ആപ്പിലായ കള്ളൻ

Tesla model s p85d

പാർക്കിങ് ഏരിയയിൽ നിന്ന് കാർ മോഷ്ടിച്ച കള്ളൻ സ്വപ്നത്തിൽപ്പൊലും കരുതിക്കാണില്ല ഇത്രപെട്ടെന്ന് ആപ്പിലാകുമെന്ന്. കാർ ഉടമസ്ഥ മോഷണവിവരം അറിഞ്ഞ് പൊലിസിൽ പരാതിപ്പെടുമ്പോഴേക്കും രക്ഷപെടാം എന്നായിരുന്നു പാവം കരുതിയത്‍ എന്നാൽ ആ ചിന്ത അസ്ഥാനത്തായി എന്നുമാത്രമല്ല കുടുങ്ങുകയും ചെയ്തു.

കാനഡയിലെ വാൻകോവറിലാണ് സംഭവം. കൺസേർട്ടിന് പോകാനായി ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട തന്റെ ടെസ്‌ല മോഡൽ എസ് പി85ഡി മോഷണം പോയി എന്ന് കാറ്റിയ പിൻകോവിസ്കി അറിയുന്നത് തിരിച്ചെത്തുമ്പോഴാണ്. വാഹനം കാണാനില്ല എന്നറിഞ്ഞു കാറ്റിയ അൽപ സമയം വിഷമിച്ചെങ്കിലും പിന്നീടാണ് ടെസ്‌ല കാർ ലോക്കേഷന്‍ ആപ്പിന്റെ കാര്യമോർത്തത് ഉടനെ ഭർത്താവിനെ വിളിച്ചു കാർ മോഷണം പോയവിവരവും കൂടെ ആപ്പിൽ കാര്‍ എവിടെയാണെന്ന് നോക്കാനും ആവശ്യപ്പെട്ടു. ആപ്പ് കൃത്യമായി വിവരം നൽകി കാർ തൊട്ടടുത്ത പട്ടണത്തിലുണ്ടെന്ന്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ച് കള്ളനെ ആപ്പിലാക്കുകയും ചെയ്തു.

കാറിന്റെ താക്കോൽ അബദ്ധവശാൽ കാറിനുള്ളിൽ വെച്ചതാണ് കാറ്റിയയ്ക്ക് വിനയായത്. താക്കൊലോടെ കാർ അടിച്ചുമാറ്റിയ 24 കാരൻ പിടിയിലാവുമെന്ന് കരുതിയില്ല. ഇലക്ട്രിക് കാറായ ടെസ്‌ല എപ്പോഴും ഇന്റർനെറ്റുമായി കണക്റ്റഡായിരിക്കും, അതുതന്നെയാണ് കാറ്റിയയുടെ രക്ഷകനായതും. അമേരിക്കൻ കമ്പനിയായ ടെസ്‌ലയുടെ ഇലക്ട്രിക് കാറാണ് ടെസ്‌ല മോഡൽ എസ് പി85ഡി. ഒറ്റ ചാർജിൽ 510 കിലോമീറ്റർവെരെ സഞ്ചരിക്കും എന്ന കമ്പനി അവകാശപ്പെടുന്ന കാർ അമേരിക്കയിൽ ഏറ്റവും അധികം വിൽപ്പനയുള്ള ഇലക്ട്രിക്ക് കാറുകളിലൊന്നാണ്.