Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയം ഓടുന്ന കാറുകൾ വാങ്ങാനൊരുങ്ങി യൂബർ

uber-taxi

ഡ്രൈവറുടെ നിയന്ത്രണമില്ലാതെ, സ്വയം ഓടുന്ന കാറുകൾ വൻതോതിൽ വാങ്ങാൻ ഓൺലൈൻ ടാക്സി സംരംഭമായ യൂബർ ഒരുങ്ങുന്നു. നിലവിൽ ടാക്സി മേഖലയിലെ പ്രവർത്തന ചെലവിൽ ഗണ്യമായ പങ്കു ഡ്രൈവർമാരുടെ വേതനമാണ്. കമ്പനിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ഡ്രൈവർമാരെ ഒഴിവാക്കി ചെലവ് ചുരുക്കാൻ യൂബർ ശ്രമിക്കുന്നതെന്നാണു സൂചന. ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡിയും ഡെയമ്‌ലർ എ ജിയുടെ കീഴിലുള്ള മെഴ്സീഡിസ് ബെൻസും ജർമൻ നിർമാതാക്കളായ ബി എം ഡബ്ല്യുവും വാഹനഘടക നിർമാതാക്കളായ ബോഷും കോണ്ടിനെന്റലും മാത്രമല്ല ഇന്റർനെറ്റ് മേഖലയിൽ നിന്നുള്ള ഗൂഗിളും സ്വയം ഓടുന്ന വാഹനങ്ങൾ യാഥാർഥ്യമാക്കാനുള്ള ഗവേഷണങ്ങളിൽ മുഴുകിയിട്ടുണ്ട്. ഡ്രൈവറെ പൂർണമായി ഒഴിവാക്കാൻ കഴിയില്ലെങ്കിൽ ഭാഗികമായിട്ടെങ്കിലും സ്വയം ഓടുന്ന കാറുകൾ സാക്ഷാത്കരിക്കാനാണു കമ്പനികളുടെ ശ്രമം.

അതിനിടെ മെഴ്സീഡിസ് ബെൻസിൽ നിന്ന് ഒരു ലക്ഷത്തോളം ‘എസ് ക്ലാസ്’ വാങ്ങാൻ യൂബർ തീരുമാനിച്ചെന്നു കഴിഞ്ഞ ദിവസം ജർമൻ മാസികയായ മാനേജർ മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. സ്വയം ഓടിക്കാനുള്ള കഴിവ് പൂർണമായും വികസിപ്പിച്ചിട്ടില്ലാത്ത ‘എസ് ക്ലാസ്’ ഒരു ലക്ഷത്തോളം എണ്ണമായിരുന്നു കഴിഞ്ഞ വർഷം മെഴ്സീഡിസ് വിറ്റത്. എന്നാൽ ഈ ഇടപാടിനെക്കുറിച്ചു പ്രതികരിക്കാൻ മെഴ്സീഡിസോ യൂബറോ തയാറായിട്ടില്ല.അതേസമയം സാങ്കേതികവിദ്യ — സോഫ്റ്റ്‌വെയർ മേഖലയിൽ നിന്നുള്ള നവാഗതരുമായി വമ്പൻ ഇടപാടുകൾ നടത്താൻ വമ്പൻ കമ്പനികൾ വിമുഖത കാട്ടുന്നതായും സൂചനയുണ്ട്. കാർ നിർമാണത്തെയും വിൽപ്പനയെയും അട്ടിമറിക്കാൻ പ്രാപ്തിയുള്ള ബിസിനസ് മാതൃകകളുമായി ഇടപെടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നാണു പല കമ്പനികളുടെയും വിലയിരുത്തൽ. മൊബൈൽ ഹാൻഡ്സെറ്റ് നിർമാണ രംഗത്ത് തകർപ്പൻ വിജയം കൊയ്തശേഷം നാമാവശേഷമായ നോക്കിയയുടെ ഉദാഹരണമാണു പല കമ്പനികളും ഓർമിക്കുന്നത്.

അതേസമയം ഗൂഗിളിനെ പോലുള്ള സമ്പന്ന കമ്പനികളുടെ രംഗപ്രവേശം ഡ്രൈവർ ആവശ്യമില്ലാത്ത കാറുകളുടെ വികസനത്തിന് ഏറെ ഉണർവ് പകർന്നിട്ടുണ്ട്. ഗൂഗിളിന്റെ വരവിൽ പ്രചോദിതരായ മെഴ്സീഡിസ് ബെൻസ് 2013 ഓഗസ്റ്റിൽ ഡ്രൈവറുടെ സഹായമില്ലാതെ ‘എസ് ക്ലാസ്’ ഓടിച്ചു കാണിക്കുകയും ചെയ്തു. മാൻഹൈം മുതൽ ഫോർസൈം വരെ നീളുന്ന, 103 കിലോമീറ്റർ ദൂരമുള്ള ബെർത്ത ബെൻസ് റൂട്ടിലായിരുന്നു ഈ കാറിന്റെ വിജയകരമായ പരീക്ഷണ ഓട്ടം.

Your Rating: