ടെസ്‌ലയ്ക്കു ബാറ്ററി: 3000 കോടി യെൻ മുടക്കാൻ പാനസോണിക്

വൈദ്യുത കാർ നിർമാതാക്കളായ ടെസ്‌ല മോട്ടോഴ്സിനു വേണ്ടി ഫോട്ടോവോൾട്ടെയ്ക് സെല്ലുകളും മൊഡ്യൂളുകളും ഉൽപ്പാദിപ്പിക്കാനായി 3000 കോടി യെൻ (ഏകദേശം 1743.62 കോടി രൂപ) നിക്ഷേപിക്കുമെന്നു ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ പാനസോണിക് കോർപറേഷൻ. എലോൺ മസ്കിന്റെ കമ്പനിക്കായി ന്യൂയോർക്കിൽ പുതിയ നിർമാണശാല സ്ഥാപിക്കുന്നതോടെ പാനസോണിക് -ടെസ്‌ല പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാവുമെന്നാണു പ്രതീക്ഷ. ലാഭക്ഷമത കുറഞ്ഞ കൺസ്യൂമർ ഇലക്ട്രോണിക്സ് മേഖലയെ കൈവിട്ട് വാഹനഘടക നിർമാണത്തിലേക്കും കോർപറേറ്റ് ഇടപാടുകളിലേക്കും ചേക്കേറാനുള്ള നീക്കത്തിലാണു പാനസോണിക്.

ഈ പദ്ധതിയുടെ ഭാഗമായാണ് ന്യൂയോർക്കിലെ ബഫലോയിലുള്ള ടെസ്ല ഫാക്ടറിയിൽ സൗരോർജം പ്രയോജനപ്പെടുത്തുന്ന ഫോട്ടോവോൾട്ടെയ്ക് സെല്ലുകൾ നിർമിക്കാൻ പാനസോണിക് നിക്ഷേപത്തിനൊരുങ്ങുന്നത്. ബാറ്ററി നിർമാണത്തിന് ആവശ്യമായ കെട്ടിടം അടക്കമുള്ള സൗകര്യങ്ങൾ ടെസ്‌ല മോട്ടോഴ്സ് ലഭ്യമാക്കും. കൂടാതെ പാനസോണിക്കിൽ നിന്നു ബാറ്ററി വാങ്ങാനുള്ള ദീർഘകാല കരാറിലും ടെസ്‌ല ഒപ്പുവയ്ക്കും.അടുത്ത വർഷം വേനലോടെ പാനസോണിക്കിന്റെ ഫോട്ടോവോൾട്ടെയ്സ് മൊഡ്യൂൾ ഉൽപ്പാദനം ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷ. 2019 ആകുമ്പോഴേക്ക് ഉൽപ്പാദനം ഒരു ഗിഗാവാട്ട് മൊഡ്യൂളിലെത്തിക്കാനാവുമെന്നും ഇരുകമ്പനികളും കരുതുന്നു.

ഒക്ടോബറിൽ സൗരോർജം പ്രയോജനപ്പെടുത്താനായി ഇരുകമ്പനികളും പ്രഖ്യാപിച്ച ധാരണയുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടികൾ. എന്നാൽ ഈ സംരംഭത്തിനുള്ള നിക്ഷേപം എത്രയെന്ന് പാനസോണിക്കോ ടെസ്ലയോ നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല.
വൻതോതിലുള്ള വിൽപ്പന ലക്ഷ്യമിട്ടു ടെസ്ല വികസിപ്പിക്കുന്ന വൈദ്യുത കാറായ ‘മോഡൽ ത്രീ’ക്കു വേണ്ടിയാണു കമ്പനി പാനസോണിക്കിന്റെ പങ്കാളിത്തം തേടിയിരിക്കുന്നത്. നിലവിൽ ടെസ്ല നിർമിക്കുന്ന ‘മോഡൽ എസി’നും ‘മോഡൽ എക്സി’നും ബാറ്ററി ലഭ്യമാക്കുന്നതും പാനസോണിക് ആണ്.