സ്നാപ്ഡീലിൽ ഇനി പൊളാരിസ് ശ്രേണിയും

ഓഫ് റോഡ്, വാണിജ്യ വാഹനങ്ങൾ ഓൺലൈൻ വ്യവസ്ഥയിൽ വിൽക്കാൻ സ്നോമൊബൈൽ, ഓൾ ടെറെയ്ൻ വാഹന(എ ടി വി) നിർമാതാക്കളായ പൊളാരിസും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീലും ധാരണയിലെത്തി. ഇതോടെ പൊളാരിസിന്റെ ഇന്ത്യൻ ഉൽപന്ന ശ്രേണിയിലെ പതിനെട്ടോളം മോഡലുകളാണ് വാഹനവിൽപ്പനയ്ക്കായി സ്നാപ്ഡീൽ തുറന്ന ‘സ്നാപ്ഡീൽ മോട്ടോഴ്സി’ലൂടെ ഓൺലൈൻ വ്യവസ്ഥയിൽ വാങ്ങാൻ ഇടപാടുകാർക്ക് അവസരം ലഭിക്കുക. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മികച്ച യാത്രാനുഭവനം സമ്മാനിക്കാനുള്ള സാധ്യതയാണു പുതിയ സഖ്യത്തിലൂടെ കൈവരുന്നതെന്ന് സ്നാപ്ഡീൽ അവകാശപ്പെട്ടു. ഓൺലൈൻ വാഹനവ്യാപാരത്തിനു തുടക്കമിട്ട ഇ കൊമേഴ്സ് പ്ലാറ്റ്ഫോം എന്ന നിലയിൽ ഈ വിഭാഗത്തിൽ വൻവികസനമാണു സ്നാപ്ഡീൽ കൈവരിച്ചതെന്നു കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് (പാർട്ണർഷിപ്സ് ആൻഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ്) ടോണി നവീൻ അഭിപ്രായപ്പെട്ടു.

വാഹന വിഭാഗത്തിൽ കൂടുതൽ വൈവിധ്യം സൃഷ്ടിക്കാൻ സ്നാപ്ഡീൽ നിരന്തരം ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്നാപ്ഡീൽ ഇടപാടുകാർക്കിടയിൽ പൊളാരിസ് വൻതരംഗമാവുമെന്നും ടോണി നവീൻ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്നാപ്ഡീലുമായുള്ള സഹകരണത്തിലൂടെ ഓൺലൈൻ വഴി വിൽപ്പനയ്ക്കെത്തുന്ന ആദ്യ ഓഫ് റോഡ് വാഹന നിർമാതാക്കളായി കമ്പനി മാറിയെന്നു പൊളാരിസ് ഇന്ത്യ മാനേജിങ് ഡയറക്ടർ പങ്കജ് ദൂബെ അഭിപ്രായപ്പെട്ടു. പൊളാരിസിന്റെ വാണിജ്യ വാഹനങ്ങളും സ്നോമൊബൈലുമാവും സ്നാപ്ഡീലിൽ വിൽപ്പനയ്ക്കുണ്ടാവുക. ഏഴു ഭൂഖണ്ഡങ്ങളിലായി നൂറോളം രാജ്യങ്ങളിലും 23 സൈന്യങ്ങളിലും സാന്നിധ്യമുള്ള പൊളാരിസിന് സ്നാപ്ഡീലിലും മികച്ച സ്വീകാര്യത ലഭിക്കുമെന്നു ദൂബെ പ്രത്യാശിച്ചു. കഴിഞ്ഞ മാസമാണു സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഓൺലൈൻ വ്യവസ്ഥയിൽ വിൽക്കാൻ ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനിയും സ്നാപ്ഡീലുമായി ധാരണയിലെത്തിയത്. ആദ്യഘട്ടത്തിൽ ടി വി എസ് ശ്രേണിയിലെ ഒൻപതു മോഡലുകളാണു സ്നാപ്ഡീൽ വഴി വിൽപ്പനയ്ക്കുള്ളത്.

കഴിഞ്ഞ നവംബറിലാണു സ്നാപ്ഡീൽ വാഹനവ്യാപാരത്തിനുള്ള സവിശേഷ പ്ലാറ്റ്ഫോമെന്ന നിലയിൽ ‘സ്നാപ്ഡീൽ മോട്ടോഴ്സ്’ തുടങ്ങിയത്. ഇതോടെ വാഹന വിൽപ്പനയിൽ 20 ഇരട്ടി വളർച്ച രേഖപ്പെടുത്തുന്നുണ്ടെന്നാണു ഡൽഹി ആസ്ഥാനമായ സ്നാപ്ഡീലിന്റെ അവകാശവാദം. രണ്ടു വർഷത്തിനകം വാഹന വ്യാപാരത്തിൽ നിന്ന് 200 കോടി ഡോളർ(13290 കോടിയോളം രൂപ) വരുമാനം നേടാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു.