‘ഫിഗൊ’യ്ക്കും ‘ആസ്പയറി’നും സ്പോർട്സ് എഡീഷൻ

Ford Figo Sports

ഹാച്ച്ബാക്കായ ‘ഫിഗൊ’യുടെയും കോംപാക്ട് സെഡാനായ ‘ആസ്പയറി’ന്റെയും ‘സ്പോർട്സ് എഡീഷനു’കൾ യു എസ് നിർമാതാക്കളായ ഫോഡ് ഇന്ത്യ പുറത്തിറക്കി. 1.5 ലീറ്റർ ഡീസൽ എൻജിനുള്ള ‘ഫിഗൊ സ്പോർട്സ് എഡീഷ’ന് 7,21,600 രൂപയാണു ഡൽഹി ഷോറൂമിൽ വില. 1.2 ലീറ്റർ പെട്രോൾ എൻജിനുള്ള ‘ഫിഗൊ സ്പോർട്സ് എഡീഷ’ന്റെ വിലയാവട്ടെ 6,31,900 രൂപയാണ്. ഡീസൽ എൻജിനുള്ള ‘ഫിഗൊ ആസ്പയർ’ സ്പോർട്സ് എഡീഷന് 7,60,600 രൂപയും പെട്രോൾ എൻജിനുള്ളതിന് 6,50,900 രൂപയുമാണു വില. 

Aspire Sports

ഡ്രൈവിങ്ങിന്റെ യഥാർഥ ആഹ്ലാദം സമ്മാനിക്കുംവിധം പുതുമകളോടെയും ചലനാത്മകമായും സ്പോർട്ടിയായുമാണ് ‘സ്പോർട്സ് എഡീഷൻ’ ‘ഫിഗൊ’യുടെയും ‘ആസ്പയറി’ന്റെയും രൂപകൽപ്പനയെന്ന് ഫോഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ്, സെയിൽസ് ആൻഡ് സർവീസ്) അനുരാഗ് മെഹ്രോത്ര അറിയിച്ചു. എയർബാഗുകളുടെ എണ്ണത്തിൽ മുതൽ കുറഞ്ഞ പരിപാലന ചെലവിൽ വരെ ഈ വിഭാഗത്തിൽ പുതിയ നിലവാരം നിർണയിക്കാൻ അവതരണവേള മുതൽ തന്നെ ‘ഫിഗൊ’യ്ക്കും ‘ആസ്പയറി’നും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 

‘ടൈറ്റാനിയം’ വകഭേദം അടിത്തറയാക്കിയാണു ഫോഡ് ‘ഫിഗൊ’യ്ക്കും ‘ആസ്പയറി’നും സ്പോർട്സ് എഡീഷൻ യാഥാർഥ്യമാക്കുന്നത്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർബാഗും എ ബി എസും ഇ ബി ഡിയുമൊക്കെ ഫോഡ് ഈ കാറുകളിൽ ലഭ്യമാക്കുന്നുണ്ട്. ഇതോടൊപ്പം ‘മൈ ഫോഡ് ഡോക്ക്’ സംവിധാനവും ‘സ്പോർട്സ് എഡീഷനി’ലുണ്ട്: മൊബൈൽ ഫോണുകൾ സൂക്ഷിക്കാനും ചാർജ് ചെയ്യാനുമുള്ള സൗകര്യം, എം പി ത്രീ പ്ലയർ, ഉപഗ്രഹ നാവിഗേഷൻ സംവിധാനം തുടങ്ങിയവയൊക്കെ കാറിന്റെ എന്റർടെയ്ൻമെന്റ് സിസ്റ്റവുമായി സംയോജിപ്പിക്കുകയാണു ‘മൈ ഫോഡ് ഡോക്കി’ന്റെ ദൗത്യം. മെച്ചപ്പെട്ട ഏറോഡൈനാമിക്സിനായി പിന്നിൽ സ്പോയ്ലറും ഘടിപ്പിച്ചിട്ടുണ്ട്. 

സ്പോർട്ടി ഗ്രിൽ, ഹെഡ്ലാംപ് ബെസലിൽ ബ്ലാക്ക് ഇൻസർട്ട്, പാർശ്വങ്ങളിലും പിന്നിലും പുത്തൻ ഗ്രാഫിക്സ് തുടങ്ങിയവയും ‘സ്പോർട്സ് എഡീഷനി’ലുണ്ട്. തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന പുത്തൻ കറുപ്പ് ഗ്രിൽ, കോൺട്രാസ്റ്റിങ് ബ്ലാക്ക് റൂഫോടെ ഡ്യുവൽ ടോൺ എക്സ്റ്റീരിയർ, ബ്ലാക്ക് അലോയ് തുടങ്ങിയവയും കാറിലുണ്ട്. ഡോർ ഹാൻഡിൽ മുതൽ സെന്റർ കൺസോൾ വരെ കാറിന്റെ അകത്തളത്തിനും കറുപ്പ് നിറമാണ്.  കാറിലെ 1.2 ലീറ്റർ ടി ഐ വി സി ടി പെട്രോൾ എൻജിന് പരമാവധി 88 പി എസ് വരെ കരുത്ത് സൃഷ്ടിക്കാനാവും; ലീറ്ററിന് 18.12 കിലോമീറ്ററാണു കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 100 പി എസ് വരെ കരുത്ത് സൃഷ്ടിക്കും; 24.29 കിലോമീറ്ററാണു ഫോഡ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഇരു എൻജിനുകൾക്കുമൊപ്പമുള്ള ട്രാൻസ്മിഷൻ.