ഡീസൽ വാഹനങ്ങളുടെ നിരോധനം സുപ്രീം കോടതി നീക്കിയേക്കും

ഡൽഹിയിൽ 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം സുപ്രീം കോടതി നീക്കിയേക്കും. നിരോധനത്തിനുപകരം വൺ ടൈം എൻവയൺമെന്റൽ കോംപൻസിയേഷൻ സെസ് ഏർപ്പെടുത്തുന്നത് ആലോചനയിലാണെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. വാഹനം വാങ്ങുന്നവരിൽനിന്ന് ഒരു ശതമാനം സെസ് ഈടാക്കാം എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സുപ്രീം കോടതി ജ‍ഡ്ജിമാരായ ടി.എസ്. താക്കൂർ, ജസ്റ്റിസ് എ.കെ. സിക്രി, ആർ. ഭാനുമതി തുടങ്ങിയവർ അടങ്ങിയ ബഞ്ചാണ് ഈ നിർദേശങ്ങൾ മുന്നോട്ടു വച്ചത്. കൂടാതെ ഡൽഹിയിലെ വാഹനങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം പരിശോധിക്കാനുള്ള മാർഗനിർദേശങ്ങൾ ജൂലൈ നാലിനു നടക്കുന്ന വാദത്തിൽ നൽകാനും വാഹന നിർമാതാക്കളുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ 2000 സിസിക്കും അതിനു മുകളിലും എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന് ഏര്‍പ്പെടുത്തിയ നിരോധനം ഏകപക്ഷീയമാണെന്ന് കമ്പനികൾ വാദിച്ചിരുന്നു. എന്‍ജിന്‍ശേഷിയും വാതകം പുറന്തള്ളലിന്റെ അളവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) വാദം. 2000 സിസിയോ അതിനു മുകളിലോ ഉള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നാഷനല്‍ കാപ്പിറ്റല്‍ റീജിയനിലെ (എന്‍സിഎര്‍) റജിസ്‌ട്രേഷന് ഡിസംബര്‍ 16ന് കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങളുടെ റജിട്രേഷൻ കേരളത്തിലെ അഞ്ചുനഗരങ്ങളിലും ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിരുന്നു. നിരോധനം ഹൈക്കോടതി രണ്ടുമാസം സ്റ്റേ ചെയ്തിരിക്കുകയാണ്. ഡൽഹിയിലെ നിയന്ത്രണം സംബന്ധിച്ച് ജൂലൈ നാലിന് നടക്കുന്ന വാദത്തിൽ അനുകൂലവിധി ഉണ്ടാകുമെന്നാണ് വാഹന നിർമാതാക്കളുടെ പ്രതീക്ഷ. എൻജിൻ ശേഷി കൂടിയ ഡീസൽ വാഹനങ്ങൾ നിരോധിക്കുന്നതു തടഞ്ഞുകൊണ്ട് സുപ്രീം കോടതി വിധി വന്നാൽ, കേരളത്തിൽ വാഹനനിരോധനം സംബന്ധിച്ച ഹരിത ട്രൈബ്യൂണൽ വിധിക്ക് ഇതു തിരിച്ചടിയാകും.