നാലു ലക്ഷത്തിന് മഹീന്ദ്ര എസ് യു വി

Mahindra KUV 100

ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ രണ്ടു വാഹനനിർമാതാക്കളിലാണ്. ടാറ്റ, മഹീന്ദ്ര. ഇന്ത്യയിൽ ജനിച്ച് ഇവിടെത്തന്നെ വളർന്ന പൂർണ സ്വദേശികൾ. മെയ്ക്ക് ഇൻ ഇന്ത്യ സന്ദേശം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കാൻ കെൽപുള്ളവർ. ദേശസ്നേഹം ഇല്ലാത്തവരാണ് ഇന്ത്യക്കാർ എന്നാരും പറയില്ല. എന്നാൽ പലപ്പോഴും നമ്മുടെ ദേശസ്നേഹം രാഷ്ട്രീയത്തിൽ ഒതുങ്ങും. ഏറിയാൽ ജവാനിലേക്കും കിസ്സാനിലേക്കും വരെ നീണ്ടേക്കും. ഇന്ത്യ നിർമിത ഉത്പന്നങ്ങളോടും ദേശസ്നേഹത്തിനു സമാനമായ പ്രതിപത്തി പലപ്പോഴും കാണാറില്ല. ഉദാഹരണം വാഹനങ്ങൾ. ടാറ്റയോ ബജാജോ മഹീന്ദ്രയോ ഒരു ചിന്തയായി ഉണരുംമുമ്പേ ബഹുരാഷ്ട്ര ബ്രാൻഡുകൾ മുറ്റത്തെത്തും. അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന അവഗണന.

സ്വദേശ ബ്രാൻഡുകൾ കുറച്ചിലാണെന്നു കരുതുന്ന സാമാന്യപ്രവണതയ്ക്കും ഇന്ത്യയിൽ പ്രചാരം കൂടുതലത്രെ. ഇക്കാര്യത്തിൽ വിദേശികളെ കണ്ടു പഠിക്കണം. ജർമനിയിൽ പോയി നോക്കുക. ഫോക്സ് വാഗനും ബീമറും മെർക്കും നിറഞ്ഞോടുന്ന ഒട്ടൊബാനുകളിൽ ഒറ്റപ്പെട്ടു നീങ്ങുന്ന ഫിയറ്റ് പുന്തൊയെയോ 500 നെയോ കാണാനായാൽ സ്റ്റീയറിങ് വീലിനു പിന്നിൽ ഇറ്റാലിയനെന്ന് ഉറപ്പിക്കാം. ടൊയോട്ടയും നിസ്സാനുമൊക്കെ ആധിപത്യം പുലർത്തുന്ന അമേരിക്കൻ നിരത്തുകളിൽ ഫോഡും ഷെവിയും ജിഎമ്മുമൊക്കെ ദേശസ്നേഹികളായ അമേരിക്കക്കാരാണ് ഡ്രൈവ് ചെയ്യുക. അവിടെ ടൊയോട്ടയോ ഹോണ്ടയോ കണ്ടാൽ തീരുമാനിക്കുക: ഉടമ ഇന്ത്യക്കാരനായിരിക്കും, ഉറപ്പ്.

Mahindra KUV 100

ഇതേ രീതിയാണ് ഇന്ത്യയിലും. ടെയോട്ടയും ഹോണ്ടയും സുസുക്കിയും കഴിഞ്ഞിട്ടേ ഇന്ത്യൻ ബ്രാൻഡിലേക്കു തിരിഞ്ഞു നോക്കൂ. ഈയൊരു അയിത്തത്തിനു വിരാമമിടാനാണ് ടാറ്റയുടെയും മഹീന്ദ്രയുടെയും പുതുനിര വാഹനങ്ങൾ. എക്സ് യു വി 500, ടി യു വി 300 എന്നീ വാഹനങ്ങളുടെ പാത പിന്തുടർന്ന് എത്തുന്നു കെ യു വി 100. ഇന്ത്യയിലെ ഏറ്റവും ചെറിയ സ്പോർട്സ് യൂട്ടിലിറ്റി വാഹനം. ആറു പേർക്ക് യാത്ര. ചെറിയൊരു ഹാച്ച്ബാക്കിനൊപ്പം വലുപ്പം മാത്രം. നാലു ലക്ഷത്തിൽത്താഴെ വില. ടാറ്റ സീക്കയടക്കം ഇന്ത്യയിലെത്തുന്ന പുതുനിര വാഹനങ്ങൾക്കൊരു പിൻമുറക്കാരൻ. കൊതിപ്പിക്കുന്ന രൂപവും ഒട്ടേറെ പുതുമകളുമുള്ള കെ യു വി 100 ൻറെ ചിത്രം മഹീന്ദ്ര ഈയിടെ പുറത്തിറക്കി. ഏറ്റവും വലുപ്പം കുറഞ്ഞതും വില കുറഞ്ഞതുമായ മഹീന്ദ്ര. കാഴ്ചയിൽ കിടിലൻ. ഹാച്ച് ബാക്ക് ക്രോസ് ഓവറുകൾക്ക് നേരിട്ടു ഭീഷണിയാകുന്ന വാഹനം. ഒപ്പം പ്രീമിയം ഹാച്ചുകൾക്കും.

മഹീന്ദ്രയുടെ പുതിയ പ്ലാറ്റ്ഫോമിലാണ് നിർമാണം. കാറുകൾക്കു സമാനമായ പ്രഥമ മഹീന്ദ്ര പ്ലാറ്റ്ഫോം. കാറുകളിലേക്കുള്ള മഹീന്ദ്രയുടെ പ്രവേശം കൂടിയാണ് ഈ പ്ലാറ്റ്ഫോം എന്നു വിശ്വസിക്കാം. ഇതേ പ്ലാറ്റ്ഫോമിൽ കൂടുതൽ കാറിനോടു സമാനമായ വാഹനങ്ങൾ വരുന്നുണ്ട്. ഭാവിയിൽ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ കൊണ്ടുവരാനുള്ള സൗകര്യവും ഈ പ്ലാറ്റ്ഫോം നൽകുന്നു.കാഴ്ചയിൽ ലാൻഡ് റോവർ ഇവോക് ചെറുതായതു പോലെയുണ്ട് കെ യു വി. പ്രത്യേക ഗ്രില്ലും വലിയ ബമ്പറും കരുത്തു ദ്യോതിപ്പിക്കുന്ന വശങ്ങളും ഈ വാഹനത്തെ കാറുകളിൽ നിന്നു വ്യത്യസ്തനാക്കുന്നു. 14 ഇഞ്ച് അലോയ് വീലുകൾ.ഉള്ളിൽ സ്ഥലം പരമാവധി ലഭിക്കുന്ന രൂപകൽപനയാണ് കെ യു വിയെ ആറു സീറ്ററാക്കുന്നത്. മുന്നിലും പിറകിലും മൂന്നു പേർക്ക് ഇരിക്കാം. ഡാറ്റ്സൻ ഗോയിലുള്ളതുപോലെ ഗിയർ ലിവർ ഡാഷ് ബോഡിലാണ്. അങ്ങനെയാണു മുന്നിൽ മൂന്നു പേർക്കു സ്ഥലം കണ്ടെത്തുന്നത്.

Mahindra KUV 100

ബെഞ്ച് സീറ്റുകൾ രണ്ടും സുഖകരമായ ഇരിപ്പിനായി രൂപകൽപന ചെയ്തതാണ്. മഹീന്ദ്രയിൽ നിന്നുള്ള ആധുനിക പെട്രോൾ എൻജിനും കെ യു വിയിലൂടെ ഇറങ്ങും. ഫാൾക്കൻ സീരീസ് എന്നു നാമകരണം ചെയ്ത ഈ സീരീസിൽ ഇപ്പോൾ 1.2 ലീറ്റർ ഡയറക്ട് ഇൻജക്ഷൻ മോഡലാണ്. 1.6 വരെയുള്ള എൻജിനുകൾ വരാനിരിക്കുന്നു. മൂന്നു സിലണ്ടർ 1.2 യൂണിറ്റിന് ശക്തി 82 ബി എച്ച് പി. ഇതേ ശേഷിയുള്ള ഡീസൽ എൻജിന് 77 ബി എച്ച് പി. ഓസ്ട്രിയയിലെ എ വി എലുമായി സഹകരിച്ചാണ് ഈ എൻജിനുകൾ നിർമിക്കുന്നത്. രണ്ടിനും മാനുവൽ അഞ്ചു സ്പീഡ് ഗീയർബോക്സ്. എ എം ടി മോഡലുകളും ഉണ്ടാവും. ഇറ്റലിയിലെ മാഗ്നറ്റി മരേലി ഈ സാങ്കേതികത നൽകുന്നു. അടുത്ത കൊല്ലം കെ യു വി 100 വിപണിയിലെത്തും.