‘റെഡി ഗൊ’: വനിതകൾക്ക് ഇളവുമായി ഡാറ്റ്സൻ

രാജ്യാന്തര വനിതാദിനാഘോഷത്തോടനുബന്ധിച്ചു ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യയും പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. വനിതകളോടുള്ള ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കാൻ ‘റെഡി ഗൊ’യ്ക്ക് 8,000 രൂപ ഇളവാണു ഡാറ്റ്സൻ ഇന്ത്യയുടെ പ്രധാന വാഗ്ദാനം. കൂടാതെ വനിതാദിനാഘോഷത്തോടനുബന്ധിച്ച് ആധുനിക വനിതയുടെ ആഘോഷമെന്ന നിലയിൽ ‘ഡ്രിവൺ ബൈ ഹെർ’ എന്ന ഹാഷ്ടാഗിലുള്ള പ്രചാരണത്തിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്. വനിതാ ഡ്രൈവർമാരോടുള്ള ഇപ്പോഴത്തെ നിലപാടിൽ മാറ്റം വരുത്താനും അവരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമൊക്കെയാണു കമ്പനി ലക്ഷ്യമിടുന്നത്.

രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീത്വത്തിന്റെയും അവരുടെ നേട്ടങ്ങളുടെയും ആഘോഷമായി ‘ഡ്രിവൺ ബൈ ഹെർ’ പ്രചാരണത്തിനു തുടക്കമിടുന്നതിൽ ആഹ്ലാദമുണ്ടെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സീനീയർ വൈസ് പ്രസിഡന്റ്(സെയിൽസ്, നെറ്റ്വർക്ക് ആൻഡ് കസ്റ്റമർ റിലേഷൻസ്) സതീന്ദർ സിങ് ബജ്വ അഭിപ്രായപ്പെട്ടു. ‘റെഡി ഗൊ’ വാങ്ങാനെത്തുന്ന വനിതാ ഉപയോക്താക്കൾക്കായി പ്രത്യേക ഇളവുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്. കൂടുതൽ വനിതകൾ സ്വന്തമായി കാർ വാങ്ങുന്നതോടെ അവരുടെ ശാക്തീകരണത്തിനും സഞ്ചാരസ്വാതന്ത്യ്രത്തിനും അവസരമൊരുങ്ങുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വനിതാ ദിനമായ ബുധനാഴ്ച രാജ്യമെങ്ങുമുള്ള നിസ്സാൻ, ഡാറ്റ്സൻ ഷോറൂമികളിൽ വനിതകൾക്കുള്ള പ്രത്യേക ഇളവുകൾ ലഭ്യമാവുമെന്നു കമ്പനി അറിയിച്ചു.