ഏറ്റവും വേഗതയേറിയ സൂപ്പർ ചാർ‍ജിഡ് ബൈക്ക് ദുബായിയിൽ

ലോകത്തിലെ ഏറ്റവും വേഗതയുള്ള സൂപ്പർ ചാർജിഡ് ബൈക്ക് കാവസാക്കി നിൻജ എച്ച്2 യുഎഇ വിപണിയിലെത്തി. കഴിഞ്ഞ ദിവസം കാവസാക്കിയുടെ ദുബായി ഷോറൂമിൽ നടന്ന ചടങ്ങിൽ മോട്ടോർസ്പോർസ് ചാമ്പ്യനും യുഎഇ ഓട്ടോമൊബൈൽ ആന്റ് ടൂറിങ് ക്ലബ് പ്രസിഡന്റും ഫീഫ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബെൻ സുലൈനും ഷെയ്ക് ഖാലിദ് അബ്ദുൾ അസീസ് അൽ ഖ്വാഷ്മിയും ചേർന്നാണ് എച്ച് 2 പുറത്തിറക്കിയത്. കാവസാക്കിയുടെ യുഎഇ ഡീലർമാരായ ലിബർട്ടി ഓട്ടോമൊബൈൽ കമ്പനിയുടെ ഷോറൂമുകൾ വഴി മാത്രമേ നിൻജ എച്ച് 2 ലഭ്യമാകുകയുള്ളു.

ഒരു ലീറ്റര്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള സൂപ്പര്‍ബൈക്കുകളില്‍ സൂപ്പര്‍ ചാര്‍ജര്‍ ഉപയോഗിക്കുന്ന ഏക മോഡലാണ് നിന്‍ജ എച്ച് 2. ഇന്ത്യയിൽ കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയ ബൈക്ക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹീന്ദ്ര സിംഗ് ധോണി സ്വന്തമാക്കിയിരുന്നു.

കാവസാക്കി സൂപ്പര്‍ബൈക്കിന്റെ 998 സിസി , 4 സിലിണ്ടര്‍ , സൂപ്പര്‍ ചാര്‍ജ്ഡ് എന്‍ജിന് 197 ബിഎച്ച്പി കരുത്തും 133 എംഎം ടോർക്കുമുണ്ട്. 2.5 സെക്കൻഡുകൊണ്ടു പൂജ്യത്തിൽ നിന്ന് 100 ലെത്തുന്ന എച്ച്2 ന്റെ പരമാവധി വേഗം മണിക്കൂറിൽ 300 കിമീയാണ്. ഏകദേശം 29 ലക്ഷം രൂപയാണ് നിൻജ എച്ച്1 ന്റെ ഇന്ത്യൻ വില.