ഫോക്സ്‍‌വാഗനുമായി ചർച്ച നടക്കുന്നുണ്ടെന്നു ടാറ്റ

ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഫോക്സ്‍‌വാഗനുമായി സഖ്യസാധ്യത ചർച്ച ചെയ്യുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്സ്. പുതിയ അഡ്വാൻസ്ഡ് മൊഡുലാർ പ്ലാറ്റ്ഫോം(എ എം പി) വികസനം, ജർമൻ നിർമാതാക്കൾക്കു വേണ്ടി കരാർ അടിസ്ഥാനത്തിൽ വാഹനം നിർമിക്കാനായി പുതിയ സംയുക്ത സംരംഭം തുടങ്ങിയവയൊക്കെ പരിശോധിക്കുന്നുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു. ചർച്ചകൾ നടക്കുന്നുണ്ടെന്നല്ലാതെ മറ്റൊന്നും ഈ ഘട്ടത്തിൽ പ്രഖ്യാപിക്കാനില്ലെന്നും ടാറ്റ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ ഗ്വന്റെർ ബട്ഷെക് വ്യക്തമാക്കി. ചർച്ചയുടെ പുരോഗതി സംബന്ധിച്ച് എന്തെങ്കിലും വെളിപ്പെടുത്താനും അദ്ദേഹം വിസമ്മതിച്ചു.

രണ്ടു വർഷത്തിനകം ഇന്ത്യൻ വാഹന നിർമാതാക്കളിൽ മൂന്നാം സ്ഥാനത്തെത്താനാണു ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ഫോക്സ്‍‌വാഗനുമായി സഹകരിക്കാനുള്ള പദ്ധതിയെന്നും ബട്ഷെക് വിശദീകരിക്കുന്നു.
ആഭ്യന്തര വിപണിയിൽ വിൽപ്പന ഗണ്യമായി ഉയർന്നാൽ പോലും വൻതോതിലുള്ള ഉൽപ്പാദനത്തിന്റെ ഗുണഫലങ്ങൾ ലഭ്യമാവുമെന്നു കരുതുന്നില്ല. ഈ സാഹചര്യത്തിലാണ് എ എം പിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തയാറുള്ള വിവിധ വിദേശ നിർമാതാക്കളുമായി സഹകരണത്തിനു കമ്പനി വഴി തേടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അടുത്ത വർഷത്തോടെ പുറത്തിറക്കുന്ന പുതിയ എ എം പി പ്ലാറ്റ്ഫോം വഴി കൂടുതൽ വിൽപ്പന കൈവരിക്കാനാവുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ പ്രതീക്ഷ. ഉൽപ്പാദനം ഗണ്യമായി ഉയരുന്നതോടെ ചെലവ് കുറയ്ക്കാനും മത്സരക്ഷമത ഉയർത്താനുമാവുമെന്ന് ബട്ഷെക് അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ശരിയായ പങ്കാളിയെ കണ്ടെത്തുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ നീക്കമാവുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. നിർദിഷ്ട പങ്കാളിയുമായുള്ള സഹകരണം എത്തരത്തിലാവുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നാണു ബട്ഷെക്കിന്റെ നിലപാട്. പ്രസ്തുത സഹകരണം സംയുക്ത സംരംഭമോ സാങ്കേതികതലത്തിലെ പങ്കാളിത്തമോ ആവാനുള്ള സാധ്യതയും അദ്ദേഹം തള്ളുന്നില്ല.