പങ്കജ് ദൂബെ ഐഷർ — പൊളാരിസ് ഡയറക്ടർ ബോർഡിൽ

പൊളാരിസ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ പങ്കജ് ദൂബെയ്ക്ക് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കു സ്ഥാനക്കയറ്റം. ഐഷർ മോട്ടോഴ്സും പൊളാരിസ് ഇൻഡസ്ട്രീസിനും തുല്യ ഓഹരി പങ്കാളിത്തോടെ സ്ഥാപിച്ച സംയുക്ത സംരംഭമായ ഐഷർ പൊളാരിസിന്റെ ബോർഡിലാണ് ദുബെയ്ക്ക് ഇടംലഭിക്കുക. കമ്പനി പ്രവർത്തനം ആരംഭിച്ച 2011 ജനുവരി മുതൽ പൊളാരിസ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി പ്രവർത്തിക്കുകയാണു ദൂബെ(48). മുമ്പ് ഹീറോയിലും ലോഹ്യ മെഷീനറിയിലും യമഹ മോട്ടോഴ്സ് ഇന്ത്യയിലുമൊക്കെ പ്രവർത്തിച്ച പരിചയവുമായാണു ദൂബെ പൊളാരിസിലനെ നയിക്കാനെത്തുന്നത്.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വാഹനങ്ങൾ വികസിപ്പിക്കാനുള്ള കഴിവും മികച്ച വിശ്വാസ്യതയുമാണു യു എസിൽ നിന്നുള്ള പൊളാരിസിന്റെ മികവ്. ചെലവു കുറഞ്ഞ വാഹന നിർമാണ ശൈലിയും ഇന്ത്യ പോലുള്ള എമേർജിങ് വിപണികളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും പ്രവർത്തന പരിചയവുമൊക്കെയാണ് ഐഷർ മോട്ടോഴ്സിന്റെ കൈമുതൽ. ഇരു പങ്കാളികളുടെയും കരുത്തുകൾ സമന്വയിപ്പിച്ച് പുത്തൻ വാഹനങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടായിരുന്നു 350 കോടി രൂപ മൂലധന നിക്ഷേപത്തോടെ 2012 ജൂലൈയിൽ ഐഷർ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പിറവി.

രാജ്യത്ത് സ്വതന്ത്ര ബിസിനസുകാർക്കു വേണ്ടിയുള്ള ആദ്യ പഴ്സനെൽ യൂട്ടിലിറ്റി വെഹിക്കിൾ എന്ന അവകാശവാദത്തോടയാണ് ഈ കൂട്ടുകെട്ടിൽ നിന്നുള്ള ആദ്യ വാഹനം — അഞ്ചു സീറ്റുള്ള ‘മൾട്ടിക്സ്’ — കഴിഞ്ഞ ജൂലൈ 18ന് ഇന്ത്യൻ വിപണിയിൽ എത്തിയത്. 2.32 ലക്ഷം മുതൽ 2.72 ലക്ഷം രൂപ വരെയാണു ‘മൾട്ടിക്സി’നു വില. പോരെങ്കിൽ ‘മൾട്ടിക്സ്’ വാങ്ങാൻ വായ്പ ലഭ്യമാക്കാൻ ഐഷർ പൊളാരിസും ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനിയുമായി ധാരണയിലുമെത്തിയിട്ടുണ്ട്.