ഒറ്റ-ഇരട്ട നിയന്ത്രണം: വനിതകൾക്കും വിദ്യാർഥികൾക്കും ഇളവ്

ഡൽഹിയിൽ ഏപ്രിൽ 15 മുതൽ ആരംഭിക്കുന്ന രണ്ടാംഘട്ട വാഹനനിയന്ത്രണത്തിൽ വനിതകൾക്കും സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും ഇളവ്. ഡൽഹിയിലെ മലിനീകരണത്തോതു കുറയ്ക്കാനാണിത്. 15 ദിവസത്തേക്കാണ് നിയന്ത്രണമെന്ന് ഡൽഹി ഗതാഗത മന്ത്രി ഗോപാൽ റായ് അറിയിച്ചു. കൂടുതൽ മെട്രോ ഫീഡർ ബസുകളും സർവീസിനിറക്കും. 4242400400 എന്ന നമ്പറിൽ പ്രത്യേക ഹെൽപ്പ്‌ലൈൻ സംവിധാനവും ഗതാഗത വകുപ്പ് തുടങ്ങിയിട്ടുണ്ട്.

അതേസമയം, സിഎൻജി വാതകം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾക്കും ഇളവു നൽകിയിട്ടുണ്ട്. നേരത്തെ ജനുവരി ഒന്നു മുതൽ 15 വരെ വാഹനനിയന്ത്രണം നടപ്പാക്കിയിരുന്നു. അന്തരീക്ഷമലിനീകരണം കുറയ്ക്കാനായി അരവിന്ദ് കേജ്‌രിവാൾ ആരംഭിച്ച ഒറ്റ-ഇരട്ട അക്ക ഫോർമുലയ്ക്ക് മികച്ച പ്രതികരണമാണ് ഡൽഹി നൽകിയത്. അന്ന് ഡിഎംആർസി മെട്രോ സർവീസ് വർധിപ്പിച്ചിരുന്നു. 3192 ട്രിപ്പുകളാണ് മെട്രോ നടത്തിയത്. തിരക്കു നിയന്ത്രിക്കാനായി 28 പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിരുന്നു.

ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം നടക്കുന്ന സംസ്ഥാനം ഡല്‍ഹിയാണ്. ഒറ്റ, ഇരട്ട അക്കങ്ങള്‍ വരുന്ന വാഹനങ്ങള്‍ ഇടവിട്ട ദിവസങ്ങളില്‍ റോഡിലിറക്കാനുള്ള പദ്ധതിയാണിത്.