ടെസ്‌ല മോഡൽ 3 സെഡാൻ ബുക്കിങ് ഇന്ത്യയില്‍

അടുത്ത വർഷം പുറത്തിറങ്ങുന്ന മോഡൽ 3 ഇലക്ട്രിക് ഹൈബ്രിഡ് സെഡാന്റെ മാതൃക ടെസ്‌ല പ്രദർശിപ്പിച്ചു. കാലിഫോർണിയയിലെ ഹൊത്തണിൽ നടന്ന ചടങ്ങിൽ ടെസ്‌ലയുടെ സീ ഇ ഒ ഇലോൺ മസ്കാണ് പുതിയ സെഡാൻ പ്രദർശിപ്പിച്ചത്. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ 130000 ഓർഡറുകൾ കാറിനു ലഭിച്ചിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. 35000 അമേരിക്കൻ ഡോളറാണ് (ഏകദേശം 23.2 ലക്ഷം രൂപ) പ്രതീക്ഷിക്കുന്ന വില.

വ്യത്യസ്ത നിറങ്ങളിലുള്ള മൂന്നു കാറുകളാണ് കമ്പനി പ്രദർശിപ്പിച്ചത്. നാലു ഡോർ മോഡലുകളാണ് മോഡൽ 3. മുന്നിൽ ഗ്രിൽ ഫീച്ചറില്ല എന്നുള്ളതാണ് പ്രധാന ആകർഷണം. മുന്‍ഭാഗത്താരംഭിക്കുന്ന പനോരമിക് ഗ്ലാസ് പെയ്ന്‍ പിൻഭാഗം വരെ നീളുന്നു. ആ‍ഡംബരവാഹന നിരയിലേയ്ക്കാണ് പുതിയ ഇലക്ട്രിക് ഹൈബ്രിഡ് സെഡാൻ മോഡൽ 3 എത്തുന്നത്. അതിനാൽ ആഡംബരക്കാറുകളോടും ഇലക്ട്രിക് കാറുകളോടും വിപണിയിൽ ഒരുപോലെ മൽസരിക്കണേണ്ടതുണ്ട്. ആഡംബരനിരയിൽ ഔഡി എ4, ബി എം ഡബ്യൂ 3-സീരിസ് (ഗ്യാസൊലിൻ ഇന്ധനം) തുടങ്ങിയവയുമായും ഇലക്ട്രിക് കാറുകളുടെ നിരയിൽ ജനറൽ മോട്ടോഴ്സിന്റെ ഷെവർലെ ബോൾട്ട് ഇ വി, നിസാന്റെ ലീഫ് ഇലക്ട്രിക് കാർ എന്നിവയുമായുമാകും മൽസരം നടക്കുക.

2016 അവസാനം ബീറ്റ് ഇലക്ട്രിക് വേർഷൻ പുറത്തിറക്കുമെന്ന് ജനറൽ മോട്ടോഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്‌ല മോഡൽ 3യുടെ വിലയോടടുത്ത വിലയിൽ പുറത്തിറങ്ങുന്ന ബീറ്റിന് 200 മൈൽ ഒറ്റ ചാർജിൽ സഞ്ചരിക്കാനാകും. ഏകദേശം ഇതേ വിലയിൽ പുറത്തിറങ്ങുന്ന നിസാന്റെ ലീഫ് ഇലക്ട്രിക് കാർ 200 മൈലിലധികം ഡ്രൈവിങ് റെയ്ഞ്ചോടു കൂടെയാണെത്തുന്നത്. ഇതും ടെസ്‌ലയുടെ സെഡാനു തിരിച്ചടിയാകും.

പുതിയ മോഡല്‍ പുറത്തിറങ്ങുന്ന വാർത്ത പരന്നതോടെ ഓഹരിവിപണിയിൽ ടെസ്‌ല വൻകുതിപ്പ് കൈവരിച്ചിരിക്കുന്നു. പുതിയ മോഡലിന്റെ വിജയം കമ്പനിയുടെ വളർച്ചയിൽ നിർണായകമാണ്. പുതിയ മോഡലിന്റെ പ്രദർശനത്തോട് അടുത്ത ദിവസങ്ങളിൽ കമ്പനിയുടെ ഓഹരി മൂല്യം വൻ കുതിപ്പ് നേടിയിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കുറഞ്ഞ ഓഹരിവിലയായ 141.05 ഡോളറിൽ നിന്നും ഓഹരിവില ഒന്നിന് 230 ഡോളർ കൈവരിച്ചിരിക്കുകയാണ് കമ്പനി.

2020ൽ പ്രതിവർഷം അഞ്ചു ലക്ഷം കാർ വിൽപന കൈവരിക്കുകയെന്ന ലക്ഷ്യം ഈ മോഡൽ 3-യിലൂടെ നേടാനാകുമെന്നു കമ്പനി കണക്കുകൂട്ടുന്നു. നെവാഡയിലുള്ള ടെസ്‌ല ബാറ്ററി നിർമാണ ശാഖ ജിഗാഫാക്ടറിയുടെ വളർച്ചയും ഈ കാറിന്റെ വിജയത്തിലൂടെ നേടാനാകും. അതേ സമയം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന ടെസ്‌ലയ്ക്ക് ഈ പ്രൊജക്ട് ഉടൻ പൂർത്തിയാക്കാനാകില്ലെന്ന് ഒരു കൂട്ടർ അവകാശപ്പെടുന്നു. ഫെബ്രുവരിയിൽ വരുമാനം നേടിത്തുടങ്ങിയെന്നും പുതിയ മോ‍ഡലിന്റെ നിർമാണം കമ്പനി നിശ്ചിത സമയത്തു പൂർത്തിയാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. കുതിച്ചുയരുന്ന ബാറ്ററി വിലയാണ് ഇലക്ട്രിക് കാറുകളുടെ നിർമാണത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.