തകരാറുള്ള എയർബാഗ്: യു എസിൽ ഇനിയും 1.92 കോടി വാഹനങ്ങൾ

തകാത്ത കോർപറേഷൻ വിതരണം ചെയ്ത നിർമാണപിഴവുള്ള ഇൻഫ്ളേറ്റർ ഘടിപ്പിച്ച എയർബാഗുള്ള 1.92 കോടി വാഹനങ്ങൾ കൂടി യു എസിലുണ്ടെന്നു നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ(എൻ എച്ച് ടി എസ് എ). ഇതിൽ 40 ലക്ഷം വാഹനങ്ങളിൽ ഡ്രൈവറുടെയും മുൻസീറ്റ് യാത്രികന്റെയും ഭാഗത്ത് ഇത്തരം എയർബാഗുകളുണ്ടെന്നും അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നു.

മൊത്തം കണക്കെടുത്താൽ തകാത്ത കോർപറേഷനിൽ നിന്നുള്ള 2.34 കോടിയോളം എയർബാഗുകളാണു യു എസിൽ ഓടുന്ന കാറുകളിലും എസ് യു വികളിലും ട്രക്കുകളിലുമെല്ലാമായി നിരത്തിലുള്ളത്. നേരത്തെ ഇത്തരത്തിൽപെട്ട മൂന്നു കോടിയിലേറെ എയർബാഗുകൾ യു എസിലുണ്ടെന്നാണ് എൻ എച്ച് ടി എസ് എ കണക്കാക്കിയിരുന്നത്. ചില വാഹനങ്ങൾ ഒന്നിലേറെ തവണ കണക്കിൽപെട്ടെന്നു കണ്ടെത്തിയതിനാലാണ് എണ്ണത്തിൽ ഇപ്പോൾ കുറവു സംഭവിച്ചതെന്നും അഡ്മിനിസ്ട്രേഷൻ വിശദീകരിക്കുന്നു.

എയർബാഗ് ഇൻഫ്ളേറ്ററിൽ തകാത്ത കോർപറേഷൻ ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിർമിത ചെറു പേടകം പൊട്ടിത്തെറിച്ച് മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താനുള്ള സാധ്യതയാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. ജപ്പാനിൽ നിന്നുള്ള തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗ് സൃഷ്ടിച്ച അപകടങ്ങളിൽ ആറോളം പേർ മരിച്ചെന്നാണു കണക്ക്. നിർമാണ പിഴവുള്ള എയർബാഗിന്റെ പേരിൽ ലോകവ്യാപകമായി ദശലക്ഷക്കണക്കിനു വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കേണ്ടതായും വന്നു.

ഈർപ്പമേറിയ സാഹചര്യങ്ങൾ ഇൻഫ്ളേറ്ററിലെ രാസവസ്തുവിനെ സ്വാധനീക്കാൻ സാധ്യതയുണ്ടെന്നു തകാത്ത കോർപറേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്; ഇതോടെ പൊട്ടിത്തെറിയോടെ എയർബാഗ് വിന്യസിക്കപ്പെടുന്നതാണ് അപകടങ്ങളിലേക്കു നയിക്കുന്നത്. പൊട്ടിത്തെറിക്കിടെ മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താൻ സാധ്യതയുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു. ഇതിനു പുറമെ നിർമാണപ്രക്രിയയിലെ ഘടകങ്ങളും പൊട്ടിത്തെറിക്കു വഴിതെളിച്ചേക്കാമെന്നാണു തകാത്ത കോർപറേഷന്റെ നിഗമനം.

ടൊയോട്ടയും ഹോണ്ടയുമടക്കം ലോകത്തെ 11 മുൻനിര വാഹന നിർമാതാക്കൾ ഉപയോഗിക്കുന്ന എയർബാഗിൽ നിർമാണപിഴവുണ്ടെന്നു കഴിഞ്ഞ മേയിലാണു തകാത്ത കോർപറേഷൻ അംഗീകരിച്ചത്.