത്ത്

Hyperloop

ഹൈപ്പർ ലൂപ്പ് ഇന്ത്യൻ പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ ട്രാക്ക് ടെസ്റ്റ് റണ്ണിന് സജ്ജമാകുന്നു. അമേരിക്കയിലെ നവാഡയിലെ 500 മീറ്റർ നീളമുള്ള ട്രാക്കാണ് പരീക്ഷണയോട്ടത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ദുബായ്‌യിലെ മിഡിൽ ഈസ്റ്റ് റെയിൽ കോൺഫറൻസിലാണ് ഹൈപ്പർ ലൂപ്പ് വൺ മേധാവി റോബ് ലോയിഡ് ചിത്രങ്ങൾ പുറത്തുവിട്ടത്. ഈ വർഷം പകുതിയോടു കൂടി മനുഷ്യരെ കയറ്റിയുള്ള പരീക്ഷണയോട്ടവും നടത്തുമെന്ന് ലോയിഡ് പ്രഖ്യാപിച്ചു.

Hyperloop

മണിക്കൂറിൽ പരമാവധി 1200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഈ സാങ്കേതിക വിദ്യ ഭാവിയെ ഗതാഗത സംവിധാനങ്ങളുടെ തലവര തന്നെ മാറ്റുമെന്നാണ് കരുതുന്നത്. ഹൈപ്പർ ലൂപ്പ് യാഥാർത്ഥ്യമായാൽ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെത്താന്‍ മിനിട്ടുകൾ മാത്രം മതി. 2020 ആകുമ്പോഴേക്കും ആദ്യ ഹൈപ്പർ ലൂപ്പ് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഹൈപ്പർ ലൂപ്പ് വൺ വിഷൻ ഫോർ ഇന്ത്യ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. നാലു പാതകളെ സെമി ഫൈനലിസ്റ്റുകളാക്കി പ്രഖ്യാപിച്ചാണ് ഹൈപ്പർ ലൂപ്പ്, വിഷൻ ഫോർ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്.

Hyperloop One Mission For India

ദുബായില്‍ നിന്നും അബുദാബിയിലേക്ക് ഇത്തരത്തിലുള്ള ഒരു റെയില്‍ പാത ക്രമീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ദുബായ് സമ്മതം അറിയിച്ചിരുന്നു. ഈ പാത നിലവില്‍ വന്നാല്‍ മിനിറ്റുകള്‍ക്കകം ദുബായില്‍ നിന്നും അബുദാബിയിലെത്തും. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാനും നിലവിലുള്ള സംവിധാനങ്ങളെക്കാള്‍ എത്രത്തോളം മികച്ചതാണ് ഇതെന്ന് മനസിലാക്കാനും കൂടുതല്‍ ശ്രമങ്ങള്‍ നടത്താനുള്ള തയാറെടുപ്പിലാണ് ദുബായ്.

Hyperloop One Dubai

2013ല്‍ സ്‌പേസ് എക്‌സ്, ടെസ്ല മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ എലണ്‍ മസ്‌ക് എന്ന അമേരിക്കന്‍ കോടീശ്വരനാണ് ഹൈപ്പര്‍ ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. വിമാനത്തേക്കാള്‍ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാ-നിര്‍മ്മാണ ചെലവും ഉയര്‍ന്ന സുരക്ഷയുമാണ് എലണ്‍ മസ്‌ക് അവതരിപ്പിച്ച ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് 613.9 കിലോമീറ്ററാണ് ദൂരം. വിമാനമാര്‍ഗ്ഗം ഒരു മണിക്കൂറും 15 മിനുറ്റും ട്രെയിന്‍ മാര്‍ഗ്ഗം രണ്ട് മണിക്കൂറും 40 മിനുറ്റുമാണ് എടുക്കുകയെങ്കില്‍ ഹൈപ്പര്‍ലൂപ്പ് വഴിയാണെങ്കില്‍ അരമണിക്കൂറുകൊണ്ട് ഈ ദൂരം മറികടക്കാനാകുമെന്നതാണ് പ്രത്യേകത.

Hyperloop

പ്രത്യേകമായി നിര്‍മ്മിച്ച ട്യൂബാണ് ഹൈപ്പര്‍ലൂപ്പില്‍ ഉപയോഗിക്കുന്നത്. വായു വലിച്ചെടുത്ത ശേഷമാണ് സ്റ്റീല്‍ ട്യൂബുകള്‍ ഉള്ളില്‍സ്ഥാപിക്കുക. ഈ സ്റ്റീല്‍ ട്യൂബുകളെ കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ തള്ളുന്നു. ചരക്കുകള്‍ മണിക്കൂറില്‍ 1300 കിലോമീറ്റര്‍ വേഗത്തില്‍ ഇതുവഴി കൊണ്ടുപോകാനാകും. ഓരോ 30 സെക്കന്റിന്റെ ഇടവേളകളിലും ട്യൂബുകള്‍ ഇതുവഴി വിടാനാകും.