പുതിയ ഓക്ടേവിയ വിപണിയിൽ, വില 15.49 ലക്ഷം മുതൽ

Skoda Octavia

ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ ‘ഒക്ടേവിയ’യുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ. 15.49 ലക്ഷം മുതൽ 22.89 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില. രണ്ട് പെട്രോൾ വകഭേദവും ഒരു ഡീസൽ വകഭേദവുമായിട്ടാണ് പുതിയ ഒക്ടേവിയ വിപണിയിൽ എത്തിയിരിക്കുന്നത്.  2013ൽ വിപണിയിലെത്തിയ മൂന്നാം തലമുറ ‘ഒക്ടേവിയ’യിൽ ചില്ലറ പരിഷ്കാരങ്ങൾ വരുത്തിയാണു സ്കോഡ പുതിയ കാർ അവതരിപ്പിക്കുന്നത്. പുതിയ ‘ഒക്ടേവിയ’യ്ക്കുള്ള ബുക്കിങ്ങുകൾ നേരത്തെ ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങി. ജനപ്രീതിയാർജിച്ച ‘എം ക്യു ബി’ പ്ലാറ്റ്ഫോം അടിത്തറയാക്കിയാണു സ്കോഡ ‘2017 ഒക്ടേവിയ’ സാക്ഷാത്കരിച്ചിരിക്കുന്നത്. 

‘ക്വാഡ്ര എൽ ഇ ഡി’ ഹെഡ്്ലൈറ്റെന്നു സ്കോഡ വിളിക്കുന്ന വിഭജിച്ച ഹെഡ്‌ലാംപ് ക്ലസ്റ്ററാണ് പുതിയ ‘ഒക്ടേവിയ’യിലെ പ്രധാന സവിശേഷത; ലോ, ഹൈ ബീമുകൾ വിഭജിക്കുന്നതടക്കം നാലു കംപാർട്മെന്റായാണ് ഈ ഹെഡ്‌ലാംപിന്റെ രൂപകൽപ്പന. കൂടാതെ ബംപറിലുള്ള എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപും ഫോഗ് ലാംപും പുതുമയാണ്. പിന്നിലെ ടെയിൽ ലാംപ് എൽ ഇ ഡി യൂണിറ്റാക്കിയതിനു പുറമെ പിൻ ബംപറും പരിഷ്കരിച്ചിട്ടുണ്ട്. 

അതേസമയം അകത്തളത്തിലെ രൂപകൽപ്പനയിൽ കാര്യമായ മാറ്റമൊന്നും സ്കോഡ വരുത്തിയിട്ടില്ല. ബ്ലാക്ക് — ബീജ് ഇരട്ട വർണ ലേഔട്ടിനൊപ്പം പുതിയ മൂന്നു സ്പോക്ക്, മൾട്ടി ഫംക്ഷനൽ സ്റ്റീയറിങ് വീലും കാറിലുണ്ട്; പഴയ ‘ഒക്ടേവിയ’യിൽ നാലു സ്പോക്ക് സ്റ്റീയറിങ് വീലായിരുന്നു. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, മിറർ ലിങ്ക് എന്നിവയ്ക്കൊപ്പം പിൻസീറ്റിൽ നിന്നു നിയന്ത്രണം സാധ്യമാക്കുന്ന ‘ബോസ് കണക്ട്’ ആപ്ലിക്കേഷൻ സഹിതമുള്ള ഒൻപത് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് ടച് സ്ക്രീനും കാറിലുണ്ട്. 

സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘2017 സ്കോഡ ഒക്ടേവിയ’യുടെ വരവ്; 1.8 ടി എസ് ഐ, 1.4 ടി എസ് ഐ പെട്രോൾ, 2.0 ടി ഡി ഐഡീസൽ എൻജിനുകളാണു കാറിനു കരുത്തേകുക. ശേഷിയേറിയ പെട്രോൾ എൻജിൻ പരമാവധി 178 ബി എച്ച് പി കരുത്തും ശേഷി കുറഞ്ഞ എൻജിൻ 147 ബി എച്ച് പി കരുത്തുമാണ് സൃഷ്ടിക്കുക; ഡീസൽ എൻജിനാവട്ടെ 147 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും. 1.8 ടി എസ് ഐ എൻജിനൊപ്പം ഏഴു സ്പീഡ് ഡി എസ് ജിയും 1.4 ടി എസ് ഐക്കൊപ്പം ആറു സ്പീഡ് മാനുവൽ ഗീയർബോക്സുമാണു ട്രാൻസ്മിഷൻ. ഡീസലിനു കൂട്ടാവുന്നത് ആറു സ്പീഡ് ഡി എസ് ജി ഗീയർബോക്സാണ്. ഇന്ത്യയിൽ ഹ്യുണ്ടേയ് ‘എലാൻട്ര’, ടൊയോട്ട ‘കൊറോള ഓൾട്ടിസ്’, ഫോക്സ്വാഗൻ ‘ജെറ്റ’ തുടങ്ങിയവയോടാണ് ‘ഒക്ടേവിയ’ മത്സരിക്കുക.

Read More: Auto News | Auto Tips | Fasttrack