ഈ ഫോർച്യൂണറും മോഹൻലാലും തമ്മിലെന്തു ബന്ധം?

Modified Fortuner

മലയാളത്തിന്റെ അഭിനയപ്രതിഭ മോഹൻലാലിന്റെ സൂപ്പർ‌ഹിറ്റ് പടങ്ങളിലെല്ലാം അദ്ദേഹത്തിന് കൂട്ടായി ഓരോ വാഹനങ്ങളുണ്ടാകും. രാവണപ്രഭുവിലെ ടൊയോട്ട പ്രാഡോയും, ഉസ്താദിലെ ട്രാവലറും അതിന് ഉദാഹരണങ്ങളാണ്. സൂപ്പർഹിറ്റ് ചിത്രങ്ങളായ മാടമ്പി, മിസ്റ്റർ ഫ്രോഡ് എന്നിവയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന മാസ് ചിത്രത്തില്‍ മോഹൻലാലിന് കൂട്ടായി എത്തുന്ന വാഹനം എന്ന പേരിലാണ് മോ‍ഡിഫൈ ചെയ്ത ഫോച്യൂണറിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നത്.

Modified Fortuner

എന്നാൽ മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ചിത്രവുമായി വാഹനത്തിന് വലിയ ബന്ധമൊന്നുമില്ലെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സംവിധായകന്റെ ഒരു സുഹൃത്തിന്റെ വാഹനമാണിതെന്നും ചിത്രത്തിൽ ഉപയോഗിക്കാൻ വേണ്ടിയല്ല, സുഹൃത്ത് സ്വകാര്യ ആവശ്യത്തിന് വേണ്ടി മോ‍ഡിഫൈ ചെയ്തയാണെന്നും സംവിധായകനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

എന്തൊക്കെയായാലും കേരളത്തിലെ ഏറ്റവും ലുക്കുള്ള ടൊയോട്ടയുടെ ഫോർച്യൂണറുകളിലൊന്നാണിത്. ടൊയോട്ടയുടെ ‍ഡീലർഷിപ്പായ നിപ്പോൺ ടൊയോട്ട തന്നെയാണ് വാഹനത്തിന് കിടിലൻ ലുക്ക് സമ്മാനിച്ചിരിക്കുന്നത്. ബോഡിക്ക് മഞ്ഞ നിറവും റൂഫിന് കറുത്ത നിറവുമാണ് പൂശിയിരിക്കുന്നത്. കൂടാതെ ലക്സസിന്റെ ലക്ഷ്വറി എസ് യു വിയായ ആർഎസ് 450ന്റെ ബോഡി കിറ്റും നൽകിയിട്ടുണ്ട്. വാഹനത്തിന്റെ ക്രോം ഭാഗങ്ങൾക്ക് വാട്ടർ ട്രാൻസ്പെരന്റ് പെയിന്റാണ് നൽകിയിരിക്കുന്നത്. ഇന്റീരിയറിലും എൻജിനിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

Modified Fortuner

കഴിഞ്ഞ വർഷം അവസാനമാണ് ടൊയോട്ടയുടെ പ്രീമിയം എസ് യു വി ഫോർച്യൂണറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിയത്. പ്രീമിയം എസ് യു വി സെഗ്‌മെന്റിൽ ഏറ്റവും അധികം വിൽപ്പനയുള്ള മോഡലുകളിലൊന്നായി ഫോർച്യൂണറിന്റെ പുതിയ പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുതിയ ടിഎൻജിഎ പ്ലാറ്റ്ഫോമിലാണ് ഫോർച്യൂണർ നിർമിച്ചിരിക്കുന്നത്.‌ ഓഫ് റോഡ് രംഗത്തും മികവു പുലർത്തുന്ന പുതിയ ‘ഫോർച്യൂണറി’ൽ ഗുണമേന്മ, ദൃഢത, വിശ്വാസ്യത, കൂടുതൽ സുരക്ഷ എന്നിവയും ടൊയോട്ട ഉറപ്പു നൽകുന്നുണ്ട്.

Modified Fortuner

2.7 ലീറ്റർ പെട്രോൾ, 2.8 ലീറ്റർ ഡീസൽ എൻജിനുകളാണ് പുതിയ ഫോർച്യൂണറിന് കരുത്തേകുന്നത്. 5200 ആർപിഎമ്മിൽ 164 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 245 എൻഎം ടോർക്കും നൽകുന്നുണ്ട് 2.7 ലീറ്റർ പെട്രോൾ എൻജിൻ. 2.8 ലീറ്റർ ഡീസൽ എൻജിൻ 3400 ആർപിഎമ്മിൽ 174.5 ബിഎച്ച്പി കരുത്തും 1600-2400 ആർപിഎമ്മിൽ 420 എൻഎം ടോർക്കും നൽകുന്നുണ്ട്. ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങളിൽ ഇരുമോഡലുകളും ലഭ്യമാണ്.