‘ബലേനൊ’ എത്തുക 4 വകഭേദത്തിൽ

പുത്തൻ വിപണന ശൃംഖലയായ ‘നെക്സ’ വഴി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) വിൽപ്പനയ്ക്കെത്തിക്കുന്ന പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ അവതരണം 26നു നടക്കും. ഇതിനു മുന്നോടിയായി വിവിധ ഡീലർമാർ കാറിനുള്ള ബുക്കിങ്ങുകളും സ്വീകരിച്ചു തുടങ്ങി; മാസാവസാനത്തോടെ പുത്തൻ ‘ബലേനൊ’ ഉടമസ്ഥർക്കു കൈമാറുമെന്നാണു വാഗ്ദാനം.

നാലു വകഭേദങ്ങളിലാണു ‘ബലേനൊ’ വിൽപ്പനയ്ക്കുണ്ടാവുക; മൊത്തം ഏഴു വർണങ്ങളിൽ കാർ ലഭ്യമാവും. പ്രീമിയം മോഡലുകൾക്കായി മാരുതി സുസുക്കി സ്വീകരിച്ചിരിക്കുന്ന നാമകരണരീതിയാണു ‘ബലേനൊ’യുടെ വകഭേദങ്ങളും പിന്തുടരുക. ഇതോടെ അടിസ്ഥാന മോഡൽ ‘സിഗ്മ’ എന്നും മുന്തിയ വകഭേദം ‘ആൽഫ’ എന്നും അറിയപ്പെടും; ‘ഡെൽറ്റ’യും ‘സീറ്റ’യുമാണ് ഇടത്തരം വകഭേദങ്ങൾ. മെച്ചപ്പെട്ട സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എയർബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്) സംവിധാനവും ‘ബലേനൊ’യുടെ എല്ലാ വകഭേദത്തിലും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്​വാഗൻ ‘പോളോ’ എന്നിവയോട് ഏറ്റുമുട്ടാൻ പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും ‘ബലേനൊ’യുടെ വരവ്. ഡീസൽ വിഭാഗത്തിൽ 1.3 ലീറ്റർ ഡി ഡി ഐ എസ് എൻജിനും പെട്രോളിൽ 1.2 ലീറ്റർ എൻജിനുമാണു ‘ബലേനൊ’യ്ക്കു കരുത്തേകുക. മാനുവൽ ഗീയർബോക്സ് മാത്രമാണു ഡീസൽ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ. അതേസമയം പെട്രോൾ എൻജിനൊപ്പം മാനുവൽ ഗീയർബോക്സും സി വി ടി ഗീയർബോക്സും ലഭ്യമാവും.

മുന്നിൽ പവർ വിൻഡോ, ടിൽറ്റ് ചെയ്യാവുന്ന പവർ സ്റ്റീയറിങ്, ഗീയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, പിന്നിൽ പാഴ്സൽ ട്രേ, ഹീറ്റർ സഹിതമുള്ള എയർ കണ്ടീഷനർ, സെൻട്രൽ ലോക്കിങ് എന്നിവയാണ് അടിസ്ഥാന വകഭേദമായ ‘ബലേനൊ സിഗ്മ’യിൽ മാരുതി സുസുക്കി ലഭ്യമാക്കുക. ‘ഡെൽറ്റ’യിൽ മുന്നിലും പിന്നിലും പവർ വിൻഡോ, ഡീ ഫോഗർ സഹിതം റിയർ വൈപ്പർ, ക്ലൈമറ്റ് കൺട്രോളുള്ള എ സി, പവർ ഫോൾഡിങ് — അഡ്ജസ്റ്റബ്ൾ വിങ് മിറർ, റിയർ പാർക്കിങ് സെൻസർ, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, 60:30 അനുപാതത്തിൽ വിഭജിക്കാവുന്ന പിൻസീറ്റ്, കീ രഹിത എൻട്രി, ആവശ്യക്കാർക്ക് സി വി ടി ട്രാൻസ്മിഷൻ എന്നിവയുണ്ടാകും.

‘സീറ്റ’യിൽ ലതർ റാപ്ഡ് സ്റ്റീയറിങ് വീലും ഗീയർ നോബും, ടെലിസ്കോപിക് സ്റ്റീയറിങ് വീൽ, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, ഫോളോ മീ ഫംക്ഷൻ സഹിതം ഓട്ടമാറ്റിക് ഹെഡ്​ലാംപ്, അലോയ് വീൽ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കീ രഹിത എൻട്രി — പുഷ് ബട്ടൻ സ്റ്റാർട്ട്, ഫോഗ് ലാംപ് എന്നിവ കൂടി ഇടംപിടിക്കും. മുന്തിയ വകഭേദമായ ‘ആൽഫ’യിലാവട്ടെ പ്രൊജക്ടർ ഹെഡ്​ലാംപും റിവേഴ്സ് കാമറയും സ്മാർട് പ്ലേ എന്റർടെയ്ൻമെന്റ് സംവിധാനവുമൊക്കെയാണു വാഗ്ദാനം.

അരങ്ങേറ്റത്തിന് ആഴ്ചകൾ ബാക്കി നിൽക്കെ ‘ബലേനൊ’യുടെ വില സംബന്ധിച്ചു മാരുതി സുസുക്കി സൂചനയൊന്നും നൽകിയിട്ടില്ല. ‘നെക്സ’ വഴി പുറത്തിറക്കിയ ആദ്യ മോഡലായ ‘എസ് ക്രോസി’നു ലഭിച്ച തണുപ്പൻ പ്രതികരണം പരിഗണിക്കുമ്പോൾ ‘ബലേനൊ’യെ മത്സരക്ഷമമാക്കാൻ മാരുതി സുസുക്കി ഏറെ കഷ്ടപ്പെടേണ്ടി വരുമെന്നാണു സൂചന. പ്രീമിയം നിലവാരത്തിൽ വില നിർണയിച്ചാൽ പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണി വാഴുന്ന എതിരാളികളോടു പോരാടുക എളുപ്പമാവില്ലെന്നതാണു ‘ബലേനൊ’യുടെ വരവിൽ മാരുതി സുസുക്കി നേരിടുന്ന പ്രധാന വെല്ലുവിളി.