‘മോഡൽ ത്രീ’: സൂപ്പർ ചാർജിങ് സൗജന്യമാവില്ലെന്നു ടെസ്ല

ആഡംബര വൈദ്യുത കാർ നിർമാതാക്കളായ ടെസ്ല മോട്ടോഴ്സ് ഇൻകോർപറേറ്റഡിന്റെ ശ്രേണിയിലെ വില കുറഞ്ഞ സെഡാനായ ‘മോഡൽ ത്രീ’ ഉടമകൾക്കു കമ്പനിയുടെ സൂപ്പർ ചാർജിങ് സ്റ്റേഷൻ സൗജന്യമായി ഉപയോഗിക്കാനാവില്ല. കമ്പനി നിർമിച്ച വൈദ്യുത വാഹനങ്ങളുടെ ചാർജിങ്ങിനായി ടെസ്ല സ്ഥാപിച്ച ശൃംഖലയാണു സൂപ്പർ ചാർജിങ് സ്റ്റേഷൻ; നിലവിലുള്ള മോഡലുകളുടെ ഉടമകൾക്ക് ഈ സൗകര്യം സൗജന്യമായി ഉപയോഗിക്കാനും അനുമതിയുണ്ട്. എന്നാൽ പുതിയ മോഡലായ ‘മോഡൽ ത്രീ’ ഉടമകൾ സൂപ്പർ ചാർജിങ് സ്റ്റേഷൻ ഉപയോഗിക്കാൻ പണം മുടക്കേണ്ടി വരുമെന്നു ടെസ്ല മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എലോൺ മസ്കാണു വ്യക്തമാക്കിയത്. കാർ ഉടമകളോടു പണം ഈടാക്കുന്നില്ലെങ്കിലും സൂപ്പർ ചാർജിങ് സ്റ്റേഷൻ പ്രവർത്തനത്തിനു ചെലവുണ്ടെന്നു കലിഫോണിയയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ മസ്ക്(44) കമ്പനിയുടെ ഓഹരി ഉടമകളെ ഓർമിപ്പിച്ചു. ‘മോഡൽ ത്രീ’യുടെ വിലയിൽ നിന്ന് സൂപ്പർ ചാർജിങ് സ്റ്റേഷൻ ഉപയോഗത്തിനുള്ള ചെലവ് കുറച്ചിട്ടുണ്ട്. ഇങ്ങനെയാണു മറ്റു മോഡലുകളെ അപേക്ഷിച്ചു കുറഞ്ഞ വിലയ്ക്കു ‘മോഡൽത്രീ’ ലഭ്യമാവുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഗ്യാസൊലിനെ(പെട്രോൾ) അപേക്ഷിച്ചു ‘മോഡൽ ത്രീ’യുടെ പ്രവർത്തന ചെലവ് തികച്ചും കുറവാണ്; ദീർഘ ദൂര യാത്രകളിലും മറ്റും ഈ സാമ്പത്തിക നേട്ടം ഏറെ പ്രകടമാവുമെന്നും മസ്ക് അവകാശപ്പെട്ടു. പക്ഷേ പ്രത്യേക പാക്കേജ് വാങ്ങാത്തവരെ സംബന്ധിച്ചിടത്തോളം സൂപ്പർ ചാർജിങ് സ്റ്റേഷന്റെ ഉപയോഗം സൗജന്യമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ പാക്കേജിന് എന്തു ചെലവു വരുമെന്ന സംബന്ധിച്ച സൂചന പോലും മസ്ക് നൽകിയില്ല. പ്രധാന പാതകളിലെ ഷോപ്പിങ് മാളുകളിലും മറ്റുമാണു ടെസ്ല മോട്ടോഴ്സ് സൂപ്പർ ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. ബാറ്ററിയിൽ ഓടുന്ന കാറുകളുടെ റേഞ്ച് സംബന്ധിച്ച് വാഹന ഉടമകൾക്കുള്ള ആശങ്ക അകറ്റാനും ഇത്തരം കാറുകളിലുള്ള ദീർഘദൂര യാത്ര പ്രോത്സാഹിപ്പിക്കാനുമൊക്കെ ലക്ഷ്യമിട്ടാണു കമ്പനി ഇത്തരം ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചത്.

നിലവിൽ ഇത്തരത്തിലുള്ള 632 സൂപ്പർ ചാർജിങ് സ്റ്റേഷനുകളാണു കമ്പനിക്കുള്ളത്; ‘മോഡൽ എസ്’, ‘മോഡൽ എക്സ്’ ഉടമകൾക്ക് ഈ കേന്ദ്രങ്ങളിൽ സൗജന്യമായി വാഹനം ചാർജ് ചെയ്യാനും അവസരമുണ്ട്. സാധാരണ ചാർജിങ് സംവിധാനത്തെ അപേക്ഷിച്ച് അതിവേഗമുള്ള സൗകര്യമാണു സൂപ്പർ ചാർജിങ് സ്റ്റേഷന്റെ സവിശേഷത. വെറും 30 മിനിറ്റിൽ 170 മൈൽ (273.59 കിലോമീറ്റർ) പിന്നിടാനുള്ള ശേഷിയാണു സൂപ്പർ ചാർജിങ് സ്റ്റേഷന്റെ വാഗ്ദാനം; സാധാരണ രീതിയിൽ ചാർജ് ചെയ്യുന്നതിന്റെ 10 ഇരട്ടിയോളം കാര്യക്ഷമതയാണിതെന്നു ടെസ്ലയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു.