ഐഎൻഎസ് വിരാടിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് മലയാളി ഓഫീസര്‍

INS Viraat and INS Venduruthy Commanding Officer Commodore G Prakash

ഐഎൻഎസ് വെണ്ടുരുത്തിയുടെ കമാൻഡിങ് ഓഫിസർ കമഡോർ ജി. പ്രകാശ് ഐഎൻഎസ് വിരാടിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു

1990 മുതൽ 1992 വരെ വിരാട് എന്ന വിമാനവാഹിനിക്കപ്പലി‍ൽ നിന്നു വിമാനം പറന്നുയർത്താൻ ലഭിച്ച അവസരം ഏറെ അഭിമാനത്തോടെയാണ് ഓർക്കുന്നത്. ലോകത്തുടനീളം വിമാനവാഹിനി കപ്പലുകളിൽ നിന്നും പറക്കുന്ന എല്ലാ വൈമാനികരും അവരുടെ കപ്പലിനെ 'മദർ’ എന്നാണു അഭിസംബോധന ചെയ്യുന്നത്. ഓരോ പറക്കലിന്നു ശേഷവും തിരികെ അമ്മയുടെ മടിത്തട്ടിലേക്കു വന്നിറങ്ങുമ്പോൾ ഉണ്ടാകുന്ന സന്തോഷം അവർണനീയമാണ്. നാവികസേനയുടെ സീ കിങ് മാർക്ക് 42 ബി ഹെലികോപ്റ്ററിലാണു വിരാടിൽ ആദ്യമായി ഞാൻ വന്നിറങ്ങുന്നത്. തൊണ്ണൂറുകളിൽ ലോകത്തുണ്ടായിരുന്ന ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിൽ ഒന്നായിരുന്നു സീ കിങ് മാർക്ക് 42 ബി. വിരാടിലേക്കുള്ള ഞങ്ങളുടെ ഓരോ വിന്യാസവും മാസങ്ങൾ നീണ്ടുനിന്നു. സീ ഹാരിയേഴ്‌സ് എന്ന പോർ വിമാനങ്ങളും ഏയ്ഞ്ചൽസ് എന്നു വിളിക്കപ്പെട്ടിരുന്ന ചേതക് ഹെലികോപ്റ്ററുകളും ഞങ്ങളോടൊപ്പം വിരാടിലെത്തുമായിരുന്നു. അപ്രതീക്ഷിതമായി അപകടമോ ആപത്തോ ഉണ്ടായാൽ രക്ഷിക്കാനെത്തുന്ന മാലാഖയായിരുന്നു ചേതക്.

INS Viraat

1988ൽ നാവിക സേനയിൽ പുതുതായി ചേർന്ന സീ കിങ് മാർക്ക് 42 ബിയുമായി വിരാടിൽ എത്തുമ്പോൾ ഐഎൻഎസ് വിക്രാന്തിൽ നിന്നുള്ള സേവന പരിചയമായിരുന്നു എനിക്കു മുതൽക്കൂട്ട്. അനന്തമായ ആഴിപ്പരപ്പിൽ, മറ്റു യുദ്ധക്കപ്പലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വിരാടിലേക്കു പറന്നിറങ്ങാനൊരുങ്ങുമ്പോൾ കാറ്റിന്റെ ഗതിയിലേക്കു തിരിയുന്ന കപ്പൽ തിരിയേണ്ടതുണ്ട്. ഈ സമയത്തു ഉണ്ടാകുന്ന ജലരേഖകൾ അപൂർവ കാഴ്ചയാണ്. 1982ൽ എച്ച്എംഎസ് ഹെർമിസ് എന്ന പേരിൽ ഇംഗ്ലണ്ടിനു വേണ്ടി, ലോകം കണ്ട അവസാന പരമ്പരാഗത നാവികയുദ്ധമെന്നു വിശേഷിപ്പിക്കുന്ന ഫോക്‌ലന്റിൽ പോരാടിയ വിരാട് ആധുനികതയുടെയും നൂതന സാങ്കേതികതയുടെയും പ്രതീകമായിരുന്നു. 

INS Viraat

വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നടക്കുമ്പോൾ കപ്പലിന്റെ മേൽത്തട്ടിൽ എല്ലാവരും നിർബന്ധമായി ഓടണമായിരുന്നു. ഓരോ ദൗത്യത്തിന്റെയും നിർദേശങ്ങൾ ലഭിക്കുമ്പോൾ ഞങ്ങൾ അവരവർക്കു പറപ്പിക്കാനുള്ള വിമാനത്തിന്റെ രേഖകൾ പരിശോധിക്കും. തുടർന്നു ഫ്ലൈറ്റ് ഡെക്കിൽ അണിനിരത്തിയിരിക്കുന്ന വിമാനങ്ങൾ കയറി ‘ഫ്ലൈകോ’ എന്നു വിളിക്കുന്ന ഫ്ലൈയിങ് നിയന്ത്രണ കേന്ദ്രത്തിന്റെ നിർദേശങ്ങൾ അനുസരിച്ചു ദൗത്യങ്ങൾക്കായി പറന്നുയരും. കപ്പലിൽ നിന്ന് അകലേക്കു പറന്നശേഷം ഇടയ്ക്കു ലഭിക്കുന്ന റേഡിയോ സന്ദേശങ്ങൾ നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവില്ല.

INS Viraat

തിരികെ കപ്പലിലേക്കു പറക്കുമ്പോഴുള്ള വികാരവും അനുഭവിച്ചറിയേണ്ടതാണ്. ഉയരങ്ങളിൽ തന്റെ റഡാറിൽ വെറും ഒരു ബിന്ദുവായി കാണുന്ന കപ്പലിലേക്ക് അടുക്കുമ്പോൾ ഭീമാകാരനും അതേസമയം ആകർഷകവുമായി മാറുന്ന കാഴ്ച. വിരാടിൽ പ്രവർത്തിച്ച മൂന്നു വർഷങ്ങൾ ഇന്ത്യൻ മഹാസുമദ്രത്തിനപ്പുറം പലയിടങ്ങളിലും ഞങ്ങളെത്തി. എവിടെ പോയാലും വിരാട് അനേകരെ ആകർഷിച്ചു. യുദ്ധക്കപ്പലുകളുടെ നിരയിൽ ഇനി വിരാടില്ലെങ്കിലും അതിന്റെ അകത്തളങ്ങളിൽ ചോരയും നീരും വിയർപ്പാക്കിയ അനേകം നാവികർക്ക് ഒരിക്കലും മറക്കാനാവില്ല ആ അമ്മയെ.