സീറ്റ് ബെൽറ്റ്: ‘മോഡൽ എസ്’ മുഴുവൻ തിരിച്ചുവിളിച്ചു ടെസ്ല

സീറ്റ് ബെൽറ്റിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ഇതുവരെ വിറ്റ ‘മോഡൽ എസ്’ സെഡാൻ പൂർണമായി തിരിച്ചു വിളിക്കാൻ കലിഫോണിയ ആസ്ഥാനമായ വൈദ്യുത കാർ നിർമാതാക്കളായ ടെസ്ല മോട്ടോഴ്സ് തീരുമാനിച്ചു. യാത്രയ്ക്കിടെ മുൻസീറ്റ് ബെൽറ്റ് സ്വയം അഴിഞ്ഞെന്ന പരാതിയുടെ പശ്ചാത്തലത്തിലാണു ടെസ്ലയിൽ നിന്നുള്ള ഈ അപൂർവ നടപടി. ആഗോളതലത്തിൽ 90,000 ‘മോഡൽ എസ്’ കാറുകളാണു കമ്പനി തിരിച്ചുവിളിക്കുന്നത്. പരിശോധന സംബന്ധിച്ചു ടെസ്ല കാർ ഉടമകൾക്ക് ഇ മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്.

അതേസമയം, മറ്റു മോഡലുകളായ ‘മോഡൽ എക്സ്’, ‘റോഡ്സ്റ്റർ’ എന്നിവയ്ക്ക് പരിശോധന ആവശ്യമില്ലെന്നും ടെസ്ല മോട്ടോഴ്സ് വ്യക്തമാക്കി. അതുപോലെ ‘മോഡൽ എസി’ന്റെ പിൻസീറ്റിലെ ബെൽറ്റുകളിലും പ്രശ്നമൊന്നുമില്ല. ‘മോഡൽ എസി’ന്റെ മുൻ സീറ്റ് ബെൽറ്റിനെക്കുറിച്ചു യൂറോപ്പിൽ നിന്നാണു പരാതി ഉയർന്നത്. പിൻസീറ്റിലിരുന്നവരോട് സംസാരിക്കാനായി തിരിഞ്ഞ വേളയിൽ സീറ്റ് ബെൽറ്റ് സ്വയം അഴിഞ്ഞെന്നായിരുന്നു രണ്ടാഴ്ച മുമ്പ് കമ്പനിക്കു ലഭിച്ച പരാതി. ഈ കാറിലെ സീറ്റ് ബെൽറ്റ് ആങ്കർ ശരിയായി ബോൾട്ട് ചെയ്ത് ഉറപ്പിക്കാത്തതായിരുന്നു പ്രശ്നമെന്നാണു കമ്പനി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. തുടർന്നു മൂവായിരത്തോളം കാറുകൾ കൂടി പരിശോധിച്ചെങ്കിലും ഒന്നിൽ പോലും സമാന തകരാർ കണ്ടെത്തിയില്ല. എങ്കിലും എല്ലാ ‘മോഡൽ എസ്’ കാറുകളും പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണു ടെസ്ലയുടെ തീരുമാനം.

സീറ്റ് ബെൽറ്റുകൾ ഭദ്രമാണെന്ന് ഉറപ്പാക്കാൻ സർവീസ് സെന്റർ സന്ദർശിക്കാനാണു കാർ ഉടമകളോടു ടെസ്ലയുടെ അഭ്യർഥന. ആഗോളതലത്തിൽ 125 സർവീസ് സെന്ററുകളാണു കമ്പനിക്കുള്ളത്. വാഹന ഉടമകളിൽ 83 ശതമാനവും സർവീസ് സെന്ററിനു സമീപമുള്ളവരാണെന്നാണു ടെസ്ലയുടെ കണക്ക്. ദൂരെയുള്ളവർക്കായി മൊബൈൽ സർവീസ് സൗകര്യം ഏർപ്പെടുത്താനു ടെസ്ലയ്ക്കു പദ്ധതിയുണ്ട്. മുമ്പും പല തവണ തിരിച്ചുവിളിച്ചു പരിശോധിക്കേണ്ടി വന്ന കാറാണു ‘മോഡൽ എസ്’. ചാർജിങ് വേളയിൽ കണക്റ്റർ അഡാപ്റ്റർ അമിതമായി ചൂടാവുന്നതു തടയുന്നവിധത്തിൽ സോഫ്റ്റ്‌വെയർ പരിഷ്കരിക്കാനായി 2014 ജനുവരിയിലാണു ടെസ്ല ‘മോഡൽ എസ്’ അവസാനമായി തിരിച്ചുവിളിച്ചത്.