മുഖം മാറ്റി പുതിയ ബലേനോ എത്തി

Baleno

സുസുക്കി മോട്ടേഴ്സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ അവതരിപ്പിച്ചു. ഏതാനം ആഴ്ചകൾക്കുള്ളിൽ ബലേനോ ഇന്ത്യയിലുമെത്തും. മാരുതി പ്രീമിയം ഡീലർഷിപ് ശൃംഖല നെക്സയിലൂടെയാണു വിൽപന.

ടർബോ ബൂസ്റ്റർ ജെറ്റ് എൻജിനോടു കൂടിയെത്തുന്ന ബലേനോയുടെ പെട്രോൾ, ഡീസൽ വേരിയന്റുകൾ ലഭ്യമാണ്. 1.2 ലിറ്റർ പെട്രോൾ എന്‍ജിൻ, 1.3 ലിറ്റർ ഡീസല്‍ എൻജിൻ. ആപ്പിൾ കാർ പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണു ഒരു പ്രധാന സവിശേഷത. ആപ്പിളിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾക്കൊള്ളിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യ വാഹനമാണു ബലേനോ.

ബലേനോ എന്ന പേരിൽ ഒരു സെ‍ഡാൻ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇൗ സെഡാന്റെ നിർമാണം കമ്പനി പിന്നീടു നിർത്തി. പുതിയ ഹാച്ച്ബാക്കിനു പഴയ സെഡാന്റെ പേരാണെങ്കിലും പേരിൽ മാത്രമേ ആ സാമ്യമുള്ളുവെന്നു കമ്പനി അധികൃതർ പറയുന്നു. നിലവിൽ മാരുതിയുടെ ഏക സെഡാൻ മോഡൽ സിയാസ് ആണ്. ഹ്യുണ്ടായ് ഐ20, ഹോണ്ട ജാസ്, ഫോക്സ്‌വാഗൻ പോളോ തുടങ്ങിയ കാറുകളാവും ബലേനോയുടെ ‌എതിരാളികൾ.