ക്വിഡിനെ വെല്ലാൻ റെഡിഗൊ എത്തുന്നു

Redi GO

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെ മൂന്നാമതു മോഡൽ ഏപ്രിൽ ആദ്യം പുറത്തിറങ്ങും. കാറിന്റെ പുറത്തിറക്കൽ കമ്പനി ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടില്ലെങ്കിലും ഏപ്രിൽ 14ന് വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ‘ഐ ടു’ എന്ന കോഡ്നാമത്തിൽ വികസിപ്പിച്ച ചെറുകാറാണ് റെഡിഗോ. നിലവിൽ ‘ഗോ’, ‘ഗോ പ്ലസ്’ എന്നീ മോഡലുകളാണു ഡാറ്റ്സൻ ശ്രേണിയിലുള്ളത്. ഫ്രഞ്ച് പങ്കാളിയായ റെനോയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ച എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ പ്ലാറ്റ്ഫോമിലാണു ഡാറ്റ്സൻ ‘റെഡിഗൊ’യും പിറവിയെടുക്കുന്നത്. ഇന്ത്യയിൽ ‘ക്വിഡി’നു പുറമെ മാരുതി സുസുക്കി ‘ഓൾട്ടോ’, ഹ്യുണ്ടേയ് ‘ഇയോൺ’ തുടങ്ങിയവയോടാകും ‘റെഡിഗോ’യുടെ പോരാട്ടം.

Redi GO

അവതരണത്തിനൊരുങ്ങിയപ്പോഴും നിസ്സാൻ ഓട്ടോ എക്സ്പോയിൽ ‘റെഡിഗോ’ പ്രദർശിപ്പിച്ചിരുന്നില്ല; പകരം ‘റെഡിഗോ’ അടിസ്ഥാനമാക്കുന്ന ക്രോസ് ഓവറായ ‘ഗോ ക്രോസ്’ ആയിരുന്നു നിസ്സാന്റെ പവിലിയനിലുണ്ടായിരുന്നത്. ‘ക്വിഡി’നെ അപേക്ഷിച്ചു സൗകര്യങ്ങളും സംവിധാനങ്ങളും കുറവാണെന്ന വിലയിരുത്തിയാണു നിസ്സാൻ ‘റെഡിഗോ’യെ ഓട്ടോ എക്സ്പോയിൽ നിന്നു പിൻവലിച്ചതെന്നാണ് അഭ്യൂഹം. ഡാറ്റ്സൻ ‘ഗോ’യിലും ‘ഗോ പ്ലസി’ലുമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാവും ‘റെഡിഗോ’യ്ക്കും കരുത്തേകുക. പരമാവധി 68 പി എസ് വരെ കരുത്ത് സൃഷ്ടിക്കുന്ന എൻജിന് ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത ലീറ്ററിന് 20.63 കിലോമീറ്ററാണ്.

Redi GO

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം 2014ലാണു നിസ്സാൻ ബജറ്റ് ബ്രാൻഡായി ഡാറ്റ്സനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ‘ഗോ’യുമായി വിപണിയിലെത്തിയ ഡാറ്റ്സനു പക്ഷേ വിൽപ്പന കണക്കെടുപ്പിൽ പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാനായില്ല. നടപ്പു സാമ്പത്തിക വർഷമാവട്ടെ ജനുവരി വരെയുള്ള കണക്കനുസരിച്ച് 7,156 യൂണിറ്റായിരുന്നു ഡാറ്റ്സന്റെ വിൽപ്പന. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലത്തെ 11,600 കാറുകൾ വിറ്റ സ്ഥാനത്താണിത്. 2015 ജനുവരിയിൽ അവതരിപ്പിച്ച ‘ഗോ പ്ലസി’ന്റെ ഏപ്രിൽ — ജനുവരി കാലത്തെ വിൽപ്പന 8,627 യൂണിറ്റായിരുന്നു.