ഓൾട്ടോയുടെ ഹൈ പെർഫോമൻ‌സ് വേർഷനുമായി സുസുക്കി

ഇന്ത്യയിലും ജപ്പാനിലുമടക്കം പല കാർ വിപണികളിലേയും ബജറ്റ് കാറാണ് ഓൾട്ടോ. സാധാരണക്കാരുടെ കാർ മോഹങ്ങളെ പൂവണിയിക്കുന്ന ഓള്‍ട്ടോയ്ക്ക് ഹൈ പെർഫോമൻസ് വേർഷനുമായി എത്തിയിരിക്കുന്നു സുസുക്കി. ഓൾട്ടോയുടെ ജാപ്പനീസ് പതിപ്പിലാണ് പുതിയ പരീക്ഷണങ്ങൾ നടത്തിയത്. അടുത്തിടെ നടന്ന 44-ാമത് ടോക്കിയോ ഓട്ടോഷോയിൽ ഓൾട്ടോ ഹൈ പെർഫോമൻസ് കാറിന്റ കൺസെപ്റ്റ് സുസുക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സുസുക്കി ഓൾട്ടോ വർക്സ് എന്ന് പേരിട്ടിരിക്കുന്ന കൺസെപ്റ്റ് മോഡലിന് ടർബോ ചാർഡിഡ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.

അഞ്ച് സ്പീഡ് ഗിയർബോക്സുള്ള കൺസെപ്റ്റ് മോഡലിന് നിലവില്‍ ജാപ്പനീസ് വിപണിയിലുള്ള വാഹനത്തെക്കാൾ അധികം കരുത്തും സ്റ്റൈലും സുസുക്കി നൽകിയിട്ടുണ്ട്. ബ്ലാക്ക് തീമിലുള്ള ഇന്റീരിയർ പുതുതലമുറ ഇൻഫോടൈൻമെന്റ് സിസ്റ്റവും, റെക്കാറോയുടെ സീറ്റുകളും കൺസെപ്റ്റിന് സുസുക്കി നൽകിയിട്ടുണ്ട്. പുറമേ പത്ത് സ്പോക്ക് ബ്ലാക്ക് അലോയ് വീലുകളും പ്രൊജക്റ്റർ ഹെഡ്​ലാമ്പും വർക്ക്സ് ഓൾട്ടോയുടെ ബാഡ്ജിങ്ങുമെല്ലാം മികച്ച സ്റ്റൈലാണ് കാറിന് നൽകുന്നത്. കഴിഞ്ഞ വർഷം സുസുക്കി പുറത്തിറക്കിയ ഓൾട്ടോ ടർബോ ആർഎസ് കൺസെപ്റ്റിന്റെ 660 സിസി 64പിഎസ് 98എൻഎം എഞ്ചിൻ തന്നെയാണ് സുസുക്കി വർക്സ് ഓൾട്ടോയിലും.