ടെസ്‌ലയുടെ ‘മോഡൽ ത്രീ’ക്കു തകർപ്പൻ സ്വീകരണം

Tesla Model 3

പുതിയ കാറായ ‘മോഡൽ ത്രീ’ക്ക് നാലു ലക്ഷത്തോളം ഓർഡറുകൾ ലഭിച്ചതായി ആഡംബര വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ല മോട്ടോഴ്സ്. കാറിനു ലഭിച്ച സ്വീകരണം കമ്പനിയെ പോലും അത്ഭുതപ്പെടുത്തിയെന്നു ടെസ്‌ല മോട്ടോഴ്സ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എലോൻ മസ്ക് വെളിപ്പെടുത്തി. കഴിഞ്ഞ ഏഴു വരെ കാറിന് 3.25 ലക്ഷം ബുക്കിങ് ലഭിച്ചെന്നായിരുന്നു ടെസ്ല മോട്ടോഴ്സിന്റെ കണക്ക്. കുറഞ്ഞ വിലയ്ക്കു വിൽക്കാനാവുന്ന കാർ എന്ന സങ്കൽപ്പത്തിലാണു ടെസ്‌ല മോട്ടോഴ്സ് ‘മോഡൽ ത്രീ’ വികസിപ്പിച്ചത്.
കാർ ഔദ്യോഗികമായി അനാവരണം ചെയ്യുന്നതിനു മുമ്പു തന്നെ നൂറുകണക്കിന് വാഹന പ്രേമികളാണുടെസ്ല ഡീലർഷിപ്പുകൾക്കു മുമ്പിൽ തമ്പടിച്ചിരിക്കുന്നത്. 2017ൽ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന കാറിന് 35,000 ഡോളർ(ഏകദേശം 23.30 ലക്ഷം രൂപ) ആണു വില പ്രതീക്ഷിക്കുന്നത്; നിലവിൽ ടെസ്ല വിപണിയിലെത്തിക്കുന്ന ജനപ്രിയ മോഡലായ ‘മോഡൽ എസി’ന്റെ വിലയുടെ പകുതിയോളം മാത്രമാണിത്. ഒറ്റത്തവണ ചാർജ് ചെയ്താൽ കാർ 215 മൈൽ (ഏകദേശം 346 കിലോമീറ്റർ) ഓടുമെന്നാണു ടെസ്‌ലയുടെ വാഗ്ദാനം.

Tesla Model 3

നെവാദയിൽ കമ്പനി സ്ഥാപിക്കുന്ന ബാറ്ററി പ്ലാന്റ് നിർമാണം പൂർത്തിയാവുന്നതിനെ ആശ്രയിച്ചാണു ബജറ്റ് സെഡാനായ ‘മോഡൽ ത്രീ’യുടെ അരങ്ങേറ്റമെന്നും മസ്ക് മുമ്പു വ്യക്തമാക്കിയിരുന്നു. ‘മോഡൽ ത്രീ’ യാഥാർഥ്യമാവണമെങ്കിൽ നിർദിഷ്ട ഗിഗാ ഫാക്ടറി പൂർണതോതിൽ പ്രവർത്തനം തുടങ്ങേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ നാലു ഡോറുള്ള സെഡാനായ ‘മോഡൽ എസും’ വൈദ്യുത എസ് യു വിയായ ‘മോഡൽ എക്സു’മാണു ടെസ്‌ലയുടെ മോഡൽ ശ്രേണിയിലുള്ളത്. ഗൾ വിങ് രൂപകൽപ്പനയുള്ള എസ് യു വിയായ ‘മോഡൽ എക്സ്’ വിൽപ്പന കഴിഞ്ഞ സെപ്റ്റംബറിലാണു തുടങ്ങിയത്; ഈ ഏപ്രിൽ വരെ രണ്ടായിരത്തി എഴുനൂറോളം ‘മോഡൽ എക്സ്’ എസ് യു വികൾ ടെസ്‌ല ഉടമകൾക്കു കൈമാറിയിട്ടുണ്ട്.