ഇന്ത്യൻ നിർമിത ബലേനൊയ്ക്ക് ജാപ്പനീസ് ഗുണനിലവാരം

ജാപ്പനീസ് നിലവാരത്തോടു കിട പിടിക്കുന്ന ഗുണമേന്മയോടെ കാറുകൾ നിർമിച്ചു നൽകാൻ കമ്പനിയുടെ ഇന്ത്യയിലെ ശാലകൾക്കു കഴിയുമെന്ന് സുസുക്കി മോട്ടോർ കോർപറേഷൻ (എസ് എം സി). ഗുണമേന്മയുടെ കാര്യത്തിൽ ഉത്തമ ബോധ്യമുള്ളതിനാലാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നിർമിച്ച കാറുകൾ ഇതാദ്യമായി ജപ്പാനിൽ വിൽപ്പനയ്ക്കെത്തിക്കുന്നതെന്നും എസ് എം സി വ്യക്തമാക്കി. ജപ്പാനിലെ മിനി കാർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള സുസുക്കി കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ഹാച്ച്ബാക്കായ ‘ബലേനൊ’ ആഭ്യന്തര വിപണിയിൽ വിറ്റു തുടങ്ങിയത്. ആഗോളതലത്തിൽ എസ് എം സിയുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലെ പ്രവർത്തനം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് കൺവെർട്ട്ബ്ൾ ബോണ്ടുകളുടെ വിൽപ്പന വഴി 180 കോടി ഡോളർ(ഏകദേശം 12,116 കോടി രൂപ) സമാഹരിക്കാനും സുസുക്കി തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിർമിച്ച കാറുകളെക്കുറിച്ചുള്ള മുൻവിധി തിരുത്താനാണു മാരുതി സുസുക്കി നിർമിച്ച ‘ബലേനൊ’ ഇറക്കുമതി ചെയ്തു ജപ്പാനിൽ വിൽക്കുന്നതെന്ന് എസ് എം സി ചെയർമാൻ ഒസാമു സുസുക്കി വിശദീകരിച്ചു. കൂട്ടിയിടി തടയാൻ കഴിവുള്ള റഡാർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണു ‘ബലേനൊ’യുടെ വരവെന്നും സുസുക്കി വിശദീകരിച്ചു. ജാപ്പനീസ് നിർമാതാക്കളിൽ നിസ്സാൻ മോട്ടോർ കമ്പനി ഒഴികെയുള്ള കമ്പനികളെല്ലാം പ്രാദേശികമായി നിർമിച്ച വാഹനങ്ങളാണ് ആഭ്യന്തര വിപണിയിൽ വിൽക്കുന്നത്.ഇന്ത്യയിലെ ഗുണനിലവാരം ഉയർത്താൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി എസ് എം സി ശ്രമിച്ചുവരികയാണെന്നും സുസുക്കി(86) വെളിപ്പെടുത്തി. ചെറുകാറുകളായ ‘ഓൾട്ടോ’യും ‘ഹസ്ലറും’ നിർമിക്കാൻ ജപ്പാനിലെ കൊസായിലുള്ള ശാലകളോടു കിട പിടിക്കുന്നതാണ് മാരുതി സുസുക്കി ഇന്ത്യയുടെ പ്ലാന്റുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്തു നിർമിച്ച 28,610 കാറുകളാണു കഴിഞ്ഞ വർഷം ജപ്പാനിൽ വിറ്റു പോയത്; 2014ലെ ഇറക്കുമതി വഴിയുള്ള വിൽപ്പനയെ അപേക്ഷിച്ച് 7.3% കുറവാണിതെന്നും ജപ്പാൻ ഓട്ടമൊബീൽ ഇംപോർട്ടേഴ്സ് അസോസിയേഷൻ വിശദീകരിക്കുന്നു. കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തു ജപ്പാനിൽ വിറ്റ കാറുകളിൽ 72 ശതമാനത്തോളമാണു നിസ്സാന്റെ സംഭാവന.