മഴ... അക്സസറി മഴ

മഴക്കാലം മനുഷ്യർക്കു പനിക്കാലമാണെങ്കിൽ വാഹനങ്ങൾക്കു പണിക്കാലമാണ്. കൃത്യമായ മുന്നൊരുക്കവും സുരക്ഷയുമില്ലാതെ വാഹനങ്ങൾ മഴയത്തിറക്കിയാൽ പണി പിന്നാലെയെത്തും. കാലവർഷത്തെ നേരിടാൻ സഹായിക്കുന്ന ചില ആക്സസറികൾ ഇതാ...

വൈപ്പർ ബ്ലെയ്ഡ്
∙ മഴ വന്നു കാഴ്ച മറയ്ക്കുമ്പോഴാണ് പലരും വൈപ്പർ ബ്ലെയ്ഡ് മാറ്റുന്ന കാര്യം ഓർമിക്കുന്നത്. മഴ മാറുമ്പോൾ ആ ഓർമയും മായും. അതുകൊണ്ട് കാറിന്റെ വൈപ്പർ ബ്ലെയിഡുകൾ കണ്ടീഷനാക്കുകയാണ് ആദ്യം വേണ്ടത്. സാധാരണ വൈപ്പർ ബ്ലെയ്ഡുകളേക്കാർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സിലിക്കൺ വൈപ്പർ ബ്ലെയ്ഡുകൾക്കാണ് ഇപ്പോൾ വിപണിയിൽ പ്രിയം. വെള്ളം പൂർണമായി തുടച്ചുമാറ്റി സുവ്യക്തമായ കാഴ്ച ഇവ ഉറപ്പുവരുത്തുന്നു. അമേരിക്കൻ കമ്പനിയായ വേൾഡ് വൈഡിന്റെ വൈപ്പർ ബ്ലെയ്ഡുകൾ ജോഡിക്ക് 900 രൂപ മുതലാണു വില. എല്ലാ വാഹനങ്ങൾക്കും യോജിക്കുന്ന അളവിലുള്ള സിലിക്കൺ വൈപ്പർ ബ്ലെയ്ഡുകൾ വിപണിയിൽ ലഭ്യമാണ്.

ഫോർ–ഡി ഫ്ലോർ മാറ്റ്
∙ വാഹനത്തിന്റെ പ്ലാറ്റ്ഫോമിൽ ഫ്ലോർ മാറ്റുകൾ എല്ലാവരും ഉപയോഗിക്കാറുണ്ടെങ്കിലും പൊടിയും വെള്ളവും മാറ്റിൽനിന്ന് പ്ലാറ്റ്ഫോമിലേക്കു വീഴുന്നതു പതിവു പ്രശ്നമാണ്. ഇതിനു പരിഹാരവുമായാണ് ഫോർ–ഡി മാറ്റുകളുടെ വരവ്. അരികു വളഞ്ഞ രൂപമാണ് ഇതിന്റെ പ്രത്യേകത. വെള്ളവും പൊടിയും വാഹനത്തിന്റെ പ്ലാറ്റ്ഫോമിൽ വീഴാതെ ഇതിനുള്ളിൽ കിടക്കും. അടിഭാഗത്ത് കൂടുതൽ ഗ്രിപ്പ് ഉള്ളതിനാൽ ഫ്ലോറിൽനിന്നു മാറ്റ് തെന്നിപ്പോവുകയുമില്ല. മാറ്റ് തെന്നി ബ്രെയ്ക് പെഡലിൽ ഉടക്കി അപകടമുണ്ടാകാതിരിക്കാനും ഇതു സഹായിക്കും. വാഷബിൾ മെറ്റീരിയലായതിനാൽ ചെളി പിടിച്ചാൽ കഴുകി വൃത്തിയാക്കുകയുമാകാം. അഞ്ചു പീസ് ഉൾപ്പെടുന്ന സെറ്റിന് 2800 രൂപ മുതലാണു വില.

മഡ് ഫ്ലാപ്
∙ ടയറിൽനിന്നുള്ള ചെളി വാഹനത്തിന്റെ ബോഡിയിൽ തെറിക്കാതിരിക്കാൻ സഹായിക്കുന്നവയാണ് മഡ്ഫ്ലാപ്പുകൾ. എല്ലാ വാഹനങ്ങൾക്കും ഇൻബിൽറ്റായി മഡ്ഫ്ലാപ്പുകൾ ലഭ്യമാണെങ്കിലും മഴക്കാലത്തെ ചെളിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന വ‌ീതിയേറിയ മഡ്ഫ്ലാപ്പുകൾ തേടി ആളുകൾ ആക്സസറി ഷോപ്പുകളിൽ എത്തുന്നുണ്ട്. വാഹനത്തിന്റെ ബോഡി ലെവലിൽനിന്ന് അൽപം തള്ളി ഫിക്സ് ചെയ്യുന്നതിലൂടെ ബോഡിയിൽ ചെളി തെറിക്കുന്നതു തടയാം. ചുവപ്പ്, നീല, മഞ്ഞ തുടങ്ങി വിവിധ നിറങ്ങളിലുള്ള മഡ്ഫ്ലാപ്പുകൾ വാഹനത്തിന് സ്പോട്ടി ലുക്ക് നൽകുകയും ചെയ്യുന്നു.

റെയിൻ ഗാർഡ്
∙ വാഹനങ്ങളിൽ ചൂടുകാലത്തേക്കാൾ എസിക്കു പ്രിയമേറുന്നത് മഴക്കാലത്താണ്. മഴയിൽ സൈഡ് ഗ്ലാസുകൾ ഉയർത്തിവച്ചാൽ പിന്നെ എസിയില്ലാതെ യാത്ര സാധിക്കില്ല. എന്നാൽ, ഡോറിനു മുകളിൽ റെയിൻ ഗാർ‍ഡുകളുണ്ടെങ്കിൽ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും. വെള്ളം കയാറത്ത വിധത്തിൽ ഗ്ലാസ് അൽപം താഴ്ത്തിയിട്ട് വാഹനത്തിനുള്ളിൽ എയർ സർക്കുലേഷൻ ഉറപ്പാക്കാൻ ഇതുവഴി സാധിക്കുന്നു. വീതി കൂടിയ റെയിൻ ഗാർഡുകൾ തിരഞ്ഞെടുത്താൽ ഗ്ലാസ് കൂടുതൽ താഴ്ത്തിയിടാൻ സാധിക്കും. മഴയിൽ ഇളകിപ്പോകാതിരിക്കാൻ ഗുണമേൻമയുള്ള കമ്പനിയുടെ ഉൽപന്നം തിരഞ്ഞെടുക്കുന്നതാണു ബുദ്ധി.

ബോഡി പ്രൊട്ടക്ഷൻ ഫിലിം

∙ മഴയിൽ തെറിച്ചുവീഴുന്ന ചെളി തുടച്ചുനീക്കുമ്പോൾ ബോഡിയിൽ ചെറിയ പോറലുകൾ വീഴുന്നതു പതിവാണ്. ബോഡി പ്രോട്ടക്ഷൻ ഫിലിമു‌കളാണ് ഇതിനുള്ള പ്രതിവിധി. ചതുരശ്ര അടിക്ക് 500 രൂപ നിരക്കിൽ വാഹനം മുഴുവൻ ഫിലിം ഒട്ടിക്കാം. അല്ലെങ്കിൽ പോറലേൽക്കാൻ കൂടുതൽ സാധ്യതയുള്ള ബംപർ, ബോണറ്റ്, ലോവർ ബോഡി, ഡോർ ഹാൻഡിൽ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമായും ഫിലിം ഒട്ടിച്ചെടുക്കാം.

വാക്സിങ്

∙ വെള്ളം പിടിച്ചിരുന്ന് തുരുമ്പുപിടിക്കാതിരിക്കാൻ വാഹനത്തിന്റെ ബോഡി വാക്സ് ചെയ്യുന്നതു സഹായിക്കും. വലിയ തുക കൊടുത്ത് വാക്സിങ് നടത്താനാവാത്തവർക്കു സ്വയം ചെയ്യാവുന്ന വാക്സിങ് കിറ്റുകളും വിപണിയിൽ ലഭ്യമാണ്.
വാക്സും അതു തേച്ചുപിടിപ്പിക്കാനുള്ള സ്പോഞ്ചുമാണ് കിറ്റിൽ ലഭിക്കുക. വാഷ് ചെയ്ത ശേഷം നന്നായി ഉണങ്ങിയ ബോഡി യിലാണ് വാക്സിങ് നടത്തേണ്ടത്. 400 രൂപ മുതൽ വാക്സിങ് കിറ്റുകൾ ലഭിക്കും.