കാർ വിൽപ്പന: ഹ്യുണ്ടായ് എക്സെന്റ് വീണ്ടും ആദ്യ പത്തിൽ

രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എൻട്രി ലവൽ സെഡാനായ ‘എക്സെന്റ്’ തിരിച്ചെത്തി. ഏഴു മാസത്തെ ഇടവേളയ്ക്കൊടുവിലാണ് ഏപ്രിലിലെ വിൽപ്പനകണക്കെടുപ്പിൽ ‘എക്സെന്റ്’ ആദ്യ പത്തിൽ ഇടം വീണ്ടെടുത്തത്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം 4,666 യൂണിറ്റിന്റെ വിൽപ്പനയോടെ 10—ാമതായാണ് നാലു മീറ്ററിൽ താഴെ നീളമുള്ള ‘എക്സെന്റ്’ തിരിച്ചെത്തിയത്. 2014 സെപ്റ്റംബറിൽ 4,481 യൂണിറ്റ് വിൽപ്പനയുമായി ‘എക്സെന്റ്’ പട്ടികയിൽ 10—ാം സ്ഥാനത്തുണ്ടായിരുന്നു.

‘എക്സെന്റി’ന്റെ മുന്നേറ്റത്തിൽ തിരിച്ചടി നേരിട്ടതു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യയുടെ എൻട്രി ലവൽ സെഡാനായ ‘അമെയ്സി’നാണ്. നാലു മാസം വിൽപ്പനക്കണക്കെടുപ്പിൽ ആദ്യ 10 കാറുകളിൽ ഇടമുണ്ടായിരുന്ന ‘അമെയ്സ്’ ഇത്തവണ പട്ടികയ്ക്കു പുറത്തായി.

അടുത്തയിടെ വിപണിയിലെത്തിയ ‘എലീറ്റ് ഐ 20’ അഞ്ചാം സ്ഥാനത്തേക്കു മുന്നേറിയതും ഹ്യുണ്ടായിക്കു നേട്ടമായിട്ടുണ്ട്; കഴിഞ്ഞ മാസം 9,893 യൂണിറ്റിന്റെ വിൽപ്പനയാണു കാർ കൈവരിച്ചത്. 2014 ഏപ്രിലിൽ മുൻമോഡലായ ‘ഐ 20’ നേടിയ വിൽപ്പന 3,459 യൂണിറ്റ് മാത്രമായിരുന്നു. ചുരുക്കത്തിൽ 186% വളർച്ചയാണ് ‘എലീറ്റ് ഐ 20’ സ്വന്തമാക്കിയത്. അതേസമയം ‘ഗ്രാൻഡ് ഐ 10’ വിൽപ്പനയിൽ 2014 ഏപ്രിലിനെ അപേക്ഷിച്ച് ഒൻപതു ശതമാനത്തോളം ഇടിവു നേരിട്ടു; കഴിഞ്ഞ ഏപ്രിലിൽ 9,612 കാർ വിറ്റത് കഴിഞ്ഞ മാസം 8,792 എണ്ണമായി കുറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മോഡലുകളാണ് ഏപ്രിലിലെ വിൽപ്പന കണക്കെടുപ്പിലും ആദ്യ നാലു സ്ഥാനങ്ങളിലുള്ളത്. കോംപാക്ട് ഹാച്ച്ബാക്കായ ‘ഓൾട്ടോ’ 21,531 യൂണിറ്റ് വിൽപ്പനയുമായി ഒന്നാം സ്ഥാനത്താണ്. 2014 ഏപ്രിലിൽ 16,763 ‘ഓൾട്ടോ’യാണു മാരുതി സുസുക്കി വിറ്റത്.