ഉത്സവത്തിനു ‘റെഡി ഗൊ ഗോൾഡു’മായി ഡാറ്റ്സൻ

Datsun Redi-GO Gold

ഉത്സവകാലം പ്രമാണിച്ച് ‘റെഡി ഗൊ’യുടെ ഗോൾഡ് പതിപ്പ് ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യ പുറത്തിറക്കി. പ്രത്യേക പതിപ്പായ ‘റെഡി ഗൊ ഗോൾഡ് 1.0 ലീറ്ററി’ന് 3,69,737രൂപയാണു ഷോറൂം വില. രാജ്യത്തെ നിസ്സാൻ, ഡാറ്റ്സൻ ഡീലർഷിപ്പുകളിലെല്ലാം ‘റെഡി ഗൊ’യുടെ പ്രത്യേക പതിപ്പ് ലഭ്യമാണ്.  

കൂടുതൽ കരുത്തും രൂപഭംഗിയും സൗകര്യവുമൊക്കെയുള്ള ‘റെഡി ഗൊ ഗോൾഡ്’ എത്തുന്നതോടെ ഈ ഉത്സവകാലം കൂടുതൽ ആസ്വാദ്യമാവുമെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാർക്കറ്റിങ് ആൻഡ് ഡാറ്റ്സൻ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ് ജെറോം സൈഗോട്ട് അഭിപ്രായപ്പെട്ടു. തകർപ്പൻ ഡ്രൈവിങ് പ്രകടനവും പുതുമയാർന്ന അകത്തളവുമൊക്കെയുള്ള ഈ കാർ ന്യായവിലയ്ക്കാണു ലഭ്യമാവുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കാറിന്റെ ബാഹ്യഭാഗത്തെ സ്വർണവർണമാർന്ന ഗ്രാഫിക്സാണ് ‘റെഡി ഗൊ ഗോൾഡി’ന്റെ പ്രധാന സവിശേഷത; അകത്തളത്തിൽ സ്വർണ വർണമുള്ള സീറ്റുകളും ഡാറ്റ്സൻ ലഭ്യമാക്കുന്നുണ്ട്. ഗ്രേ, സിൽവർ, വെള്ള നിറങ്ങളിലാണു പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കുള്ളത്.  ഈ വിഭാഗത്തിൽ ഇതാദ്യമായി മൊബൈൽ ഫോണുകൾക്കുള്ള ആംബിയന്റ്  ലൈറ്റിങ് ആപ്ലിക്കേഷനുമായാണ് ‘റെഡി ഗൊ ഗോൾഡി’ന്റെ വരവ്; സ്വന്തം അഭിരുചിക്കൊത്തുള്ള മൂഡ് ലൈറ്റിങ് തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഈ ആപ്ലിക്കേഷൻ ലഭ്യമാക്കുന്നത്.

‘റെഡി ഗൊ’യുടെ ‘ടി (ഒ)’ അടിസ്ഥാനമാക്കിയാണു ഡാറ്റ്സൻ ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം, റിവേഴ്സ് പാർക്കിങ് സെൻസർ തുടങ്ങിയവയെല്ലാമുള്ള ഈ പരിമിതകാല മോഡൽ സാക്ഷാത്കരിച്ചിരിക്കുന്നത്. ഇന്റലിജന്റ് ഓട്ടമേറ്റഡ് ടെക്നോളജി(ഐ സാറ്റ്)യുടെ പിൻബലമുള്ള ഒരു ലീറ്റർ, മൂന്നു സിലിണ്ടർ എൻജിനാണ് കാറിനു കരുത്തേകുന്നത്; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. കാറിനൊപ്പം സമഗ്ര സർവീസ് പാക്കേജായ ‘ഡാറ്റ്സൻ കെയർ’ പദ്ധതിയും ലഭ്യമാണ്.