ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ മഹീന്ദ്ര ടു വീലേഴ്സ്

ഇരുചക്രവാഹന വിഭാഗത്തിന്റെ പ്രവർത്തനം ലാഭകരമാക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഗ്രൂപ്പിൽപെട്ട മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡ്(എം ടി ഡബ്ല്യു എൽ) ചെലവു ചുരുക്കൽ നടപടികൾ ആരംഭിച്ചു. കൂടുതൽ ലാഭക്ഷമതയുള്ള പ്രീമിയം സ്കൂട്ടർ, ലൈഫ് സ്റ്റൈൽ മോട്ടോർ സൈക്കിൾ വിഭാഗങ്ങളിൽ പ്രവർത്തനം കേന്ദ്രീകരിക്കുന്നതിനൊപ്പം 400 മുതൽ 1,100 വരെ ജീവനക്കാരെ കുറയ്ക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. പ്രീമിയം സ്കൂട്ടർ വിഭാഗത്തിലേക്കു പ്രവേശിക്കാനായി ഫ്രഞ്ച് നിർമാതാക്കളായ പ്യുഷൊയുടെ ശ്രേണിയിലെ മോഡലുകൾ അവതരിപ്പിക്കാനാണു കമ്പനിയുടെ നീക്കം. അടുത്ത വർഷം ആറോ ഏഴോ പുതു മോഡലുകൾ മഹീന്ദ്ര പുറത്തിറക്കുമെന്നാണു സൂചന.

വിൽപ്പനയും ലാഭക്ഷമതയും വർധിപ്പിച്ചും ചെലവ് നിയന്ത്രിച്ചും കമ്പനിയുടെ കാര്യക്ഷമത വർധിപ്പിക്കാനാണ് എം ടി ഡബ്ല്യു എല്ലിന്റെ നീക്കം. ഉൽപ്പാദന ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാൻ കൺസൽറ്റന്റുമാരായ എ ടി കിയർണിയെ കമ്പനി ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി മഹീന്ദ്ര ടു വീലേഴ്സിനൊപ്പമുള്ള കൺസൽറ്റൻസി സ്ഥാപനം ഗുണകരമായ ഒട്ടേറെ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടത്രെ. വൻതോതിൽ വിൽപ്പന നേടുന്ന ഹീറോ മോട്ടോ കോർപിൽ നിന്നും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടറിൽ നിന്നുമൊക്കെ കനത്ത വെല്ലുവിളി നേരിടുന്ന പരമ്പരാഗത സ്കൂട്ടർ, മോട്ടോർ സൈക്കിൾ വിഭാഗങ്ങൾക്കപ്പുറത്തേക്കു കടക്കാതെ മഹീന്ദ്ര ടു വീലേഴ്സിന്റെ പ്രവർത്തനം ആദായകരമാവില്ലെന്നാണു കമ്പനിയുടെ വിലയിരുത്തൽ.

300 സി സി ബൈക്കായ ‘മോജോ’യിലൂടെ വളർച്ചാ സാധ്യതയേറിയ പ്രീമിയം ലൈഫ് സ്റ്റൈൽ മോട്ടോർ സൈക്കിൾ പ്രവേശിച്ചതു പോലുള്ള കൂടുതൽ നടപടികളാണു കമ്പനി ആഗ്രഹിക്കുന്നത്. ‘മോജോ’യ്ക്കു വിപണിയിൽ മികച്ച സ്വീകാര്യത ലഭിച്ചതായി എം ടി ഡബ്ല്യു എൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിനോദ് സഹായ് അവകാശപ്പെട്ടു. നിലവിൽ 15 നഗരങ്ങളിൽ വിപണനം ചെയ്യുന്ന ബൈക്കിന്റെ ശരാശരി പ്രതിമാസ വിൽപ്പന 200 — 250 യൂണിറ്റാണ്. ആറു മാസത്തിനുള്ളിൽ വിൽപ്പന 500 യൂണിറ്റോളമായി ഉയർത്തുകയാണു ലക്ഷ്യമെന്നും സഹായ് വെളിപ്പെടുത്തി.