‘ഫ്ളുവൻസി’ന്റെ നമ്പറുമായി റെനോ പരസ്യത്തിലെ ‘ഡസ്റ്റർ’

ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ പരസ്യത്തിൽ വീണ്ടും കാഞ്ഞിരപ്പള്ളി സബ് ആർ ടി ഓഫിസിൽ റജിസ്റ്റർ ചെയ്ത കാർ. കോംപാക്ട് എസ് യു വി വിപണിയിലെ ശക്തമായ മത്സരം നേരിടാൻ കമ്പനി ആഴ്ചകൾക്കു മുമ്പ് അവതരിപ്പിച്ച ‘ഡസ്റ്റർ എക്സ്പ്ലോറി’ന്റെ ടിവി പരസ്യത്തിലാണു ‘കെ എൽ 34/ബി 5785’ എന്ന നമ്പറുള്ള വാഹനം ഇടംപിടിക്കുന്നത്.

പരസ്യത്തിന്റെ ഉള്ളടക്കത്തിനും സാങ്കേതിക മികവിനുമെല്ലാമപ്പുറം ഈ റജിസ്ട്രേഷൻ നമ്പർ തന്നെയാവും ഒരു പക്ഷേ മലയാളികൾക്കു കൗതുകമാവുക. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് പ്രകാരം കാഞ്ഞിരപ്പള്ളി സബ് ആർ ടി ഒയിൽ 2012 ജൂൺ 25നു റജിസ്റ്റർ ചെയ്തതും റെനോ നിസ്സാൻ ഓട്ടമോട്ടീവ് ഇന്ത്യ നിർമിച്ചതുമായ 1461 സി സി ഡീസൽ എൻജിനുള്ള സെഡാന്(അതായതു ‘റെനോ ഫ്ളുവൻസി’ന്) അനുവദിച്ച നമ്പറാണ് ‘കെ എൽ 34/ബി 5785’. വിശദ വിലാസം ലഭ്യമല്ലെങ്കിലും വി. പി. കുര്യൻ എന്നയാളാണ് 2012 മേയിൽ തന്നെ നിർമിച്ച ഈ കാറിന്റെ ഉടമ. 2027 മാർച്ച് 31 വരെയുള്ള കാലത്തേക്ക് 1,46,400 രൂപ നികുതിയും 100 രൂപ സെസും അടച്ചിട്ടുണ്ട്; രേഖപ്രകാരം ‘ഗ്ലേഷ്യർ വൈറ്റ്’ ആണു കാറിന്റെ നിറം.

രണ്ടു വർഷം മുമ്പ് 2013 മാർച്ചിൽ പുറത്തെത്തിയ ‘ഫ്ളുവൻസ്’ സെഡാന്റെ പരസ്യത്തിലും ഇതുപോലെ കേരള (കൃത്യമായി പറഞ്ഞാൽ കാഞ്ഞിരപ്പള്ളി സബ് ആർ ടി ഒ) റജിസ്ട്രേഷനുള്ള കാറായിരുന്നു ‘മോഡൽ’. ‘കെ എൽ ഫൈവ്’ പരമ്പരയിൽ പെടുന്ന ‘എൻ 6666’ നമ്പറുള്ള ‘ഫ്ളുവൻസ്’ ആണ് അന്നത്തെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്; എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പ്രകാരം കാഞ്ഞിരപ്പള്ളി സബ് ആർ ടി ഒയിൽ 2003 മേയ് 27നു റജിസ്റ്റർ ചെയ്ത ടൊയോട്ട ‘കൊറോള’യ്ക്ക് അനുവദിച്ച നമ്പറാണ് ‘കെ എൽ 5/എൻ 6666’. പരസ്യം പ്രത്യക്ഷപ്പെടുന്ന കാലത്ത് ഈ കാറിന്റെ ഉടമസ്ഥൻ വി പി കുര്യൻ തന്നെയായിരുന്നു; പിന്നീട് 2014 ഡിസംബറിലും കഴിഞ്ഞ ഓഗസ്റ്റിലുമായി ഈ വാഹനത്തിന്റെ ഉടമസ്ഥാവകാശം രണ്ടു തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

രണ്ടു വകഭേദങ്ങളിലാണ് ‘ഡസ്റ്ററി’ന്റെ ഈ പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കുള്ളത്: ‘ഡസ്റ്റർ 85 പി എസ് ആർ എക്സ് എൽഎക്സ്പ്ലോർ’, ‘ഡസ്റ്റർ 110 പി എസ് ആർ എക്സ് എൽ എക്സ്പ്ലോർ’. കരുത്തുകുറഞ്ഞ മോഡലിന് 9.99 ലക്ഷം രൂപയും കരുത്തേറിയ മോഡലിന് 11.10 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില.

സാധാരണ ഗതിയിൽ താൽക്കാലിക റജിസ്ട്രേഷൻ നമ്പറുകളോ കാർ നിർമാണശാല സ്ഥിതി ചെയ്യുന്ന സ്ഥലത്തെ റജിസ്ട്രേഷൻ നമ്പറോ ആണു പരസ്യ ചിത്രങ്ങളിലെ കാറുകളിൽ ഉപയോഗിച്ചു കാണാറുള്ളത്. എങ്കിലും പരസ്യ ഏജൻസി, പരസ്യ ചിത്ര നിർമാണ മേഖലകളിലെ സജീവമായ മലയാളി സാന്നിധ്യത്തിനുള്ള പ്രത്യക്ഷ ഉദാഹരണമാവാം ‘ഡസ്റ്റർ എക്സ്പ്ലോർ’ പരിമിതകാല പതിപ്പിന്റെ പരസ്യവും. കഴിഞ്ഞ മാസം മാത്രം വിപണിയിലെത്തിയ ഈ ‘ഡസ്റ്ററി’ന് മൂന്നു വർഷം പഴക്കമുള്ള ‘ഫ്ളുവൻസി’ന്റെ റജിസ്ട്രേഷൻ നമ്പർ തിരഞ്ഞെടുത്തത് ഈ മേഖലയിലെ ഏതോ കോട്ടയം സ്വദേശിയുടെ കുസൃതിയാവാനേ തരമുള്ളൂ.