ഒറ്റ — ഇരട്ട അക്ക വാഹന നിയന്ത്രണം വിജയം

രാജ്യതലസ്ഥാനത്ത് ഒറ്റ — ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തെ പുകഴ്ത്തി ഡൽഹി ട്രാൻസ്പോർട് കോർപറേഷനും(ഡി ടി സി) രംഗത്ത്. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഒറ്റ — ഇരട്ട അക്ക വാഹന നിയന്ത്രണം വൻവിജയമായിരുന്നെന്ന് ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി(എ എ പി) സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്വകാര്യ വാഹനനിയന്ത്രണം നടപ്പായതോടെ കോർപറേഷന്റെ പ്രവർത്തനവും വരുമാനവും വർധിച്ചെന്നാണു ഡി ടി സിയുടെ വിലയിരുത്തൽ. രണ്ടാഴ്ച നീണ്ട ഒറ്റ — ഇരട്ട അക്ക നമ്പറുള്ള വാഹന നിയന്ത്രത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾ രസകരമാണെന്നാണു ഡി ടി സി മേധാവി സി ആർ ഗാർഗിന്റെ വിലയിരുത്തൽ. അവലോകനവേളയിൽ ഡി ടി സി നടത്തിയ ട്രിപ്പുകളുടെ എണ്ണം 41% വർധിച്ചപ്പോൾ പ്രതിദിന വരുമാനത്തിൽ ആറു ലക്ഷത്തോളം രൂപയുടെയും വർധന രേഖപ്പെടുത്തി.

ഡി ടി സിയുടെ സ്വന്തം ബസ്സുകൾക്കു പുറമെ സർവീസ് കാര്യക്ഷമമാക്കാൻ 1,236 സ്വകാര്യ ബസ്സുകളും കോർപറേഷൻ വാടകയ്ക്കെടുത്തിരുന്നു. ഇതോടെ സർവീസ് റദ്ദാക്കുന്നതിൽ മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച് 54% കുറവു രേഖപ്പെടുത്തിയെന്നും ഡി ടി സി അവകാശപ്പെടുന്നു. 2014 ഡിസംബറിൽ 4,062 ട്രിപ്പുകളും നവംബറിൽ 5,428 ട്രിപ്പുകളുമാണു ഡി ടി സി റദ്ദാക്കിയത്. എന്നാൽ ഒറ്റ — ഇരട്ട അക്ക വാഹന നിയന്ത്രണം പ്രാബല്യത്തിലിരുന്ന ദ്വൈവാരത്തിൽ 1,844 ട്രിപ് മാത്രമാണു ഡി ടി പി ഓടാതിരുന്നത്. നിയന്ത്രണം നിലനിന്ന ഘട്ടത്തിൽ നിരത്തിലുണ്ടായിരുന്ന ബസ്സുകളുടെ എണ്ണത്തിൽ 40% വർധനയുണ്ട്; അങ്ങനെയാണു നടത്തിയ ട്രിപ്പുകളുടെ എണ്ണം 41% ഉയർന്നതെന്നു ഡി ടി സി വിശദീകരിക്കുന്നു. ബസ്സുകളുടെ എണ്ണം കൂടുകയും റദ്ദാക്കൽ കുറയുകയും ചെയ്തതിന്റെ നേട്ടങ്ങൾ പ്രകടമാണെന്നു ഗാർഗ് കരുതുന്നു.

ഡി ടി സി ബസ്സുകളുടെ വിനിയോഗം 95% ആയിട്ടാണ് ഉയർന്നത്. സാധാരണ നവംബർ — ഡിസംബർ മാസങ്ങളിലെ ഡി ടി സി ബസ് വിനിയോഗം 83 — 88% നിലവാരത്തിലാണെന്നും ഗാർഗ് വിശദീകരിക്കുന്നു. സർവീസ് കാര്യക്ഷമമായതോടെ ബസ് യാത്രക്കാരുടെ എണ്ണവും വരുമാനവും ഗണ്യമായി വർധിച്ചു. അവലോകനകാലത്ത് യാത്രക്കാരുടെ എണ്ണം 35 ലക്ഷത്തിൽ നിന്ന് 38 ലക്ഷമായി ഉയർന്നപ്പോൾ ശരാശരി പ്രതിദിന വരുമാനത്തിൽ ശരാശരി ആറു ലക്ഷത്തോളം രൂപയുടെ വർധന രേഖപ്പെടുത്തി. 2015 നവംബറിൽ ഡി ടി സിയുടെ പ്രതിദിന വരുമാനം 2.16 കോടി രൂപയും ഡിസംബറിലേത് 2.18 കോടി രൂപയുമായിരുന്നു. എന്നാൽ വാഹന നിയന്ത്രണം നിലനിന്ന കാലഘട്ടത്തിൽ പ്രതിദിന വരുമാനം 2.24 കോടി രൂപയിലെത്തി. സ്വകാര്യ ബസ്സിൽ നിന്നുള്ളതു കൂടി ചേരുന്നതോടെ വരുമാനം 2.47 കോടി രൂപയിലെത്തുമെന്നും ഡി സി ടി വ്യക്തമാക്കുന്നു.